ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സില്‍ 455 റണ്‍സ്; ഇംഗ്ലണ്ടിന് തകര്‍ച്ച

നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എന്ന നിലയിലായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ടീം ഇന്ത്യ. രണ്ടാം ദിനത്തില്‍ കോഹ്ലിയും അശ്വിനും ഇന്നിങ്സ് പതിയെ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ടോട്ടല്‍ സ്‌കോര്‍ 351ല്‍ നില്‍ക്കെ 167 റണ്‍സെടുത്ത കോഹ്ലിയെ സ്വന്തം പന്തില്‍ പിടിച്ച് ബെന്‍ സ്റ്റോക്സ് പുറത്താക്കി. 267 പന്തുകളില്‍ നിന്നും 18 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.

ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സില്‍ 455 റണ്‍സ്; ഇംഗ്ലണ്ടിന് തകര്‍ച്ച

വിശാഖപട്ടണം: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും പൂജാരയുടെയും സെഞ്ച്വറികളുടെയും വാലറ്റത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പിന്റെയും പിന്‍ബലത്തില്‍ ടീം ഇന്ത്യ ഉയര്‍ത്തിയ 455 റണ്‍സ് എന്ന ഒന്നാം ഇന്നിങ്സ് സ്‌കോറിനെതിരെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ക്ക് നേടാനായത്.

നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എന്ന നിലയിലായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ടീം ഇന്ത്യ. രണ്ടാം ദിനത്തില്‍ കോഹ്ലിയും അശ്വിനും ഇന്നിങ്സ് പതിയെ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ടോട്ടല്‍ സ്‌കോര്‍ 351ല്‍ നില്‍ക്കെ 167 റണ്‍സെടുത്ത കോഹ്ലിയെ സ്വന്തം പന്തില്‍ പിടിച്ച് ബെന്‍ സ്റ്റോക്സ് പുറത്താക്കി. 267 പന്തുകളില്‍ നിന്നും 18 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. പിന്നീട് ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തേക്കു നടന്നു. ബാറ്റിലുരസിയ പന്ത് പാഡില്‍ തട്ടിയതിന് അപ്പീല്‍ ചെയ്ത ഇംഗ്ലീഷ് ഫീല്‍ഡര്‍മാര്‍ക്ക് അനുകൂലമായി അമ്പയറുടെ കൈകളുയര്‍ന്നതോടെയാണ് മൂന്നു റണ്‍സ് മാത്രമെടുത്ത സാഹയ്ക്ക് പവലിയനിലേക്ക് മടങ്ങേണ്ടിവന്നത്. മോയിന്‍ അലിക്കായിരുന്നു വിക്കറ്റ്.


പിന്നീടെത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും റണ്‍സെടുക്കും മുന്‍പേ മോയിന്‍ അലി എറിഞ്ഞ അതേ ഓവറിലെ തൊട്ടടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഇതോടെ ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടാമെന്ന് ധരിച്ച ഇംഗ്ലീഷ് ബൗളര്‍മാരെ ആര്‍ അശ്വിനും ജയന്ത് യാദവും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 95 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളോടെ 58 റണ്‍സെടുത്ത അശ്വിന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് ജയന്ത് യാദവും (35) ഉമേഷ് യാദവും (13) ചേര്‍ന്ന് ഒരു കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും ഇരുവരെയും റാഷിദ് പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് 455ന് അവസാനിച്ചു. ഒരറ്റത്ത് മുഹമ്മദ് ഷമി ഏഴു റണ്‍സോടെ പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം തെളിഞ്ഞുനില്‍ക്കെ, രണ്ടു റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് ഷമി, ഇംഗ്ലീഷ് ക്യാപ്റ്റനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ടോട്ടല്‍ സ്‌കോര്‍ 51 തികച്ചയുടന്‍ മറ്റൊരു ഓപ്പണറായ ഹമീദ് റണ്ണൗട്ടായി. മൂന്നാമനായെത്തിയ ജോ റൂട്ട് ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. സ്‌കോര്‍ 72ല്‍ നില്‍ക്കെ ഡക്കെറ്റിനെ വിക്കറ്റിന് മുന്നില്‍ അശ്വിന്‍ കുടുക്കി. തൊട്ടുപിന്നാലെ അര്‍ദ്ധ സെഞ്ച്വറി നേടിയ റൂട്ടിനെയും ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ മടക്കി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒരു റണ്‍ മാത്രമെടുത്ത മോയിന്‍ അലിയെ ജയന്ത് കൂടി തിരിച്ചയച്ചതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 12 റണ്‍സ് വീതം എടുത്ത ബെന്‍ സ്റ്റോക്സും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെയര്‍സ്റ്റോവുമാണ് ക്രീസിലുള്ളത്.

Read More >>