കലാപങ്ങളിലെ പൊലീസ് സാന്നിദ്ധ്യം: കാക്കിയുടുപ്പിൽ കുറ്റവാളികൾ മറയ്ക്കപ്പെടുന്ന വിധം

1987 ല്‍ മീററ്റില്‍ നടന്ന കൂട്ടക്കൊല പോലീസിനു എത്രമാത്രം മനുഷ്യത്വരഹിതമായി പെരുമാറാം എന്നതാണ് കാണിക്കുന്നത്. മരിച്ചു കിടക്കുന്ന ശരീരങ്ങൾ അംഗഭംഗം വരുത്തി വികൃതമാക്കി സമാനതകളില്ലാത്ത ക്രൂരത കാണിച്ചു പോലീസ്. ജീവനുള്ളവരെപ്പോലും കടലിലെ മീനുകൾക്ക് ഭക്ഷണമായി എറിഞ്ഞു കൊടുത്തിരുന്നതായി അന്വേഷണത്തിന് നേതൃത്വം കൊടുത്ത എ സി സക്സേന പറയുന്നു.

കലാപങ്ങളിലെ പൊലീസ് സാന്നിദ്ധ്യം: കാക്കിയുടുപ്പിൽ കുറ്റവാളികൾ മറയ്ക്കപ്പെടുന്ന വിധം

യാസർ അറാഫത്

മേധാവിത്വശക്തികളുടെ താത്പര്യസംരക്ഷണത്തിനുള്ള ഉപകരണമായിട്ടാണ് എപ്പോഴും പോലീസെന്ന ഏജന്‍സി നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രാന്തവത്കൃതരായ കീഴാള സമുദായങ്ങളെ അവഗണിക്കുക എന്നത് പോലീസിന്റെ ബോധപൂര്‍വമുള്ള നയമായി മാറി. ശാരീരികവും മാനസികവുമായ, സംഘടിതവല്‍കരിക്കപ്പെട്ട പക്ഷപാത മനോഭാവത്തിനു ഇതു കാരണമാവുകയും ചെയ്തു. ആഗോളാടിസ്ഥാനത്തിൽ തന്നെ, കൊളോണിയൽ അധിനിവേശ പശ്ചാത്തലത്തില്‍ സംഘടിക്കപ്പെട്ട ഈ ഏജൻസിയുടെ ലോകമാകെയുള്ള സഹയാത്രികര്‍ വംശ/വർഗ ശ്രേണിയിലെ താഴെക്കിടയിലുള്ളവരെ അടിച്ചമര്‍ത്തുന്ന സ്റ്റേറ്റിന്റെ ഏറവും പ്രകടവും വന്യവുമായ മുഖത്തെ കാണിക്കുന്നു.


ക്രൂരമായ ചോദ്യം ചെയ്യലുകളും ശത്രുതാപരമായ പെരുമാറ്റവും മനഃശാസ്ത്രപരമായ ഭർത്സനങ്ങളും ആക്രമണങ്ങളും പലപ്പോഴും ഈ “അപരനോടുള്ള ( കറുപ്പ്, ഏഷ്യൻ, അബോർജിനൽ, മുസ്ലിം) സാമൂഹ്യ-സാംസ്കാരിക വിധേയത്വത്തിന്റെ പുറത്തുവരുന്ന പ്രകടനങ്ങൾ മാത്രം. ചരിത്രപരമായ ഈ അടിച്ചമർത്തൽ വഴി തണുത്തുറച്ച് ഭയം ബാധിച്ചവരായി ഈ വിഭാഗങ്ങള്‍ നമ്മുടെ സാംസ്കാരിക പരിസരത്തൊക്കെ ഇകഴ്ത്തപ്പെട്ട് ചിതറിക്കിടക്കുന്നതായി കാണാൻ കഴിയും.

തങ്ങളുടെ നേര്‍ക്ക്‌ വരുന്ന പ്രതിഷേധ സ്വരങ്ങളേയും പ്രതിരോധ ശ്രമങ്ങളെയും സംയുക്ത  മര്‍ദ്ദന (collective violence) ത്തിലൂടെ അടിച്ചമര്‍ത്താനോ ഇല്ലാതാക്കുവാനോ ഇതു വഴി സാധിക്കുന്നതാണ്. ജനാധിപത്യ മാതൃകകളായി  ആഘോഷിക്കപെട്ട അമേരിക്കയിലെ ബോസ്റ്റണിലും, സാൻഫ്രാൻസ്കോയിലും നടക്കുന്ന വംശീയ കലാപങ്ങളിലും അവകാശ നിഷേധങ്ങള്‍ ഒരു സാമൂഹ്യ വ്യവസ്ഥയായിക്കഴിഞ്ഞ ജനാധിപത്യ ഇന്ത്യയിലെ ശബ്ദിക്കുന്നവരുടെ തെരുവു പ്രകടനങ്ങളിലും ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ തങ്ങളുടെ വിധേയത്വം ആരോടാണെന്ന് പലകുറി വ്യക്തമായിട്ടുണ്ട് ഈ ഏജന്‍സി.

കീഴാളരുടെ 'ജൈവപരമായ കുറ്റവാസനയും' നശീകരണ സമീപനവുമാണ് ഇതിന്റെ സൈദ്ധാന്തിക കാരണങ്ങളായി മുന്നോട്ടു വയ്ക്കുന്നതും. ഈ ചുറ്റുപാടിലാണ് ദളിത്-മത-ന്യൂനപക്ഷ-സ്ത്രീ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ പോലീസ് ഫോഴ്സിന്റെ ആഗോള മനുഷ്യാവകാശ ഏജൻസികൾ മുന്നോട്ടു വെക്കുന്ന ചിത്രത്തെ പറ്റി നാം ബോധവാൻമാരാകേണ്ടത്. വ്യത്യസ്ത രീതിയിൽ കലാപങ്ങൾക്ക് കാരണക്കാരായ പോലീസുദ്യോഗസ്ഥരെ നിയമ സംവിധാനങ്ങളുടെ തിരുമുറ്റത്തേക്കു കൊണ്ടുവരാൻ മാറിമാറിവരുന്ന സർക്കാരുകൾക്ക്  കഴിയാതെ വരുന്നു. ഇരുപത്തഞ്ചു വർഷം പിന്നിട്ട സിഖ് കൂട്ടക്കൊലയും വർഷങ്ങൾ പിന്നിട്ട കാശ്മീരിലെ സോഫിയ ബലാത്സംഗവും  ഇതിലെ ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ഉദാഹരണങ്ങളാണ്.

സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക പരിസരങ്ങളിൽ വർണവ്യവസ്ഥ ഇപ്പോഴും നിയമമായ ഉത്തരേന്ത്യയിലെ ഗംഗാതട പരിസരങ്ങളിൽ പോലീസ് എന്ന ഏജൻസി ഭീകരതയും അനിശ്ചിതത്വവുമാണ് സൃഷ്ടിക്കുന്നത്. നീതി നിഷേധവും കീഴാളന്റെ സാമൂഹ്യ തിരസ്കരണവും ശീലമാക്കിയ സാമ്രാജ്യത്വ പോലീസ് സംവിധാനത്തിന്റെ തുടർച്ച മാത്രമായിട്ടാണ് ഇതിനെ നമുക്ക് അനുഭവപ്പെടുന്നത്. ജനകീയ കൂട്ടായ്മകളെയും അധിനിവേശ വിരുദ്ധ സമരങ്ങളെയും അടിച്ചമർത്താൻ കൊണ്ടുവന്ന 1861ലെ പോലീസ് ആക്ട് 150 വർഷങ്ങൾ പിന്നിട്ടിട്ടും പറയത്തക്ക ഒരു വളർച്ചയും കൈവരിച്ചിട്ടില്ല എന്നതു ശീലങ്ങളുടെ ഭാഗമാക്കി അതിനെ നിര്‍ത്താന്‍ തന്നെയാണ്.

മർദ്ദിതരുടെ  സംഘടിത പ്രതിഷേധ സംരംഭങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രത്യേക ചരിത്ര സന്ദർഭങ്ങളിൽ 'കുറ്റകൃത്യ'ങ്ങളായി മുദ്രകുത്തപ്പെടുന്നതായി കാണാം. അടിസ്ഥാനാവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർ തങ്ങളുടെ നീരസം പലവഴികളിലൂടെ ഭരണ വർഗ്ഗത്തിനു മുന്നിൽ വയ്ക്കുമ്പോൾ അവരെ സാമൂഹ്യ വിരുദ്ധരായും ഗുണ്ടകളായും തുഗ്ലക്കുകളായും  കുറ്റവാളികളായും ചിത്രീകരിച്ച് ആവശ്യത്തിനനുസരിച്ചു വർഗീകരിക്കുന്ന  സ്വഭാവം സാമ്രാജ്യ രാഷ്ട്രീയ പരിണാമത്തിൽ  നിരന്തരമായി സംഭവിച്ചതാണ്. മാറിവരുന്ന രാഷ്ട്രീയ അവസ്ഥയിലും ചരിത്രത്തിനു പുറത്തും പ്രാന്തപ്രദേശത്തും നിലനിൽ ക്കുന്നവരെ ജിഹാദികള്‍ ആയും ഭീകരരായും ചിത്രീകരിച്ച് അന്യവൽക്കരിച്ചു നിര്‍ത്തുന്നത് പോസ്റ്റ് കൊളോണിയൽ കാലത്ത് വളരെ ശക്തമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ തങ്ങളുടെ മേധാവിത്വത്തിനെതിരെ ശബ്ദമുയർത്തിയ ഈ വർഗ/സമുദയങ്ങളെ കിരാതമായി അടിച്ചമർത്തിയ പോലീസിന്റെ ക്രൂരതകളെ "പോലീസ് ഭീകരത” (Police Terror) എന്നു തന്നെയാണ് സുമിത് സര്‍ക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ പോലീസ് ഭീകരത തന്നെയാണ് കൊളോണിയൽ അധിനിവേശത്തിന്റെ പ്രതിനിധികളായി യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ മുന്നില്‍ അവതരിച്ചതും.

അതുകൊണ്ടു തന്നെ അധിനിവേശ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പലതും തുടക്കം കുറിച്ചതോ ലക്ഷ്യമാക്കിയിട്ടുള്ളതോ  പോലീസ് സ്റ്റേഷനുകളായിരുന്നു. നേരിട്ടു പൊരുതാൻ ശേഷിയില്ലാത്തരുടെ പ്രതീകാത്മക പ്രതിഷേധമായിരുന്നു അവ.  മധ്യ പ്രവിശ്യയിലെ ഗോണ്ടുകളുടേയും, പുന്നപ്രയിലെ കർഷകരുടെയും പ്രതിഷേധ പോരാട്ടങ്ങൾ ഇതിന്റെ വെളിച്ചത്തിൽ കാണാൻ കഴിയും. ബഹുരാഷ്ട്ര കുത്തകകളുടെ സമ്മര്‍ദ തന്ത്രങ്ങളിൽ അകപ്പെട്ടു, പോലീസ് ജോലി മാത്രം ചെയ്യുന്ന ഏജൻസിയായി ചുരുങ്ങിയ പല മൂന്നാം ലോക രാജ്യങ്ങളിലും പോലീസ് മേൽപ്പറഞ്ഞ രീതിയിൽ തന്നെ പ്രവർത്തിക്കുന്നു.

വർഗീയ കലാപങ്ങളും പോലീസും

ഏകാധിപത്യ/സര്‍വ്വാധിപത്യ പ്രവണതകൾ നിലനിൽക്കുന്ന പല മൂന്നാംലോക രാഷ്ട്രങ്ങളിലും ഒരു മർദ്ദനോപാധി മാത്രമായി മാറിയിരിക്കുന്നു പോലീസ്. ഭാവരൂപീകരണതിലും ആദര്‍ശത്തിലും ഇപ്പോഴും കൊളോണിയൽ തത്വ ചിന്തകൾ  സന്നിവേശിച്ച  പോലീസ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ  നേരിട്ട് ഇടപെടുകയും നിർമ്മിക്കുകയും ചെയ്ത വംശ/വർഗീയ  കലാപങ്ങളും കൂട്ടക്കൊലകളും നിരവധിയാണ്.

അധികാരത്തിലെത്താനും അതിൽ നിന്നു തങ്ങള്‍ക്കു താത്പര്യമില്ലാത്തവരെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഉപകരണമായിട്ടാണ് രാഷ്ട്രീയ പാര്‍ടികള്‍ പലപ്പോഴും വർഗീയ സംഘർഷങ്ങളെ കണക്കാക്കിയിട്ടുള്ളത്.

വര്‍ഗ്ഗീയ കലാപങ്ങൾ നടന്ന എല്ലായിടത്തും മേധാവിത്വ ശക്തികളുടെ കൂടെക്കൂടി മര്‍ദ്ദിതരെ വീണ്ടും ആക്രമിക്കുന്ന പോലീസിനെ നമുക്ക് കാണാൻ കഴിയും. വിഭജനകാലത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ ലഹളയില്‍, കൊളോണിയൽ ഹാങ്ഓവറിൽ ജീവിച്ചിരുന്ന പോലീസ് കൃത്യമായ പക്ഷം ചേർന്നതായി ചരിത്രം തെളിയിക്കുന്നുണ്ട്. ബീഡി വ്യവസായത്തിലൂടെ സാമ്പത്തിക, സാമൂഹിക ഉയർച്ചയും സാംസ്കാരിക ഉണർവ്വും പ്രകടിപ്പിച്ച ജബൽപൂരിലെ കീഴാള മുസ്ലീങ്ങളുടെ  സ്വാധീനം ഇല്ലാതാക്കാൻ ആക്രമണം നടന്നതായി കാണാൻ കഴിയും. ദേശീയ ശ്രദ്ധ ആകർഷിച്ച ഈ കലാപമന്വേഷിച്ച ശിവദയാൽ ശ്രീവാസ്തവ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പോലീസ് പക്ഷം ചേരുക മാത്രമല്ല കലാപത്തിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്ന് പ്രസ്താവിക്കുന്നു.

കലാപാനന്തരം, കൃത്യമായ അന്വേഷണമോ പുനരധിവാസ പ്രവർത്തനങ്ങളോ നടത്താൻ  സന്നദ്ധമാവാതിരുന്ന പോലീസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്. പൂർവ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടവരുടെ ചോരയ്ക്കു പകരം ചോദിക്കുവാനുള്ള ആസൂത്രണ ഫലമായി 1964ൽ റൂർക്കലയിൽ പൊട്ടിപ്പുറപ്പെട്ട, വംശഹത്യയിൽ ഭരണകൂടത്തിന്റെ എല്ലാ ഏജൻസികളുടെയും, പ്രത്യേകിച്ചു പോലീസിന്റെ സഹായം നിർലോഭം ലഭിച്ചിരുന്നത്രേ. രണ്ടായിരം മുസ്ലീങ്ങളാണ് ഈ കലാപത്തിൽ കൊല്ലപ്പെട്ടത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന പ്രധാനപ്പെട്ട കലാപങ്ങളിൽ ഒന്നാണ് അഹമ്മദാബാദിൽ നടന്നത്. നഗരത്തിലെയും ചേരികളിലെയും ചുവരുകളിൽ ഒരു 'വിശുദ്ധതാണ്ടവ'ത്തിനു ആഹ്വാനം ചെയ്തശേഷം മാസങ്ങളോളം ആശയപ്രചരണം നടത്തി ചെയ്തതായിരുന്നു ഇതെന്ന് കലാപമന്വേഷിച്ച ജസ്റ്റിസ് പി മോഹൻ റെഡ്ഡി കമ്മീഷൻ പരാമർശിക്കുന്നു. അഹമ്മദാബാദിലെ തുണിമിൽ വ്യവസായത്തിന്റെ ഭാഗമായിനിന്നു സാമ്പത്തിക സ്വയം പര്യാപ്തത കൈവരിച്ചുകൊണ്ടിരുന്ന ഇവരെ അതെ വ്യവസായത്തിൽ നിന്ന് ഉയർന്നുവന്ന സവർണ്ണ/മധ്യവർഗ്ഗ ഗുജറാത്തികളുടെ നേതൃത്വത്തിൽ നടന്ന ഈ ഹത്യയിൽ ഗുജറാത്ത് സ്‌പെഷ്യൽ പോലീസിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തുണി വ്യവസായത്തിൽ അതുവരെ പലതരത്തിലും സഹകരിച്ചിരുന്ന നഗരത്തിലെ മുസ്ലിമുകളിലെ നല്ലൊരു ശതമാനത്തെ കുടിയൊഴിപ്പിക്കാൻ ഈ കലാപത്തിലൂടെ കഴിഞ്ഞു.

1970ല്‍ മഹാരാഷ്ട്രയിലെ ഭീവണ്ടിയിലും ജര്‍ഗനനിലും നടന്ന കൂട്ടക്കുരുതികള്‍ വംശഹത്യാ ചരിത്രത്തിലെ ഇടവും ഇരുളടഞ്ഞ അധ്യായങ്ങളില്‍ ഒന്നാണ്. വലതുപക്ഷ തീവ്രവാദ ഹൈന്ദവ സംഘടനയായ രാഷ്ട്രീയ ഉത്സവ മണ്ഡലും ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും കെട്ടിച്ചമച്ച ഒരു കഥയില്‍നിന്നായിരുന്നു ഇതിന്റെ തുടക്കം. ഒരു ഹിന്ദു  സ്ത്രീയെ മുസ്ലിം  പീഡിപ്പിച്ചു എന്നതായിരുന്നു കഥയിലെ തുടക്കം. കലാപത്തിനു മുഖ്യകാരണമായ ഈ പ്രചരണം ഒരു കെട്ടുകഥയായിരുന്നുവെന്നു കലാപത്തിന്റെ കാരണങ്ങളിലേക്കിറങ്ങിച്ചെന്ന ടി.പി. മദന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു. കഥകള്‍ സൃഷ്ടിച്ച കൂട്ടക്കുരുതികള്‍ നീണ്ടുനില്‍ക്കാന്‍ ബോധപൂര്‍വ്വം ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയും കലാപകാരികള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും പോലീസിന്റെ ഭാഗത്തുനിന്നും ചെയ്തുകൊടുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

1977ല്‍ യു.പി യിലെ വാരാണാസിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിനെ അതിന്റെ മൂര്‍ച്ചയിലെത്തിച്ചത് പോലീസാണെന്ന് കലാപത്തിനിരയായവരും അവരുടെ ബന്ദുക്കളും ആണയിട്ടു പറയുന്നു. ബംഗാളി ബദ്രലോക് ആധിപത്യമുള്ള അടുത്തുള്ള കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ചില ക്രിമിനലുകളും സമീപത്തെ നെയ്ത്ത് കോളനിയിലെ ചിലരും തമ്മില്‍ നടന്ന സാധാരണ ഒരു തര്‍ക്കം. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ വര്‍ഗ്ഗീയ കലാപമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് യുപിയിലെ പിഎസിക്കാണ്. വര്‍ഷങ്ങളായി തികഞ്ഞ സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന ഇവരുടെ കോളനിയില്‍ വകതിരിവില്ലാതെ കയറിയിറങ്ങി ഇവര്‍. കലാപത്തിനുശേഷവും മാസങ്ങളോളം നീണ്ടുനിന്ന വേട്ടയാടലുകളില്‍ മേധാവിത്വ ശക്തികളോടുള്ള വര്‍ഗ്ഗീയ/ജാതിക്കൂര്‍ ഒളിച്ചുകളിയില്ലാതെ പ്രകടിപ്പിച്ചു ഈ ഗവണ്‍മെന്റ് എജന്‍സി. പ്രതീക്ഷിക്കാതെ പൊട്ടിപ്പുറപ്പെട്ട കലാപത്തെപ്പറ്റി അറിയാതെ സിനിമ കണ്ടിരുന്ന നെയ്ത്തുകാര്‍ക്ക് കുത്തേറ്റപ്പോള്‍ അവരെ ഓടിപ്പിടിച്ചു വെടിവെച്ചിട്ടു പിഎസി.

ഇതിന്റെ തുടർച്ചയായിട്ടാണ് 1979ൽ ബീഹാറിലെ ജാംഷഡ്പൂരിൽ  നടന്നത്. സ്ഥലത്തെ എംഎൽഎയുടെ ആസൂത്രണത്തിലും നിയന്ത്രണത്തിലും നടന്ന ഈ കലാപത്തിനു തുടക്കം കുറിക്കുന്നത് ആദിവാസികളും-മുസ്ലിങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ കൂടി രാമനവമി ഘോഷയാത്ര കടന്നുപോയപ്പോഴായിരുന്നു. കലാപമാന്വേഷിച്ച ജിതേന്ദ്ര നാരായൺ കമ്മീഷൻ റിപ്പോര്‍ട്ട് പ്രകാരം വ്യവസായ നഗരമായ ജാംഷഡ്പൂരിലെ  ഏറ്റവും വലിയ സംഘടിത ശക്തിയായ RSS/BJP/BMS കൂട്ടുകെട്ടിന്റെ സാംസ്കാരിക ദേശീയതിലെക്കുള്ള ഒരു പരീക്ഷണ ശ്രമമാണ് എന്ന് മനസ്സിലാവും. നൂറോളം പേർ കൊല്ലപ്പെട്ട ഈ കൂട്ടക്കുരുതിയിൽ ഏറ്റവും അത്ഭുതമായി നിൽക്കുന്നത്  ഇരുപത്തിരണ്ടു മണിക്കൂറോളം തുടർച്ചയായി വെടിവെച്ചു തിമര്‍ത്ത ബീഹാര്‍ മിലിടറി പോലീസിന്റെ തോക്കിൽ നിന്നും ഒരു ഉണ്ട സന്ദര്‍ശകനായിട്ടു വേട്ടക്കാരെ തേടിയെത്തിയിട്ടില്ല എന്നതാണ്.

രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ട  1980ലെ മൊറാദബാദിലെ(Moradabad) കൂട്ടക്കുരുതി ഒരു പ്രത്യേക രാഷ്ട്രീയാവസ്ഥയെ പ്രതിനിധീകരിക്കുന്നു. നൂറ്റാണ്ടുകളായി പങ്കിടലിന്റെ കഥ പറയാനുണ്ടായിരുന്ന  അൻസാരി മുസ്ലീങ്ങളേയും വാത്മീകി സമുദായത്തെയും തമ്മിലടിപ്പിച്ചുകൊണ്ടാണ് പോലീസ് കലാപത്തിനു തുടക്കം കുറിച്ചത്. ഭീകരതയ്ക്ക് പേരുകേട്ട പിഎസി പല സംഭവങ്ങളിലും മുസ്ലീങ്ങളെ തേടിപ്പിടിച്ചു വെടിവെക്കുകയായിരുന്നു എന്ന് അന്നത്തെ പത്ര റിപ്പോർട്ടുകൾ പറയുന്നു.

1981 ൽ  ബീഹാര്‍ ഷരീഫിലെ വർഗീയ കലാപത്തിലെ പോലീസിന്റെ ബോധപൂർവ്വമായ കഴിവുകേടിനെ പറ്റി അന്വേഷണ കമ്മീഷനായിരുന്ന  ബാല സുബ്രഹ്മണ്യം പുറത്തുകൊണ്ടുവന്നു. ഫാസിസ്റ്റു സംഘടനകളുടെ  അഭൂഹ വ്യവസായത്തിൽ ഇരകളായിത്തീരുകയായിരുന്നു അവിടെത്തെ ദളിതുകളും മുസ്ലിംകളും.
വ്യക്തിതാത്പര്യങ്ങളും വർഗ്ഗീയതയും രാഷ്ട്രീയവും കൂടിച്ചേർന്നതായിരുന്നു 1982 ൽ ഗുജറാത്തില ബറോഡയിൽ നടന്ന കൂട്ടക്കൊലപാതകങ്ങൾ. ഉന്നതനായ ഒരു പോലീസുദ്യോഗസ്ഥനാണ് ബറോഡയിൽ നിന്നു  സ്ഥലംമാറ്റം കിട്ടിയപ്പോൾ അത് മുസ്ലീംങ്ങൾ നടത്തിയ രാഷ്ട്രീയ സമ്മർദ്ദ ഫലമായാണെന്ന് ബി.ജ.പി.നേതാക്കളെ ധരിപ്പിച്ച.  അതുവഴി സാധാരണക്കാരായ ഹിന്ദുക്കളുടെ പോലും വികാരം പോലും മുസ്ലീങ്ങൾക്കെതിരായ ആളിക്കത്തിക്കാൻ കഴിഞ്ഞു.

ഒരു വർഷത്തോളം നീണ്ടുനിന്ന ഈ കലാപങ്ങളിൽ ഇരുപതോളം പേർ കൊല്ലപ്പെടുകയും കോടികൾ വിലമതിക്കുന്ന വസ്തുവകകൾ  നശിപ്പിക്കപ്പെടുകയും ചെയ്തു. 1969 ലെ കലാപത്തിനു ശേഷം മുസ്ലീങ്ങളെ പൂര്‍ണ്ണമായ സാംസ്കാരിക ബഹിഷ്കരണത്തിനു വിധേയമാക്കുക, ദളിത്/ആദിവാസികളെ തങ്ങളുടെ സാംസ്കാരിക ഭൂമികയുടെ ഭാഗമാക്കുക എന്നുള്ള ലക്ഷ്യത്തിലേക്കുള്ള ഉദ്യമത്തിന് പക്വത കൈവരിച്ചു.
മൂവായിരത്തോളം പേരെ തിരഞ്ഞു പിടിച്ചു നരഹത്യക്കിരയാക്കിയ സർക്കാർ സ്പോൺസേർഡ്  വംശഹത്യയായിരുന്നു 1984ൽ  ദൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും നടന്നത്. ഭരണ നേതൃത്വവും പോലീസും സംയുക്തമായി നടത്തിയ ശുദ്ധീകരണ പ്രക്രിയയിൽ പോലീസിന്റെ പങ്കു പകൽ വെളിച്ചം പോലെ പുറത്തു കൊണ്ടു വന്നു ജഗന്നാഥമിശ്ര കമ്മീഷൻ. പല കൊലപതകങ്ങളും കാക്കിയിട്ട തങ്ങളുടെ മതഭ്രാന്ത് പരസ്യമായി പ്രകടമാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്  പറയുന്നത്.

1987 ല്‍ മീററ്റില്‍ നടന്ന കൂട്ടക്കൊല പോലീസിനു എത്രമാത്രം മനുഷ്യത്വ  രഹിതമായി പെരുമാറാം എന്നതാണ് കാണിക്കുന്നത്. മരിച്ചു കിടക്കുന്ന ശരീരങ്ങൾ അംഗ ഭംഗം വരുത്തി വികൃതമാക്കി സമാനതകളില്ലാത്ത ക്രൂരത കാണിച്ചു പോലീസ്. ജീവനുള്ളവരെപ്പോലും കടലിലെ  മീനുകൾക്ക്  ഭക്ഷണമായി എറിഞ്ഞു കൊടുത്തിരുന്നതായി അന്വേഷണത്തിന്  നേതൃത്വം കൊടുത്ത എ സി സക്സേന പറയുന്നു.

തുടര്‍ന്നു അധികാരത്തിൽ  വന്ന മുലായം സർക്കാർ ഇരുപതു പോലീസുദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ  നോക്കിയെങ്കിലും മുറിവുകൾ വീണ്ടും ബാക്കിയായി. നിരുത്തരവാദിത്തവും പക്ഷപാതവും ഒന്നിച്ചു സന്നിവേശിച്ച  പിഎസി യെ വീണ്ടും വീണ്ടും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വിന്യസിക്കുക വഴി മത ന്യൂനപക്ഷത്തിന്റെ ഇടയിൽ  അരക്ഷിതാവസ്ഥ സൃഷ്ടിച്ചു മാറിമാറി വന്ന സർക്കാർ.1989ൽ  രാജസ്ഥാനിലെ കോട്ടയിലും ഒറീസയിലെ  ഭദ്രക്കിലും നടന്ന വർഗീയ ലഹളകള്‍ക്കു ഒട്ടേറെ സാമ്യതകളുണ്ടായിരുന്നു. മതവും മതചിഹ്നങ്ങളും  രാഷ്ട്രീയവത്കരിച്ചു അധികാരം നേടാനുള്ള ബിജെപിയുടെ ദുരുദ്ദേശമായിരുന്നു കലാപമായി പടർന്നത്.

90 കളായപ്പോഴേക്കും വർഗീയ കലാപങ്ങൾക്കും വംശഹത്യകൾക്കും കൃത്യമായ വഴിയും സ്പോൺസേഴ്സുമുണ്ടായി. തൊണ്ണൂറുകളിലെ ആദ്യമാസങ്ങളിൽ  മാത്രം ഗുജറാത്ത് സാക്ഷിയായത് 1400ഓളം വർഗീയ കലാപങ്ങൾക്കാണ്. ഇതേ വർഷം അദ്വാനിയുടെ വംശഹത്യാ രഥം മതേതര ഇന്ത്യയെ ചിഹ്നഭിന്നമാക്കി  ചീറിപ്പാഞ്ഞപ്പോൾ ഇല്ലാതായത് നൂറുകണക്കിനാളുകളാണ് . സോംനാഥിൽ നിന്നും തുടങ്ങിയ രഥയാത്ര അയോധ്യയിൽ അവസാനിച്ചപ്പോൾ  ഇന്ത്യ എന്ന സങ്കൽപം തന്നെ മാറി.

ഈ കാലത്ത് നടന്ന ഏറ്റവും വലിയ ഭീകരതകളിലോന്നായിരുന്നു ഭഗൽപൂരിലേത് . ഇതിൽ  സ്റ്റേറ്റിന്റെ  പല ഏജൻസികൾക്കുമുള്ള പങ്കും പോലീസിന്റെ പക്ഷപാതപരമായ  നിഷ്ക്രിയത്വവും അന്വേഷണ കമ്മീഷൻ  റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആയിരത്തോളം മുസ്ലീങ്ങൾ മാത്രം കൊല്ലപ്പെട്ട കലാപത്തിൽ ഭഗൽപൂർ  പോലീസ് സൂപ്രണ്ടിന്റെ  പച്ചയായ മുസ്ലിം വിരോധം റിപ്പോർട്ടിൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ രഥയാത്രാ തണ്ഡവത്തിൽ കലുഷിതമായ ബനാറസ് പോലെയുള്ള സ്ഥലങ്ങളിൽ പി.എ.സി.തന്നെയായിരുന്നു കൊലയ്ക്കും കൊള്ളക്കും നേതൃത്വം കൊടുത്തത്. ഈ പരമ്പരയിലെ വളരെ പ്രധാനപ്പെട്ടതായിരുന്നു ശിവസേനയുടെ നേതൃത്വത്തിൽ അരങ്ങേറിയ ബോംബെ കലാപം.

രാഷ്ട്രീയ-മത നേതൃത്വങ്ങളുടെ നിയന്ത്രണത്തിൽ  നടന്ന ശുദ്ധീകരണ പ്രക്രിയയിൽ അന്നത്തെ ബോംബെ പോലീസ് കമ്മീഷണരുടെ തികച്ചും വർഗ്ഗീയമായ നിർദേശങ്ങൾ ശ്രീകൃഷ്ണ കമ്മീഷൻ  കൃത്യമായി പുറത്തുകൊണ്ടുവന്നു.രഥയാത്രയുടെ ദുർഭൂതം കേരളത്തെ കാർന്നു തിന്നത് നാം കണ്ടത് പാലക്കാടിന്റെ മണ്ണിലായിരുന്നു. “മുസ്ലിം ബാസ്റ്റാർഡ്സിന്റെ  ശവം വേണമെനിക്ക്” എന്നലറിക്കൊണ്ട് തന്റെ വിധേയത്വം പൂര്‍ണ്ണമായി പ്രകടിപ്പിക്കുകയായിരുന്നു അന്നത്തെ ഡിഐജി. കേരളത്തിലെ വലിയൊരു ജനസമൂഹം കൊലയാളി എന്നുവിശേഷിപ്പിച്ച ഇയാളെ 92 മുതല്‍ വീണ്ടും വീണ്ടും ഉദ്യോഗ ക്കയറ്റം നല്‍കി സല്‍ക്കരിച്ച കഥയാണ് അന്നു മുതല്‍ നമുക്കു കേള്‍ക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ പൊതുസമൂഹം മുഴുവനും സാക്ഷിയായ പച്ചയായ ഒരു കൊലപാതകം നടത്തിയ ഒരാളെ കൊലപാതകം നടക്കുമ്പോള്‍ അധികാരത്തിലുണ്ടായിരുന്ന പാര്‍ടിയുടെ തന്നെ തത്പര്യ പ്രകാരം ബിഎസ്എഫ് പ്രതിഷ്ഠിക്കുകയും ചെയ്തു പിന്നീട്.

1995 ൽ യു.പി.യിലെ രനിഖണ്ടി, ബീഹാറിലെ പലാമു തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കലാപങ്ങൾ വത്യസ്തമാകുന്നതു കലാപം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ബോധപൂർവ്വം മാറിനിൽക്കുക എന്നത് ഒരു പോളിസി ആയി ത്തന്നെ സ്വീകരിച്ച പോലീസ് നടപടി മൂലമാണ്. 1998 ൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അജ്മീർ ടൗണിൽ നടന്ന കലാപത്തിൽ  കൊല്ലപ്പെട്ടത്  30 പേരായിരുന്നു. ജാതി-മത പരിഗണനകൾ വകവെക്കാതെ അന്യവല്‍ക്കരണപ്പെട്ടവർക്കും പ്രന്തവൽക്കപെട്ടവര്‍ക്കും ആശ്വാസത്തിന്റെ ഒരു സമൂഹ മണ്ഡലം സൃഷ്ടിച്ചു കൊടുക്കുന്ന ദര്‍ഗ്ഗ കോംപ്ലക്സിൽ തടിച്ചുകൂടിയവരെ പ്രാര്‍ത്ഥനാ ഭാവതിന്റെ സാംസ്കാരിക മര്യാദകൾ ധിക്കരിച്ചുകൊണ്ട് ലാത്തിവീശിയപ്പോൾ, വികസനമെന്തെന്നു എത്തിനോക്കാൻ പോലും മടിക്കുന്ന പഴയ അജ്മീർ  ടൗണിൽ നഷ്ടപെട്ടത് വിലപ്പെട്ട ഒരു പാടു ജീവനുകളാണ്.

2008-09 കളില്‍ മഹാരാഷ്ട്രയിലെ പുസാടിലും ദിഗ്രാസ്സിലും നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ മഹാരാഷ്ട്രാ പോലീസിന്റെ കിരാതമായ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച അസ്ഗര്‍ അലി എഞ്ചിനീയര്‍ വിവരിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയുടെ അറിവോടും സമ്മതത്തോടും നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ട വീഡിയോകള്‍ ഇഷ്ടംപോലെ തെളിവുകൾ ഉണ്ടായിട്ടും ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടെ നടന്ന കലാപങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതു ഒരു ഉത്തരേന്ത്യന്‍ പോലീസുദ്യോഗസ്ഥന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നാദാപുരത്തെ വിവിധസ്ഥലങ്ങളില്‍ ഇതേ വര്‍ഷങ്ങളില്‍ നടന്ന വീട്/വീട്ടുപകരണങ്ങള്‍/വാഹന/ങ്ങള്‍ തച്ചുടയ്ക്കുന്ന ഒരു പ്രകോപനവുമില്ലാതെ തല്ലിത്തകര്‍ക്കുന്ന പോലീസ് ദൃശ്യങ്ങളാണ്. മുൻപ് ബീമാപള്ളിയിയിലും. പുറത്തു വന്നുകൊണ്ടിവരിക്കുന്ന വാർത്തകൾ പ്രകാരം ഇപ്പോൾ ഭോപ്പാലിലും നടന്നതും ഇത് തന്നെയാണ്.

ഇരകളെ കൃത്യമായി വിഭജിച്ചു അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ കൂട്ടക്കുരുതികള്‍ക്ക് ആക്കം കൂട്ടിക്കൊടുക്കുന്ന ഉത്തരേന്ത്യന്‍ വാര്‍പ്പ് മാതൃകകള്‍ കേരളത്തില്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് അത്ര പഴക്കമായിട്ടില്ല. പോസ്റ്റ് കൊളോണിയൽ സ്റ്റേറ്റിന്റെ  ഏറ്റവും വലിയ രാഷ്ട്രീയാവശ്യം അനുസരണയുള്ള പ്രജകളാണ്. സ്റ്റേറ്റിന്റെ ഇംഗിതത്തിന് വിരുദ്ധമായി പ്രജകൾ പ്രതികരിക്കുമ്പോൾ അതിനെതിരെ സ്റ്റേറ്റ് ഏറ്റവും മൃഗീയമായ മർദ്ദകോപകരണം പ്രയോഗിക്കുന്നു. ആ ഉപകരണങ്ങളിൽ ഒന്നാണ് പോലീസ്.

(ഡൽഹി സർവകലാശാലയിലെ ചരിത്ര വിഭാഗം അധ്യാപകനാണ് ലേഖകൻ)