യൂബര്‍ സര്‍വ്വീസ് കേരളത്തില്‍ പാളുന്നു; കൊച്ചിയില്‍ മാത്രം പെരുവഴിയിലാകുന്നത് 12000 ഡ്രൈവര്‍മാര്‍

യൂബര്‍ സര്‍വ്വീസ് കേരളത്തില്‍ ആദ്യം തുടങ്ങിയ കൊച്ചിയില്‍ ഡ്രൈവര്‍മാരെ പിഴിയാന്‍ പുതിയ തന്ത്രങ്ങള്‍ കമ്പനി ആവിഷ്‌ക്കരിച്ചതോടെ സര്‍വ്വീസ് പാളുന്നു. എന്ത് ചെയ്യുമെന്നറിയാതെ 12000 ഡ്രൈവര്‍മാര്‍. യൂബറിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് ഉപഭോക്താക്കള്‍

യൂബര്‍ സര്‍വ്വീസ് കേരളത്തില്‍ പാളുന്നു; കൊച്ചിയില്‍ മാത്രം പെരുവഴിയിലാകുന്നത് 12000 ഡ്രൈവര്‍മാര്‍

മോഹന വാഗ്ദാനങ്ങളുമായി കേരളത്തില്‍ സര്‍വ്വീസ് ആരംഭിച്ച യൂബര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുകയാണ്. തുടക്കത്തില്‍ ഇന്‍സെന്റീവും മറ്റും നല്‍കി ഡ്രൈവര്‍മാരെ ആകര്‍ഷിച്ച യൂബര്‍, വാഹനങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഡ്രൈവര്‍മാരില്‍ നിന്നും പണമൂറ്റല്‍ തന്ത്രമാണ് ഇപ്പോള്‍ നടത്തുന്നത്. യൂബറിനെതിരെ നിലപാട് സ്വീകരിച്ച ട്രേഡ് യൂണിയനുകളല്ല, യൂബര്‍ കമ്പനി തന്നെയാണ് യഥാര്‍ത്ഥത്തില്‍ പത്തും പതിനാറും മണിക്കൂര്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വില്ലനായി മാറുന്നത്.


യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ ഫോണില്‍ പുതിയ ' ടേംസ് ആന്റ് കണ്ടീഷന്‍സ്' മെസേജായി ലഭിച്ചു തുടങ്ങി. അത് 'എഗ്രി' ചെയ്താല്‍ മാത്രമേ യൂബര്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പേടിഎം വഴിയും കാര്‍ഡ് വഴിയും യാത്രക്കാരന്‍ നടത്തുന്ന ഇടപാടുകളില്‍ ഡ്രൈവര്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍ കമ്പനിക്ക് അതില്‍ ഉത്തരവാദിത്വമില്ല. യാത്രക്കാരന്റെ യൂബര്‍ അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സ് രേഖപ്പെടുത്തിയാല്‍ സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍ക്കായിരിക്കും ഉത്തരവാദിത്വം. യാത്രക്കാരന്റെ അക്കൗണ്ടില്‍ ഒരാഴ്ച്ച നെഗറ്റീവ് ബാലന്‍സ് തുടര്‍ന്നാല്‍ ട്രിപ്പ് നടത്തിയ ഡ്രൈവറെ പിരിച്ചുവിടുകയും യാത്രക്കാരന്റെ അക്കൗണ്ട് റദ്ദാക്കുകയും ചെയ്യുമത്രേ! 'എന്തൊക്കെ നികുതിയുണ്ടോ അതൊക്കെ ഡ്രൈവറൊടുക്കണം, ഞങ്ങള്‍ക്ക് കമ്മീഷന്‍ കിട്ടിയാല്‍ മതി', എന്നാണ് യൂബറിന്റെ ലൈന്‍.

WhatsApp Image 2016-11-11 at 11.06.39 AMടേംസ് ആന്റ് കണ്ടീഷന്‍ മൊബൈലില്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ ഡ്രൈവര്‍മാരില്‍ മിക്കവര്‍ക്കും കാര്യമെന്താണെന്ന് മനസ്സിലായില്ല. മൊബൈലില്‍ സാധാരണ ലഭിക്കുന്ന മെസേജ് മാത്രമാണെന്ന് ചിലര്‍ കരുതി. നിബന്ധനകള്‍ ഇംഗ്ലീഷിലായതിനാല്‍ വായിച്ചെടുക്കാന്‍ പലര്‍ക്കുമായില്ല. ഈ നിബന്ധനകള്‍ ഭാവിയിലേക്കുള്ള കുരുക്കുകളാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

കളം പിടിച്ച കളി...

2014-ല്‍ യൂബര്‍ ആരംഭിച്ചപ്പോള്‍ ആപ്ലിക്കേഷന്‍ ഓണ്‍ലൈനിലായിരിക്കുന്ന സമയത്തിന് അനുസരിച്ചായിരുന്നു ഇന്‍സെന്റീവ്. പിന്നീടത് ട്രിപ്പിന്റെ എണ്ണത്തിന് കണക്കാക്കി നല്‍കാന്‍ തുടങ്ങി. ഇപ്പോഴത് ദിവസം ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ചായി ഇന്‍സെന്റീവ്. ദിവസം 2000 രൂപയുടെ സര്‍വ്വീസ് നടത്തിയാല്‍ 1400 രൂപയും ആയിരം രൂപയ്ക്ക് 300രൂപയും ഇന്‍സെന്റീവായി നല്‍കുന്നു. രണ്ടായിരത്തില്‍ താഴെ ടാക്‌സികള്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഓടിയിരുന്നുള്ളൂ. പലരും പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനം നേടി. അധിക വരുമാനത്തിനായി പാര്‍ട്ട്‌ടൈം ആയും നിരവധി പേര്‍ ടാക്‌സി ഓടിക്കാന്‍ തുടങ്ങി.

മിനിമം ചാര്‍ജ്ജ് 50 രൂപ, കിലോമീറ്ററിന് ഏഴു രൂപ, എന്നിങ്ങനെയാണ് യൂബറിന്റെ നിരക്ക്. യാത്രക്കാര്‍ക്ക് നിറയെ ഓഫറുകളും. ഓല, മേരു എന്നീ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും കേരളത്തിലെത്തിയെങ്കിലും യൂബറിനെയാണ് യാത്രക്കാര്‍ കൂടുതലായും ആശ്രയിച്ചത്. കൊച്ചിയില്‍ നേട്ടമുണ്ടാക്കിയ യൂബര്‍ ഈ വര്‍ഷം തിരുവനന്തപുരത്തും സര്‍വ്വീസ് തുടങ്ങി.

പെരുവഴിയിലേക്കിറക്കിയ ഇന്‍സെന്റീവ്...

വന്‍ വരുമാനം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ലോണെടുത്തും മറ്റും വാങ്ങിയ പുതിയ കാറുകളുമായി കൊച്ചിയിലെത്തി. കേരളത്തിനകത്തും പുറത്തും ജോലി ചെയ്തിരുന്നവര്‍ അതുപേക്ഷിച്ച് യൂബറില്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ യൂബറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12500-നടുത്ത് വരും. ഡ്രൈവര്‍മാരുടെ എണ്ണം കൂടിയപ്പോള്‍ ഇനി എന്തുമാകാമെന്നാണ് യൂബറിന്റെ കണക്ക് കൂട്ടല്‍. ഇന്‍സെന്റീവ് ലഭിക്കാനുള്ള 2000 രൂപ തികയ്ക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് യൂബര്‍ ഡ്രൈവറായ ഫൈസല്‍ അരൂക്കുറ്റി പറയുന്നു.
''1950 രൂപയൊക്കെ ആകുമ്പോള്‍ പിന്നെ വണ്ടിക്ക് ഓട്ടം കിട്ടാതെ വരുന്നത് പതിവാകുന്നു. രണ്ട് മണിക്കൂറൊക്കെ നിന്നാല്‍ മാത്രമേ അടുത്ത ഓട്ടം കിട്ടുകയുള്ളൂ. ഇങ്ങനെ ഇന്‍സെന്റീവ് തട്ടിക്കുകയാണവര്‍''
-ഫൈസല്‍ പറഞ്ഞു.

[caption id="attachment_58072" align="alignleft" width="300"]kochi എറണാകുളത്ത് മുപ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് യൂബര്‍ സര്‍വ്വീസ്‌[/caption]

ടാക്‌സികളുടെ എണ്ണം കൂടിയപ്പോള്‍ പലര്‍ക്കും ഇപ്പോള്‍ ട്രിപ്പ് കിട്ടാറില്ല. ലോണെടുത്തവരൊക്കെ പെരുവഴിയിലാകുന്ന അവസ്ഥയാണിപ്പേള്‍. ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചു പോകുന്ന അവസ്ഥയിലാണ് പലരെന്നും ഫൈസല്‍ പറയുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കൊക്കെ യൂബര്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയിരുന്നു. മാസം 1200 രൂപ അടക്കണമെന്ന നിബന്ധനയോടെയായിരുന്നു ഇത്. ഫോണിന്റെ വിലയെക്കാള്‍ കൂടുതല്‍ തുക മാസം അടച്ചിട്ടും കമ്പനി ആ ഫോണുകളൊക്കെ തിരിച്ചു മേടിക്കുകയായിരുന്നു. വാഹനങ്ങള്‍ പെരുകിയതോടെ ആഴ്ചയില്‍ നടത്തുന്ന സര്‍വ്വീസിന് പരിധി നിശ്ചയിക്കാനൊരുങ്ങുകയാണ് കമ്പനി.

സമരമെങ്കില്‍ പിരിച്ചുവിടല്‍...

ഈ മാസം നാലിന് യൂബറിന്റെ പാലാരിവട്ടത്തെ ഓഫീസിന് മുകളില്‍ കയറി നവാസ് പൊന്നാന്നി എന്ന ഡ്രൈവര്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സമരം നടത്തിയതിന് 15 ഡ്രൈവര്‍മാരെ പിരിച്ചു വിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവാസിന്റെ പ്രതിഷേധം. യൂബര്‍ മാനേജ്‌മെന്റുമായി പൊലീസും തൊഴിലാളികളും നടത്തിയ ചര്‍ച്ചയില്‍ നടപടി പിന്‍വലിക്കുമെന്ന ഉറപ്പിനെതുടര്‍ന്നാണ് നവാസ് താഴെയിറങ്ങിയത്.

[caption id="attachment_58074" align="aligncenter" width="357"]uber2 യൂബറിന്റെ ഓഫീസിനു മുകളില്‍ ജീവനക്കാരന്റെ പ്രതിഷേധം[/caption]

ഇപ്പോഴും ദിവസവും നാല്‍പ്പതും അന്‍പതും വാഹനങ്ങളാണ് പുതുതായി യൂബറില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ ഡ്രൈവര്‍മാരുമായി കമ്പനി കരാറില്‍ ഏര്‍പ്പെടുന്നതോടെ പഴയ ഡ്രൈവര്‍മാര്‍ക്ക് ട്രിപ്പ് നഷ്ടമാകുകയും ചെയ്യുന്നു. പുതുതായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടന്നത്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഇപ്പോള്‍ മിക്കവരും 16 മണിക്കൂര്‍ വരെയൊക്കെയാണ് വാഹനമോടിക്കുന്നത്.

ട്രേഡ് യൂണിയനുകളല്ല, മാനേജ്‌മെന്റാണ് വില്ലന്‍...

യൂബര്‍ സേവനം ആരംഭിക്കുന്നത് മുതല്‍ സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എറണാകുത്ത് നോര്‍ത്തിലും സൗത്തിലും ആലുവാ റെയില്‍വേ സ്‌റ്റേഷനിലുമൊക്കെ മറ്റ് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ഭീഷണിയുമായെത്തിയിരുന്നു. ചിലരെ മര്‍ദ്ദിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും യൂബര്‍ മാനേജ്‌മെന്റ് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സെക്രട്ടറി കെ. കെ ബെന്നിമോന്‍ നാരദാന്യൂസിനോട് പറഞ്ഞു.

uber1

യൂബറിന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ ആര്‍ക്കുമറിയില്ല. ജീവനക്കാര്‍ക്ക് കസ്റ്റമര്‍കെയര്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതിലേക്ക് വിളിച്ചാല്‍ കിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. അപകടമോ മറ്റോ നടന്നാല്‍ മാനേജ്‌മെന്റ് തിരിഞ്ഞു നോക്കാറില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ നടന്ന സമരം ഉദ്ഘാടനം ചെയ്തശേഷം മടങ്ങിയ സിഐടിയു ജില്ലാ പ്രസിഡന്റിന് നേരെ ആക്രമണം നടന്നിരുന്നു. 12500 പേര്‍ യൂബറില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇപ്പോള്‍ രണ്ടായിരത്തില്‍ താഴെ യൂബര്‍ ടാക്‌സികള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഡ്രൈവര്‍മാര്‍ പാര്‍ട്ണര്‍മാരാണെന്നാണ് യൂബര്‍ പറയുന്നതെങ്കിലും യാതൊരു പരിഗണനയും മാനേജ്‌മെന്റ് നല്‍കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരോട് സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വിരോധമില്ലെന്ന് സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ പറഞ്ഞു. ''ടാക്‌സി മേഖലയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ആഗോളകമ്പനി നടത്തുന്ന ശ്രമത്തിനെതിരെയാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്. തൊഴിലാളി വഞ്ചനയ്‌ക്കെതിരെ യൂബറിനെതിരെ ബ്രിട്ടനിലും മറ്റും നടന്ന തൊഴിലാളി സമരങ്ങള്‍ ഇവിടെയും തുടങ്ങി. ഇനി യാത്രക്കാരേയും പിഴിയാന്‍ അധികം സമയം വേണ്ടിവരില്ല''- മണിശങ്കര്‍ പറഞ്ഞു.
''യൂബറിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്ന ആളായിരുന്നു ഞാന്‍. ഫ്‌ളാറ്റുകളിലും വീടുകളിലും കയറിയിറങ്ങി ആളുകള്‍ക്ക് ഞാനുള്‍പ്പെടെയുള്ളവര്‍ യൂബര്‍ സേവനങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. എത്ര നേരം വാഹനമോടിക്കാനും എനിക്ക് മടിയില്ല. എന്നാല്‍ കമ്പനിക്ക് ലാഭം കിട്ടി തുടങ്ങിയതോടെ യൂബര്‍ മാനേജ്‌മെന്റിന് തൊഴിലാളികളെ വേണ്ടാതായി. എന്റെ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്തു. തൊഴിലില്ലാതെ വന്നപ്പോള്‍ വാഹനം വില്‍ക്കേണ്ടി വന്നു. യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ശത്രു മാനേജ്‌മെന്റ് തന്നെയാണ്. ആളുകളെ വഞ്ചിച്ച് അവര്‍ എത്രകാലം മുന്നോട്ട് പോകും. തൊഴിലാളികള്‍ ചേര്‍ന്ന് യൂബറിന് ബദലായി പുതിയ ഓണ്‍ലൈന്‍ സംരഭത്തിന് രൂപം നല്‍കുകയാണ് വേണ്ടത്.''- യൂബറിന്റെ തുടക്കകാലത്തുണ്ടായിരുന്ന ഒരു ഡ്രൈവര്‍ പറഞ്ഞതിങ്ങനെ.

Read More >>