മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് മൂക്കുകുത്തി; എട്ടു വിക്കറ്റിന് 268 റൺസ്

ഇന്ത്യക്ക് വേണ്ടി ജഡേജയും ഉമേഷ് യാദവും ജയന്ത് യാദവും രണ്ട് വിക്കറ്റ് വീതവും ഷമി, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് മൂക്കുകുത്തി; എട്ടു വിക്കറ്റിന് 268 റൺസ്

മൊഹാലി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ച് പത്താം ഓവർ ആയപ്പോഴേക്കും ഓപ്പണർ ഹമീദിനെ (9) നഷ്ടപ്പെട്ടു. ടോട്ടൽ സ്‌കോർ 32ൽ എത്തിനിൽക്കെ ഹമീദിനെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് ആദ്യ വിക്കറ്റ് പിഴുതത്.
പിന്നീടെത്തിയ റൂട്ട്, ഓപ്പണറായ ക്യാപ്റ്റനൊപ്പം ചേർന്ന് അതിവേഗം സ്‌കോർ ഉയർത്താനാണ് ശ്രമിച്ചത്. 13 പന്തിൽ 15 റൺസെടുത്ത റൂട്ടിനെ ജയന്ത് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് രണ്ടിന് 51 റൺസ്. 15-ആം ഓവറിലെ ആദ്യപന്തിൽ പുറത്തായ റൂട്ടിന് പിറകെ 16-ആം ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ കുക്കിനെ(27) വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് അശ്വിനും തിളങ്ങി.

റൂട്ടിന് ശേഷം ക്രീസിലെത്തിയ മോയിൻ അലിയും(16) ക്യാപ്റ്റന് ശേഷമെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബെയര്‍‌സ്റ്റോവും ചേർന്ന് മദ്ധ്യനിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അലിയെ പേസർ മുഹമ്മദ് ഷമി മടക്കി. പിന്നീടെത്തിയ ബെൻ സ്റ്റോക്‌സുമായും (29) ബട്ട്‌ളറുമായും (43) ചേർന്ന് ബെയർസ്‌റ്റോവ് പടുത്തുയർത്തിയ അർദ്ധസെഞ്ച്വറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. സ്‌റ്റോക്‌സിനെ പാർഥിവിന്റെ കൈകളിലെത്തിച്ചും ബട്ട്‌ളറെ കോഹ്ലിയുടെ കൈകളിലെത്തിച്ചും ജഡേജയാണ് മടക്കിയത്.
പിന്നീട് ജയന്ത് യാദവ് എറിഞ്ഞ 84-ആം ഓവറിലെ നാലാം പന്തിൽ ക്രീസിൽ നിലയുറപ്പിച്ച ബെയര്‍‌സ്റ്റോവും വിക്കറ്റിന് മുന്നിൽ കുടുങ്ങി വീണു. 177 പന്തുകൾ നേരിട്ട് ആറു ബൗണ്ടറികളോടെ 89 റൺസെടുത്ത ബെയർസ്‌റ്റോവാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ നട്ടെല്ല്. കളി അവസാനിക്കാൻ ഒരോവർ ശേഷിക്കെ 89-ആം ഓവറിലെ അവസാന പന്തിൽ വോക്‌സിന്റെ കുറ്റിയും പിഴുത് ഉമേഷ് യാദവ് കരുത്തുകാട്ടി.
ഒടുവിൽ ഒന്നാം ദിനം കളി നിറുത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 4 റൺസോടെ റഷീദും റൺസൊന്നും എടുക്കാതെ ബാറ്റിയുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ജഡേജയും ഉമേഷ് യാദവും ജയന്ത് യാദവും രണ്ട് വിക്കറ്റ് വീതവും ഷമി, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Read More >>