ഇംഗ്ലണ്ടിന് അതേ നാണയത്തിൽ തിരിച്ചടി, പൂജാരയ്ക്കും മുരളിക്കും സെഞ്ച്വറി, ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 319 റൺസ്

മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ടിന്റെ 537 റൺസിനെതിരെ ടീം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. ഓപ്പണർ മുരളി വിജയ് യുടെയും (126) ചേതേശ്വർ പൂജാരയുടെയും (124) സെഞ്ച്വറിയുടെ മികവിലാണ് ആതിഥേയരുടെ തിരിച്ചടി.

ഇംഗ്ലണ്ടിന് അതേ നാണയത്തിൽ തിരിച്ചടി, പൂജാരയ്ക്കും മുരളിക്കും സെഞ്ച്വറി, ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 319 റൺസ്

രാജ്‌കോട്ട്: ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ സ്‌കോറിനെതിരെ ടീം ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ടിന്റെ 537 റൺസിനെതിരെ ടീം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. ഓപ്പണർ മുരളി വിജയ് യുടെയും (126) ചേതേശ്വർ പൂജാരയുടെയും (124) സെഞ്ച്വറിയുടെ മികവിലാണ് ആതിഥേയരുടെ തിരിച്ചടി.

രണ്ടാം ദിനം കളി നിറുത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 60 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യൻ ഇന്നിംഗ്‌സ്. മൂന്നാം ദിനം കളി ആരംഭിച്ചപ്പോൾ ഓപ്പണർമാരായ ഗംഭീറും മുരളി വിജയും ആയിരുന്നു ക്രീസിൽ. വെറ്ററൻ ഓപ്പണർ ഗംഭീറിനെ കളിയുടെ തുടക്കത്തിൽ തന്നെ നഷ്ടമായി. ടോട്ടൽ സ്‌കോർ 68-ൽ നിൽക്കെ 29 റൺസെടുത്ത ഗംഭീറിനെ സ്റ്റുവർട്ട് ബ്രോഡ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാം ദിനം ഒരു റൺസ് മാത്രം കൂട്ടിച്ചേർക്കാനേ ഗംഭീറിന് കഴിഞ്ഞുള്ളൂ.


പിന്നീടെത്തിയ ചേതേശ്വർ പൂജാരയും ഓപ്പണർ മുരളി വിജയും ചേർന്നാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന് അടിത്തറയിട്ടത്. 206 പന്തുകൾ നേരിട്ട ചേതേശ്വർ പൂജാര 17 ബൗണ്ടറികളോടെയാണ് 124 റൺസെടുത്തത്. 288 പന്തുകൾ നേരിട്ട് ഒമ്പത് ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെട്ടതാണ് മുരളിയുടെ 126 റൺസ്. വൈകീട്ടത്തെ ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിഞ്ഞശേഷം വീണ്ടും കളി പുനരാരംഭിച്ചപ്പോഴാണ് ചേതോഹരമായ പൂജാരയുടെ ഇന്നിങ്‌സിന് തിരശീല വീണത്. സ്റ്റോക്‌സിന്റെ പന്തിൽ സ്ലിപ്പിൽ നിന്ന കുക്കിന് ക്യാച്ച് നൽകിയാണ് പൂജാര മടങ്ങിയത്. ഈ സമയം ടോട്ടൽ സ്‌കോർ 277.

രണ്ടാം വിക്കറ്റിൽ പൂജാരയും മുരളിയും ചേർന്ന് 209 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പൂജാരയ്ക്ക് ശേഷം ക്യാപ്റ്റൻ കോഹ്ലിയാണ് ക്രീസിലെത്തിയത്. പൂജാര മടങ്ങിയ ശേഷം ടോട്ടൽ സ്‌കോർ 318-ൽ നിൽക്കെ ഓപ്പണർ മുരളി വിജയിനെയും നഷ്ടമായി. റാഷിദ് എറിഞ്ഞ 107-ആം ഓവറിലെ അവസാന പന്തിൽ ഹമീദിന് ക്യാച്ച് നൽകിയാണ് മുരളി ഡ്രസിങ് റൂമിലേക്ക് നടന്നത്.

പിന്നീട് നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അമിത് മിശ്രയ്ക്കും പിടിച്ചു നിൽക്കാനായില്ല. രണ്ടു പന്തുകൾ നേരിട്ട് റൺസൊന്നും എടുക്കാതെ അൻസാരിയുടെ പന്തിൽ ഹമീദിന് തന്നെ ക്യാച്ച് നൽകി മിശ്ര പുറത്തായതോടെ മൂന്നാം ദിനത്തിൽ സ്റ്റമ്പെടുക്കാൻ അമ്പയർമാർ തീരുമാനിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി 26 റൺസോടെ ക്രീസിലുണ്ട്. ഇംഗ്ലീഷ് ബൗളിങ് നിരയിൽ ബ്രോഡും അൻസാരിയും റാഷിദും സ്‌റ്റോക്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.