റെയ്ഡിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇൻകം ടാക്സ് ജീവനക്കാർക്കും പോലീസുകാർക്കുമുണ്ട് സഹകരണ സംഘങ്ങൾ!

കൈക്കൂലി വാങ്ങുന്നവരിൽ, കണക്കിൽപ്പെടാത്ത സമ്പാദ്യമുളളവരിൽ ഉയർന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥരുമുണ്ട്. പല വാസ്തവങ്ങളിൽ അങ്ങനെയുമുണ്ടൊരു വാസ്തവം.

റെയ്ഡിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇൻകം ടാക്സ് ജീവനക്കാർക്കും പോലീസുകാർക്കുമുണ്ട് സഹകരണ സംഘങ്ങൾ!

അജയ് ഗോപൻ

അത്ര പഴയതല്ലാത്ത ഒരു വാർത്തയുണ്ട്. ദില്ലിയിലെ പ്രിൻസിപ്പൽ ഇൻകം ടാക്സ് കമ്മിഷണർ എസ് കെ മിത്തലിനെയും മൂന്നു സഹപ്രവർത്തകരെയും അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്തത് ഇക്കഴിഞ്ഞ ജൂണിൽ. സിബിഐ പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ ഭൂമി നിക്ഷേപത്തിന്റെ രേഖകൾ. പതിനാറു ലക്ഷത്തിന്റെ കറൻസി; നാലേകാൽ കിലോ സ്വർണാഭരണങ്ങൾ; പതിമൂന്നു കിലോ വെള്ളി ആഭരണങ്ങൾ.

കൈക്കൂലി വാങ്ങുന്നവരിൽ, കണക്കിൽപ്പെടാത്ത സമ്പാദ്യമുളളവരിൽ ഉയർന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥരുമുണ്ട്. പല വാസ്തവങ്ങളിൽ അങ്ങനെയുമുണ്ടൊരു വാസ്തവം.


സഹകരണ സംഘങ്ങളിൽ ഇൻകം ടാക്സ് റെയ്ഡു നടക്കാൻ സാധ്യതയുണ്ടെന്നൊരു ഊഹാപോഹം അന്തരീക്ഷത്തിലുണ്ട്. അവിടെ കള്ളപ്പണം സൂക്ഷിക്കുന്നുണ്ടെന്നാണ് ആരോപണം.

ആർ വീരബാഹു ചെയർമാനും എം മാർക്കണ്ഡേയൻ സെക്രട്ടറിയുമായ ഒരു സഹകരണ സംഘമുണ്ട്, ചെന്നൈയിൽ. കൃത്യമായി പറഞ്ഞാൽ നുങ്കപ്പക്കത്തെ മഹാത്മാഗാന്ധി ശാലയിലെ അയ്യങ്കാർ ഭവനിൽ. അവിടെയും നടത്തേണ്ടതല്ലേ, ഒരു റെയ്ഡ്.

ഇൻകം ടാക്സ് ജീവനക്കാരുടെ സഹകരണസംഘമാണത്. 82 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനം. 2400 ജീവനക്കാർ അംഗങ്ങളാണത്രേ. എട്ടേകാൽ ശതമാനം നിരക്കിൽ നിക്ഷേപം സ്വീകരിക്കും. ഒമ്പതര മുതൽ പത്തേകാൽ ശതമാനം നിരക്കിൽ പലയിനം ലോണുകളും കൊടുക്കും. പത്തുലക്ഷം രൂപയുടെ മെഗാ ലോൺ മുതൽ അമ്പതിനായിരത്തിന്റെ ചെറുകിട ലോൺ വരെ കിട്ടും. 2015 ലെ കണക്കു പ്രകാരം 73 കോടിയുടെ ആസ്തിയുളള സ്ഥാപനം.

എസ് കെ മിത്തലിനെയും ബംഗളൂരുവിലെ അഡീഷണൽ കമ്മീഷണറായിരുന്ന ടി എൻ പ്രകാശിനെയും ചെന്നൈയിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ആർ വി ഹാരൂൺ പ്രസാദിനെയും മുരളി മോഹനെയും വിജയലക്ഷ്മിയെയും മുംബെയിലെ കമ്മീഷണറായിരുന്ന എസ് പാണ്ഡ്യനെയുമൊക്കെപ്പോലുളളവർ ഈ സംഘത്തിൽ അംഗങ്ങളല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? അവരുടെ നിയമവിരുദ്ധമായ സമ്പാദ്യങ്ങൾ ഇതുപോലുളള സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടില്ലെന്നും.

ഒരു റെയ്ഡ് ആവശ്യമാണ്. കൈക്കൂലിക്കാരായ എത്ര ഇൻകം ടാക്സ് ഉദ്യോഗസ്ഥർ കണക്കിൽപ്പെടാത്ത സമ്പാദ്യം അവരുടെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം. ജനത്തിന് വിശ്വാസം വരട്ടെ.

പൊലീസുകാർക്കുമുണ്ട് സഹകരണ സംഘങ്ങൾ. കൈക്കൂലിക്ക് കുപ്രസിദ്ധരാണ് പോലീസുകാരും. കട്ടപ്പനയിലെ വ്യാപാരിയുടെ മകനെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായിരുന്ന അഡീഷണൽ എസ്ഐയെയും എഎസ്ഐയെയും സർവീസിൽ നിന്നു പിരിച്ചുവിടാൻ തീരുമാനിച്ചത് ഇക്കഴിഞ്ഞ സെപ്തംബറിലാണ്.

ഇങ്ങനെയുളള പോലീസുകാരുടെ അനധികൃത സമ്പാദ്യം അവരുടെ സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കാനൊരു സാധ്യതയില്ലേ? അതും പരിശോധിക്കപ്പെടേണ്ടതല്ലേ? എട്ടു പത്തു കൊല്ലം മുമ്പ് സഹകരണ സ്ഥാപനങ്ങൾ റെയ്ഡു ചെയ്യാനിറങ്ങിയവരോട് ഇങ്ങനെ ചില സംശയങ്ങൾ ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്. പോലീസ് സഹകരണ സംഘം റെയിഡു ചെയ്യുന്നില്ലേയെന്നു ചോദ്യത്തിന് "നമ്മളില്ലേയ്" എന്നായിരുന്നത്രേ മറുപടി.

നിയമം എല്ലാവർക്കും ബാധകമാവണം. ഇൻകം ടാക്സ് ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ കാര്യം വരുമ്പോൾ സ്വജനപ്രേമവും പോലീസുകാരുടെ സഹകരണ സംഘത്തിന്റെ കാര്യം ചോദിക്കുമ്പോൾ മുട്ടു വിറയ്ക്കുകയും ചെയ്യരുത്. അവിടെയും കേറണം.

അനധികൃത നിക്ഷേപം സ്വീകരിച്ചിട്ടുണ്ടോയെന്നും ഉറവിടം വെളിപ്പെടുത്തിയോ എന്നുമൊക്കെ പരിശോധിക്കണം. ഒപ്പം, വിജയ് മല്യയ്ക്കും അദാനിയ്ക്കും ഹസൻ അലി ഖാനുമൊക്കെ ഏതെങ്കിലും സഹകരണബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നോ എന്നു പരിശോധിക്കുകയും വേണം.