റൂട്ടിന്റെ സെഞ്ച്വറിയില്‍ വേരുറപ്പിച്ച് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍; നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ്

രാജ്കോട്ടില്‍ ബുധനാഴ്ച ആരംഭിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അതിഥികള്‍ 311 റണ്‍സെടുത്തിട്ടുണ്ട്.

റൂട്ടിന്റെ സെഞ്ച്വറിയില്‍ വേരുറപ്പിച്ച് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍; നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ്

രാജ്കോട്ട്: ലോധാ കമ്മിഷന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലാകുമെന്ന് ആശങ്കപ്പെട്ട ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം. രാജ്കോട്ടില്‍ ബുധനാഴ്ച ആരംഭിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അതിഥികള്‍ 311 റണ്‍സെടുത്തിട്ടുണ്ട്.
സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും (124) പുറത്താകാതെ 99 റണ്‍സെടുത്ത് ക്രീസിലുള്ള മോയിന്‍ അലിയുടെയും ഇന്നിങ്സാണ് ഇംഗ്ലീഷ് നിരയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിങ്ങിനിറങ്ങിയ അലിസ്റ്റര്‍ കുക്കിന്റെ തീരുമാനം പിഴയ്ക്കുംവിധമായിരുന്നു കളിയുടെ തുടക്കം. ടോട്ടല്‍ സ്‌കോര്‍ 102 ആകുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീണു. പതിനാറാം ഓവറില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ തന്നെയാണ് ആദ്യം മടങ്ങിയത്. 21 റണ്‍സെടുത്ത കുക്ക് ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഈ സമയം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 47 റണ്‍സ് എന്ന നിലയിലായിരുന്നു.

പിന്നീട് ടോട്ടല്‍ സ്‌കോര്‍ 76ല്‍ നില്‍ക്കെ മറ്റൊരു ഓപ്പണറായ ഹസീബ് ഹമീദിനെയും നഷ്ടപ്പെട്ടു. അശ്വിന്‍ എറിഞ്ഞ 27 ാം ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു 31 റണ്‍സെടുത്ത ഹമീദ് പവലിയനിലേക്ക് മടങ്ങിയത്. മൂന്നാമനായെത്തിയ റൂട്ട് ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും ഹമീദിന് ശേഷം ക്രീസിലെത്തിയ യുവതാരം ബെന്‍ ഡക്ക്ലെറ്റിന് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അശ്വിന്‍, രഹാനയുടെ കൈകളിലെത്തിച്ചാണ് ഡക്ക്ലെറ്റിന് പുറത്തേക്കു വഴിയൊരുക്കിയത്.
പിന്നീടെത്തിയ മോയിന്‍ അലിയുമായി ചേര്‍ന്ന് 179 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ട് നിരയെ കരയ്ക്കെത്തിച്ചാണ് സെഞ്ച്വറി നേടിയ ജോ റൂട്ട് മടങ്ങിയത്. 180 പന്തുകളില്‍ നിന്നും 11 ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെട്ടതാണ് റൂട്ടിന്റെ 124 റണ്‍സ്. 81 ാം ഓവറിലെ അഞ്ചാം പന്തില്‍ ഉമേഷ് യാദവ് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കിയാണ് റൂട്ടിനെ പവലിയനിലെത്തിച്ചത്. പിന്നീടെത്തിയ ബെന്‍ സ്റ്റോക്സ് 19 റണ്‍സോടെയും 99 റണ്‍സോടെ മോയിന്‍ അലിയുമാണ് ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. 192 പന്തുകളില്‍ നിന്നും ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെട്ടതാണ് അലിയുടെ ഇന്നിംഗ്സ്. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ രണ്ടും ഉമേഷ് യാദവും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിക്കും അമിത് മിശ്രക്കും വിക്കറ്റൊന്നും ലഭിച്ചില്ല.

Read More >>