റൂട്ടിന് പിന്നാലെ മോയിന്‍ അലിക്കും ബെന്‍ സ്റ്റോക്സിനും സെഞ്ച്വറി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 63 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ മുരളി വിജയും 28 റണ്‍സോടെ ഗൗതം ഗംഭീറുമാണ് ക്രീസില്‍. ഇരുവരും നാലു ബൗണ്ടറി വീതം നേടിയയിട്ടുണ്ട്.

റൂട്ടിന് പിന്നാലെ മോയിന്‍ അലിക്കും ബെന്‍ സ്റ്റോക്സിനും സെഞ്ച്വറി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

രാജ്കോട്ട്: റൂട്ടിന് പിന്നാലെ മോയിന്‍ അലിയും (117) ബെന്‍ സ്റ്റോക്സും (128) നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ദിനം കളി നിറുത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനത്തില്‍ 537 റണ്‍സെടുത്താണ് ഓള്‍ ഔട്ടായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സെടുത്തിട്ടുണ്ട്.


ഒന്നാം കളി നിറുത്തുമ്പോള്‍ 99 റണ്‍സോടെ ക്രീസിലുണ്ടായ മോയിന്‍ അലിയും സ്റ്റോക്സും രണ്ടാം ദിനത്തില്‍ സെഞ്ച്വറി തികച്ചു. 213 പന്തുകളില്‍ നിന്നും 13 ബൗണ്ടറികളോടെ 117 റണ്‍സെടുത്ത അലിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് വ്യാഴാഴ്ച ആദ്യം നഷ്ടമായത്. ടോട്ടല്‍ സ്‌കോര്‍ 343ല്‍ നില്‍ക്കെ അലിയെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെയര്‍സ്റ്റോവ്, യുവതാരം സ്റ്റോക്സിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ സ്‌കോര്‍ 442ല്‍ നില്‍ക്കെ ബെയര്‍സ്റ്റോവിനെ മുഹമ്മദ് ഷമി, വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ച് മടക്കി. 57 പന്തുകള്‍ നേരിട്ട ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഇതിനകം രണ്ടു സിക്സറും അഞ്ചു ബൗണ്ടറികളും ഉള്‍പ്പെടെ 46 റണ്‍സ് നേടിയിരുന്നു.

പിന്നീട് തുടരെ ഇംഗ്ലീഷ് വിക്കറ്റുകള്‍ വീണു. 442ല്‍ നിന്നും സ്‌കോര്‍ 537ലേക്ക് എത്തുന്നതിനിടെ ഇംഗ്ലീഷ് വാലറ്റത്തെ അഞ്ചു വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബൗളര്‍മാര്‍ ശൗര്യം കാട്ടി. സ്‌കോര്‍ 442ല്‍ നില്‍ക്കെ ബെയര്‍സ്റ്റോവും 451-ല്‍ നാലു റണ്‍സെടുത്ത വോക്സും 465-ല്‍ അഞ്ചു റണ്‍സെടുത്ത റഷീദും വീണു. വോക്സിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചും റഷീദിനെ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചും ജഡേജയാണ് പുറത്താക്കിയത്.

സെഞ്ച്വറി നേടിയ സ്റ്റോക്സിനെ സ്‌കോര്‍ 517-ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് ആണ് മടക്കിയത്. 235 പന്തുകളില്‍ നിന്നും 13 ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെട്ടതാണ് സ്റ്റോക്സിന്റെ ഇന്നിംഗ്സ് (128). ഒമ്പതാമനായെത്തി സ്റ്റോക്സിന് മികച്ച പിന്തുണ നല്‍കിയ അന്‍സാരിയെ(32) അമിത് മിശ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലീഷ് ഇന്നിംഗ്സിന് വിരാമമായി. ഈ സമയം ആറു റണ്‍സെടുത്ത ബ്രോഡ് പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമിയും അശ്വിനും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതവും മിശ്ര ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 63 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ മുരളി വിജയും 28 റണ്‍സോടെ ഗൗതം ഗംഭീറുമാണ് ക്രീസില്‍. ഇരുവരും നാലു ബൗണ്ടറി വീതം നേടിയയിട്ടുണ്ട്.