കോഹ്ലിക്കും പൂജാരയ്ക്കും സെഞ്ച്വറി, ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഒന്നാം ദിനം കളി നിറുത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 317 റൺസെടുത്തിട്ടുണ്ട്.

കോഹ്ലിക്കും പൂജാരയ്ക്കും സെഞ്ച്വറി, ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒന്നാം ദിനം കളി നിറുത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 317 റൺസെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുടെ തീരുമാനം തെറ്റായോ എന്ന് സംശയിക്കുന്ന വിധം 22 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടെങ്കിലും മൂന്നാമനായി എത്തിയ പൂജാരയും നാലാമത് ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും നേടിയ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്.


ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ സമ്പൂർണ്ണ പരാജയമായിരുന്ന വെറ്ററൻ താരം ഗൗതം ഗംഭീറിനെ ഓപ്പണിങ് ജോഡിയിൽ നിന്നും മാറ്റി പകരം കെ.എൽ. രാഹുലിനെയാണ് ക്യാപ്റ്റൻ കോഹ്ലിയും കോച്ച് കുംബ്ലൈയും മുരളി വിജയ്‌ക്കൊപ്പം പരീക്ഷിച്ചത്. എന്നാൽ ഈ പരീക്ഷണവും വിജയം കണ്ടില്ല. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ തന്നെ രാഹുലിനെ സ്‌റ്റോക്‌സിന്റെ കൈകളിലെത്തിച്ച് സ്റ്റുവർട്ട് ബ്രോഡ് മടക്കി. റൺസൊന്നും എടുക്കാത്ത രാഹുൽ മടങ്ങുമ്പോൾ ആറു റൺസ് മാത്രമായിരുന്നു ടീം ഇന്ത്യയുടെ ടോട്ടൽ സ്‌കോർ.
പിന്നീട് പൂജാരയാണ് ക്രീസിലെത്തിയത്. ആദ്യ വിക്കറ്റിന് തൊട്ടുപിറകെ രണ്ടാം വിക്കറ്റും വീണു. ആൻഡേഴ്‌സന്റെ വേഗം കുറഞ്ഞ ഷോട്ട് പിച്ച് പന്തിൽ 20 റൺസെടുത്ത മുരളി  വിജയും സ്ലിപ്പിൽ നിന്നിരുന്ന സ്റ്റോക്‌സിന് ക്യാച്ച് നൽകി മടങ്ങി. പിന്നീടെത്തിയ വിരാട് കോഹ്ലിയും ക്രീസിലുണ്ടായ പൂജാരയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്‌സിന് ജീവൻ പകർന്നുനൽകിയത്. ആൻഡേഴ്‌സൺ എറിഞ്ഞ 67ആം ഓവറിൽ വിക്കറ്റ് കീപ്പർ ബെയര്‍‌സ്റ്റോവിന് ക്യാച്ച് നൽകി പൂജാര മൈതാനത്തിന് പുറത്തേക്ക് നടക്കുന്നതിനിടെ മൂന്നാം വിക്കറ്റിൽ 226 റൺസാണ് പിറന്നത്.

204 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെട്ടതാണ് പൂജാരയുടെ 119 റൺസ്. പൂജാരയ്ക്ക് ശേഷം അജിൻക്യ രഹാനെ ക്രീസിലെത്തിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഒന്നാം ദിവസത്തെ കളി അവസാനിക്കാൻ ഒരു ഓവർ മാത്രം ശേഷിക്കെ ആൻഡേഴ്‌സന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി 23 റൺസെടുത്ത രഹാനെയും പവലിയനിലേക്ക് മടങ്ങി. ഈ സമയമെല്ലാം ഒരറ്റത്ത് ക്യാ്ര്രപൻ കോഹ്ലി സ്‌കോർ ഉയർത്താൻ പരിശ്രമിക്കുന്നുണ്ടായിരുന്നു. 241 പന്തുകൾ നേരിട്ട കോഹ്ലി 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് പുറത്താകാതെ 151 റൺസ് നേടിയത്. കളി അവസാനിപ്പിക്കുമ്പോൾ ഒരു റൺസെടുത്ത ആർ. അശ്വിനാണ് ക്യാപ്റ്റനൊപ്പം ക്രീസിൽ.

ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്‌സൺ മൂന്നു വിക്കറ്റും ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ന് ഉച്ചയ്ക്ക് മുൻപ് അതിവേഗം സ്‌കോർ ഉയർത്തിയ ശേഷം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കാനാകും ടീം ഇന്ത്യയുടെ ആലോചന.