രാജ്യം അന്വേഷിക്കുന്നു, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എവിടെ?

രഘുറാംരാജന്റെ വിടവാങ്ങലോടെയും ഊര്‍ജ്ജിത് പട്ടേലിന്റെ സ്ഥാനാരോഹണത്തോടെയുമാണ് റിസര്‍വ്വ്ബാങ്ക് കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ അടുത്തത്. ഈ ഒരു നീക്കത്തോടെ പുതിയ ഗവര്‍ണ്ണര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധലഭിക്കുകയും ചെയ്തു. നവംബര്‍ 8 മുതല്‍ നവംബര്‍ 22 വരെ മാത്രം ദേശീയ മാധ്യമങ്ങളോട് നോട്ടു നിരോധനത്തെപ്പറ്റി മോദി 6 തവണ സംസാരിച്ചപ്പോള്‍ ഇതുവരെ ഒരു പൊതുവേദിയില്‍ മാത്രമാണ് പട്ടേല്‍ പങ്കെടുത്തത്.

രാജ്യം അന്വേഷിക്കുന്നു, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എവിടെ?

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക അഴിച്ചുപണിയുടെ പാതയിലാണ് രാജ്യം ഇപ്പോള്‍. വിനിമയത്തിലിരുന്ന 86 ശതമാനം കറന്‍സി നോട്ടുകളും അസാധുവാക്കുകയും പിറകേ പുതിയ നോട്ടുകള്‍ രംഗത്തിറക്കി സാമ്പത്തിക രംഗത്ത് പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സമയത്ത് പ്രധാനപ്പെട്ട ഒരാളുടെ അസാന്നിദ്ധ്യം മാത്രം ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. നവംബര്‍ 8ന് രാത്രി പ്രധനമന്ത്രി നരേന്ദ്ര മോദി നോട്ടു പിന്‍വലിക്കുന്ന തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പൊതു രംഗത്തു നിന്നും അപ്രത്യക്ഷനായതിന്റെ കാരണമന്വേഷിക്കുകയാണ് രാജ്യം.


ഊര്‍ജ്ജിത് പട്ടേലിനെ പോലെ പരിചയ സമ്പന്നത കുറവുള്ള വ്യക്തിയെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന വലിയ പദവി ഏല്‍പ്പിച്ച മോദിയുടെ നടപടി സംശയത്തോടെയാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ നോക്കിക്കണ്ടത്. ആ സംശയങ്ങളെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഭാഗത്തുനിന്നുമുണ്ടായതും. പട്ടേലിന്റെ നിയമനം കഴിഞ്ഞ ഉടനെ, അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കാനുള്ള ഉദ്യമം എന്ന പ്രചരണത്തോടെ മോദി രാജ്യത്തെ 500- 1,000 രൂപാ നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. ഇതേ സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ നിലപാടുകളുമായി പട്ടേല്‍ രംഗത്ത് എത്തിയത് വൈകിയായിരുന്നു. ജനങ്ങള്‍ ഭയപ്പെടേണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ രാജ്യം പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നുമാണ് അന്ന് ഊര്‍ജിത് മാധ്യമങ്ങളോട് പറഞ്ഞത്.

വ്യാവസായ പ്രമാണികളില്‍ രത്തന്‍ ടാറ്റയെപോലുള്ളവര്‍ നോട്ടു നിരോധനത്തെ അനൂകൂലിച്ച് മുന്നോട്ട് വന്നപ്പോള്‍ തെരുവുകളില്‍ പ്രതിഷേധത്തിന്‍െ തീയാളിക്കത്തി. 98 ശതമാനം ഉപഭോക്താക്കളും കൈയ്യിലുള്ള കാശുകൊണ്ട് മാത്രം ഇടപാടു നടത്തുന്ന രാജ്യത്ത് പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനായി 200,000 കറന്‍സി മെഷീനുകളും പുനഃസജ്ജീകരിക്കേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഊര്‍ജ്ജിത് പട്ടേല്‍ ഉള്‍പ്പെടെ പത്തുപേരടങ്ങുന്ന ബോര്‍ഡിന്റെ തീരുമാനമാണ് നോട്ടു നിരോധനമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗൊയാല്‍ നവംബര്‍ 16 ന് പ്രസ്താവനയില്‍ സൂചിപ്പിച്ചത്. മോദിയുടെ പുതിയ നീക്കവുമായി റിസര്‍വ്വ് എങ്ങനെ സഹകരിക്കുന്നെന്ന ചോദ്യവുമായി ഡെപ്യൂട്ടി ഗവര്‍ണര്‍ കെസി ചക്രവര്‍ത്തി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഒരു തീരുമാനമെടുത്ത മോദിയുടെ 'വിവരത്തേയും' ചക്രവര്‍ത്തി ചോദ്യം ചെയ്തിരുന്നു. പുതിയ റിസര്‍വ്വ ബാങ്ക് ഗവര്‍ണ്ണര്‍ തുടക്കക്കാരനായതുകൊണ്ട് കറന്‍സി വിഷയത്തില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം ഞാന്‍ നല്‍കുമെന്നാണ് കെസി ചക്രവര്‍ത്തി പറഞ്ഞത്. എന്നാല്‍ പട്ടേലിന്റെ അസാനിദ്ധ്യത്തെപ്പറ്റിയോ പുതിയ കറന്‍സി നയത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ പങ്കിനെപ്പറ്റിയൊ ഇതുവരെ ആര്‍ബിഐ വക്താവ് പ്രതികരിച്ചിട്ടില്ലെന്നുള്ളതും വസ്തുതയാണ്.

രഘുറാംരാജന്റെ വിടവാങ്ങലോടെയും ഊര്‍ജ്ജിത് പട്ടേലിന്റെ സ്ഥാനാരോഹണത്തോടെയുമാണ് റിസര്‍വ്വ്ബാങ്ക് കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ അടുത്തത്. ഈ ഒരു നീക്കത്തോടെ പുതിയ ഗവര്‍ണ്ണര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധലഭിക്കുകയും ചെയ്തു. നവംബര്‍ 8 മുതല്‍ നവംബര്‍ 22 വരെ മാത്രം ദേശീയ മാധ്യമങ്ങളോട് നോട്ടു നിരോധനത്തെപ്പറ്റി മോദി 6 തവണ സംസാരിച്ചപ്പോള്‍ ഇതുവരെ ഒരു പൊതുവേദിയില്‍ മാത്രമാണ് പട്ടേല്‍ പങ്കെടുത്തത്.

എന്നാല്‍ കറന്‍സി നിലപാടില്‍ റിസര്‍വ്വ ബാങ്കിനെക്കാളും ആധിപത്യം പുലര്‍ത്തിയത് മോദിയാണെന്ന് ബിജെപി യ്ക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. കറന്‍സി അസാധുവാക്കല്‍ നടപടിയില്‍ സര്‍ക്കാരിന് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഗതിയെന്താകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നതും.

Read More >>