എട്ടും പിഴുത് ഇന്ത്യൻ വീരഗാഥ, രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് അത്യുജ്ജ്വല വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിച്ചത് 246 റൺസിന്. വിരാട് കോഹ്ലി കളിയിലെ കേമൻ

എട്ടും പിഴുത് ഇന്ത്യൻ വീരഗാഥ, രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് അത്യുജ്ജ്വല വിജയം

നിരഞ്ജൻ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് അത്യുജ്ജ്വല വിജയം. രാജ്‌കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ കഷ്ടിച്ച് സമനില നേടിയ ടീം ഇന്ത്യ 246 റൺസിന്റെ ആധികാരിക വിജയമാണ് രണ്ടാം ടെസ്റ്റിൽ സ്വന്തമാക്കിയത്. അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 318 റൺസും ഇന്ത്യയ്ക്ക് ജയിക്കാൻ എട്ടുവിക്കറ്റും വേണമെന്ന സ്ഥിതിയായിരുന്നു. ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന എട്ടു വിക്കറ്റും അതിവേഗം പിഴുതാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ആതിഥേയർ മികവ് കാട്ടിയത്.


സ്‌കോർ: ഇന്ത്യ - 455 & 204, ഇംഗ്ലണ്ട് - 255 & 158.

തിങ്കളാഴ്ച കളി തുടങ്ങുമ്പോൾ രണ്ട് വിക്കറ്റിന് 87 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഹമീദും കുക്കും പുറത്തായ ശേഷം റൂട്ടും ഡക്കെറ്റും ആയിരുന്നു അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ചത്. തട്ടിയും മുട്ടിയും സമനിലയാക്കുകയെന്ന ഇംഗ്ലീഷ് നയം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെ ജോ റൂട്ടിനും (25) വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബെയര്‍‌സ്റ്റോവിനും (34 നോട്ടൗട്ട്) മാത്രമാണ് ഇന്ന് രണ്ടക്കം കാണാൻ കഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്നലെ പുറത്തായ ഓപ്പണർമാർക്ക് (കുക്ക് - 54, ഹമീദ് - 25) മാത്രമാണ് ഇവരെ കൂടാതെ രണ്ടക്കം കാണാനായത്.

അഞ്ചാം ദിനത്തിൽ കളി ആരംഭിച്ചയുടൻ റൺസൊന്നും എടുക്കാത്ത ഡക്കെറ്റിനെ വിക്കറ്റ് കീപ്പർ സാഹയുടെ കൈകളിലെത്തിച്ച് അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിറകെ മോയിൻ അലിയെ മടക്കി ജഡേജയും തിളങ്ങി. കോഹ്ലിയുടെ കൈകളിലെത്തിച്ചാണ് രണ്ടു റൺസെടുത്ത അലിയെ ജഡേജ മടക്കിയത്. ഈ സമയം ഇംഗ്ലണ്ട് നാലിന് 101 റൺസ് എന്ന നിലയിലായിരുന്നു.

ആറാമനായി ക്രീസിലെത്തിയ ബെൻ സ്‌റ്റോക്‌സിനെ ജയന്ത് യാദവ് ക്ലീൻ ബൗൾഡാക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ ടോട്ടൽ സ്‌കോർ 115. സ്‌കോർ ബോർഡിൽ റൺസ് കൂടുന്നതിന് മുൻപേ റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പേസർമാരുടെ പങ്കും മുഹമ്മദ് ഷമി വ്യക്തമാക്കി. ബെയര്‍‌സ്റ്റോവ് ഒരറ്റത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് ഇടവേളകളില്ലാതെ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. റൂട്ടിന് ശേഷം നാലു റൺസെടുത്ത റാഷിദിനെയും ഷമി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് മടക്കി.

ഉച്ചഭക്ഷണത്തിന് കളി നിറുത്തുമ്പോൾ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് കളി ആരംഭിച്ചയുടൻ ക്രീസിൽ തട്ടിയും മുട്ടിയും നിന്ന അൻസാരിയെ റൺസെടുക്കും മുൻപേ അശ്വിൻ ക്ലീൻ ബൗൾഡാക്കി. അഞ്ചു റൺസെടുത്ത സ്റ്റുവർട്ട് ബ്രോഡിനെയും റൺസെടുക്കും മുൻപേ ആൻഡേഴ്‌സനെയും വിക്കറ്റിന് മുന്നിൽ കുടുക്കി യുവ ആൾ റൗണ്ടർ ജയന്ത് യാദവ് മടക്കിയതോടെ വിജയം ഇന്ത്യൻ കൈകളിൽ.
ആദ്യ ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റെടുത്ത അശ്വിൻ രണ്ടാം ഇന്നിങ്‌സിൽ മൂന്നു വിക്കറ്റുകൾ പിഴുതു. രണ്ടാം ഇന്നിങ്‌സിൽ ജയന്ത് യാദവും മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് ഷമിയും ജഡേജയും രണ്ടു വിക്കറ്റുകൾ വീതവും പിഴുതു.

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയും (167), രണ്ടാം ഇന്നിങ്‌സിൽ നിർണ്ണായകമായ 81 റൺസും നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് കളിയിലെ കേമൻ.
മൊഹാലിയിലെ ഐ.എസ് ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഈ മാസം 26 മുതൽ മൂന്നാം ടെസ്റ്റിന് തുടക്കമാകും.

Read More >>