ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ വനിതകൾക്ക് ചരിത്രനേട്ടം

ഫൈനലിൽ ചൈനയെ 2-1ന് തോൽപ്പിച്ചാണ് വനിതകൾ വിജയം സ്വന്തമാക്കിയത്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ വനിതകൾക്ക് ചരിത്രനേട്ടം

സിംഗപ്പൂർ: പുരുഷൻമാർക്ക് പിറകെ ഇന്ത്യൻ വനിതാ ടീമിനും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം. ഇന്നലെ നടന്ന  ആവേശകരമായ മത്സരം അവസാനിക്കാൻ 20 സെക്കന്റ് മാത്രം ബാക്കി ശേഷിക്കെ ദീപിക ഠാക്കൂർ നേടിയ ഗോളിലൂടെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 13-ആം മിനിറ്റിൽ ഗോൾ നേടി ഇന്ത്യയാണ് ആദ്യം ലീഡ് നേടിത്. പെനൽറ്റി കോർണർ ദീപ് ഗ്രേസ് ഗോളാക്കുകയായിരുന്നു. തുടർന്ന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സമനില ഗോളിനായി ചൈനയ്ക്ക് 44-ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒരു തകർപ്പൻ ഫീൽഡ് ഗോളിലൂടെ സോഗ് മിംഗ് ഗ്ലിങ് ആണ് ചൈനയ്ക്കായി സമനില ഗോൾ നേടിയത്.

അവസാന നിമിഷം വരെ സമനിലയിൽ തുടർന്ന മത്സരത്തിൽ കളി അവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ ദീപിക ഇന്ത്യയുടെ വിജയ ശിൽപ്പിയായി. റീബൗണ്ട് വന്ന പെനാൽറ്റി കോർണർ ഗോളിലേക്ക് തിരിച്ചിവിട്ടാണ് ദീപിക ഇന്ത്യയെ കിരീടത്തിലെത്തിച്ചത്.
വെള്ളിയാഴ്ച നടന്ന ലീഗ് മത്സരത്തിൽ ചൈനയോട് 2-3ന് തോറ്റതിന് മധുര പ്രതീകാരം ചെയ്യാനും ജയത്തോടെ ഇന്ത്യക്ക് കഴിഞ്ഞു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ചൈന ഫൈനലിൽ എത്തിയത്. ഇന്ത്യ രണ്ടാമതായിരുന്നു. 2010ൽ തുടങ്ങിയ ടൂർണമെന്റിൽ ഉദ്ഘാടന സീസണിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയിരുന്നു. 2013ൽ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ മികച്ച പ്രകടനം. നേരത്തേ 3-2ന് പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പുരുഷ ടീമും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയിരുന്നു. കിരീടം ഇന്ത്യൻ വനിതകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.