ഭൂതകാലം വിസ്മരിച്ച് സിപിഐഎമ്മിന്റെ മാവോയിസ്റ്റ് വേട്ട

1939ല്‍ പിണറായിയിലെ പാറപ്പുറത്ത് നടന്ന സമ്മേളനത്തോടെ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ ഇടതുമന്ത്രിസഭ അധികാരത്തില്‍ വരുന്നതു വരെയുള്ള കാലത്തെ വിസ്മരിച്ച് എങ്ങനെ സിപിഐഎമ്മിന് മുന്നോട്ട് പോകാനാകും?

ഭൂതകാലം വിസ്മരിച്ച് സിപിഐഎമ്മിന്റെ മാവോയിസ്റ്റ് വേട്ട

അടിയന്തിരാവസ്ഥ കാലത്ത് സി അച്യുതമേനോന്റെയും കെ കരുണാകരന്റെയും പൊലീസിന്റെ നരനായാട്ടിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നു സിപിഐഎമ്മും ജനതാപാര്‍ട്ടിയും. അതേ സിപിഐഎമ്മിലെ പിണറായി വിജയന്‍ മുഖ്യമന്ത്രിയും ജനതാപാര്‍ട്ടി മൂത്ത് ബിജെപിയായപ്പോള്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയുമായപ്പോള്‍ അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഏറ്റുമുട്ടലിന് ഭരണകൂടം തന്നെ നേതൃത്വം നല്‍കുന്നുവെന്നത് കേവല യാദൃശ്ചികത മാത്രം. നിലമ്പൂര്‍ കാടുകളില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നതിനുള്ള തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴാണ് ഭരണകൂടവും പിണറായി വിജയനും ഒരുപോലെ പ്രതിക്കൂട്ടിലാവുന്നത്.


1939ല്‍ പിണറായിയിലെ പാറപ്പുറത്ത് നടന്ന സമ്മേളനത്തോടെ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ ഇടതുമന്ത്രിസഭ അധികാരത്തില്‍ വരുന്നതു വരെയുള്ള കാലത്തെ വിസ്മരിച്ച് എങ്ങനെ സിപിഐഎമ്മിന് മുന്നോട്ട് പോകാനാകും?

ഒളിപ്പോരാട്ടങ്ങളും ജനകീയ പ്രതിരോധവും തീര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതവണ നിരോധിക്കപ്പെട്ടുവെന്നത് ചരിത്രസാക്ഷ്യം. 1946ലെ പുന്നപ്ര-വയലാര്‍ സമരകാലത്ത് ദിവാന്‍ പട്ടാളത്തെ വാരിക്കുന്തമെടുത്ത് നേരിട്ട കമ്മ്യൂണിസ്റ്റ് പോരാട്ടപാരമ്പര്യത്തന്നെ പുച്ഛിക്കുന്ന തരത്തിലാണ് നിലമ്പൂര്‍ കാടുകളില്‍ പിണറായിയുടെ പൊലീസും തണ്ടര്‍ബോള്‍ട്ടും ചോരപടര്‍ത്തിയത്. പ്രത്യയശാസ്ത്രപരമായി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളെ കളങ്കമില്ലാതെ അനുസരിക്കുകയും ആശയപരമായി വ്യത്യസ്ഥ വഴികള്‍ തേടുകയും ചെയ്ത സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകരായ രണ്ടുപേരെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ത്തന്നെ വടിവച്ചു കൊന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയോ രമേശ് ചെന്നിത്തലയുടെയോ പൊലീസിന് നിഷ്പ്രയാസം ചെയ്യാമായിരുന്ന കാര്യമാണു യാതൊരു കയ്യറപ്പുമില്ലാതെ പിണറായിയുടെ പൊലീസ് നിഷ്‌കരുണം കൊന്നുതള്ളിയത്. മനുഷ്യസ്‌നേഹികളുടെ ഒരു പിന്തുണയും കിട്ടാത്ത ഈ കടുംകൈ ചെയ്ത സര്‍ക്കാറിനെതിരെ സിപിഐ തന്നെ രംഗത്തുവന്നതിലേക്കെത്തി കാര്യങ്ങള്‍. മാവോയിസ്റ്റ് ആശയങ്ങളോടു വിയോജിപ്പു പ്രകടിപ്പിക്കുന്നവര്‍പോലും ഈ 'ഏറ്റുമുട്ടല്‍' കൊലയെ അങ്ങേയറ്റം വിവരക്കേടെന്നു വിശേഷിപ്പിച്ചതു തന്നെയാണ് ഈ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയും.

സിപിഐയുടെ ഉറച്ച നിലപാട്

1970ല്‍ ഫിബ്രവരി 18ന് തിരുനെല്ലിക്കാട്ടില്‍ നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് വെടിയേറ്റുമരിച്ചപ്പോഴും, 1976 മാര്‍ച്ചില്‍ കോഴിക്കോട് ആര്‍ഇസി കോളജ് വിദ്യാര്‍ഥി രാജനെ കാണാതാവുകയും മൃതദേഹംപോലും കണ്ടെത്താതെ വരികയും ചെയ്ത സംഭവം ഇന്നും കേരള മനഃസാക്ഷിക്ക് മുമ്പിലുണ്ട്. കക്കയം ക്യാമ്പില്‍വച്ച് രാജനെ ഉരുട്ടിക്കൊന്നെന്ന ദൃക്‌സാക്ഷി വിവരണവും അരിക്കാട്ട് വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതാണെന്നുള്ള പൊലീസുകാരന്‍ രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതവും അന്നും ഇന്നും സിപിഐയെയും കോണ്‍ഗ്രസിനെയും ഒരുപോലെ വേട്ടയാടിക്കൊണ്ടിരുന്ന സംഭവമാണ്. കെ കരുണാകരനും സി അച്യുതമേനോനും മരിക്കുംവരെ കേരള മനഃസാക്ഷിയുടെ പ്രതിക്കൂട്ടിലായ രണ്ട് സംഭവത്തിലും സിപിഐഎം വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിച്ചുവെന്നത് ചരിത്രപരമായ യാഥാര്‍ഥ്യം.

അതേസമയം നിലമ്പൂര്‍ കാട്ടില്‍ സിപിഐ മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമി ദേവരാജിനെയും അജിതയെയും കൊലപ്പെടുത്തിയ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഇടതുസര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിപിഐ രംഗത്ത് വന്നത് മുന്‍നേതാക്കളുടെ തെറ്റിനുള്ള ഒരു പ്രായശ്ചിത്തം എന്ന നിലക്ക് കൂടിയാണെന്ന് അനുമാനിക്കുന്നതിലും തെറ്റുണ്ടാകില്ല. അച്യുതമേനോന്റെയും വെളിയംഭാര്‍ഗവന്റെയും സി കെ ചന്ദ്രപ്പന്റെയുമൊക്കെ കാലം അവസാനിച്ചപ്പോള്‍ ദൃഢമായ നിലപാടുള്ള കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമെല്ലാം സിപിഐയുടെ അമരത്തുണ്ട്. നക്‌സലിസത്തെ അടിച്ചമര്‍ത്തുകയും തള്ളിപ്പറയുകയും ചെയ്ത പാരമ്പര്യമുള്ള സിപിഐയില്‍ പുത്തന്‍കൂറ്റുകാരുടെ ഉച്ചത്തിലുള്ള ശബ്ദമാണിപ്പോള്‍ ഇടതുസര്‍ക്കാറിനെ ഉലയ്ക്കുന്നതും. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതുസര്‍ക്കാറിന്റെ നയമല്ലെന്ന കാനം രാജേന്ദ്രന്റെ നിലപാടു സിപിഐമ്മിനുണ്ടാക്കിയ പ്രഹരം ചെറുതൊന്നുമല്ല. ഏറ്റുമുട്ടല്‍ കൊലയില്‍ ശക്തമായ പ്രതിഷേധവും നിലപാടും സ്വീകരിക്കേണ്ട പ്രതിപക്ഷം സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചതിലും ഒരുകാലത്തും അത്ഭുതം തോന്നില്ല. കാരണം, അതു കോണ്‍ഗ്രസിന്റെ നിലപാടാണ്. അതങ്ങനെയേ വരൂ.

ഏറ്റുമുട്ടല്‍ വിദഗ്ദ്ധരുടെ രംഗപ്രവേശം


ദേവേഷ് കുമാര്‍ ബഹ്‌റയെപ്പോലുള്ള ഏറ്റുമുട്ടല്‍ വിദഗ്ദ്ധനെ മലപ്പുറം എസ്പിയായി നിയോഗിച്ചതിലൂടെത്തന്നെ ഊഹിക്കാവുന്നതാണ് പിണറായി സര്‍ക്കാറിന്റെ മാവോയിസ്റ്റുകളോടുള്ള സമീപനം. കരുളായി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിനു നേരിട്ടു നേതൃത്വം കൊടുത്ത എസ്പിയുടെ നടപടി പരക്കെ വിമര്‍ശിക്കപ്പെടുമ്പോഴാണ് പിണറായി സര്‍ക്കാറിലേക്കും അതിന്റെ പാപക്കറ ഒലിച്ചിറങ്ങുന്നത്. ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ ലോക്‌നാഥ് ബഹ്‌റ ഡിജിപിയായ കേരളത്തില്‍ മനുഷ്യാവകാശ ശബ്ദങ്ങള്‍ക്കൊന്നും തല്‍ക്കാലം പ്രസക്തിയില്ല. ഏറ്റുമുട്ടല്‍ക്കൊല തങ്ങളുടെ നിലപാടല്ലെന്ന് പറഞ്ഞ് പൊലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ തല്‍ക്കാലം പിണറായി തയ്യാറായതുമില്ല. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിലൊരു ഓപ്പറേഷന്‍ നടന്നുവെന്നത് വിശ്വസിക്കാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഒന്ന് അദേഹം ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്നുണ്ട്. 2014ല്‍ വയനാട്ടിലെ കുഞ്ഞോമില്‍ തമ്പടിച്ച് മാവോയിസ്റ്റുകളെ നേരിടാന്‍ ഇറങ്ങിത്തിരിച്ച തണ്ടര്‍ബോള്‍ട്ടിന് നിഷ്പ്രയാസം മൂന്ന് പേരെയെങ്കിലും വെടിവെച്ച് കൊല്ലാവുന്ന അവസരം ഒത്തുവന്നെങ്കിലും മുകളില്‍ നിന്ന് ഉത്തരവില്ലെന്നാണ് അന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ സേനക്ക് നിര്‍ദേശം നല്‍കിയത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഏറ്റുമുട്ടലും കൊലപാതകയും പിണറായി വിജയന്റെ നിലപാടിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. വയനാട്ടിലെ വനപാലകരും പൊലീസും മാവോയിസ്റ്റുകളെ മുഖാമുഖം കണ്ട സംഭവങ്ങള്‍ നിരവധിയാണ്. വെള്ളമുണ്ടക്കടുത്ത് ചാപ്പ ആദിവാസി കോളനിയിലെ വെടിവെപ്പുള്‍പ്പെടെ ഇത്തരം സംഭവങ്ങളില്‍ നിന്ന് ഉണ്ടായതാണ്.

മാവോയിസ്റ്റുകള്‍ക്ക് ഭരണകൂടത്തിന്റെ ആനുകൂല്യം ആവശ്യമോ?

ഭരണകൂടത്തിനെതിരെ ആയുധമെടുത്ത് പോരാടുന്ന മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഉരുത്തിരിയുന്ന ചര്‍ച്ചകളില്‍ പ്രധാനമായും ഉയരുന്ന ചോദ്യമാണ് അവര്‍ക്ക് നിലവിലെ നിയമവ്യവസ്ഥയില്‍ ആനുകൂല്യം അനുവദനീയമാണോയെന്ന ചോദ്യം. രാജ്യത്തെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുകയും ഭരണകൂടത്തിന് നേരെ തോക്കേന്തുകയും ചെയ്യുമ്പോള്‍ അതേഭരണകൂടത്തില്‍ നിന്ന് നീതി ആവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിക്കാനാവുമോയെന്നാണ് നിയമ വിദഗ്ധള്‍ ചോദിക്കുന്നത്. പിടിക്കാവുന്ന സാഹചര്യമുണ്ടായിട്ടും മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭരണകൂടനടപടിയെ പൊതുസമൂഹം നിശിതമായിത്തന്നെ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റ് സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് വാദവുമായി രംഗത്തുള്ളത്. അതെങ്ങനെ അംഗീകരിക്കാനാകുമെന്ന ചോദ്യവും സ്വാഭാവികം. ഭരണകൂടത്തിതെിരെ യുദ്ധം ചെയ്യുന്നവര്‍ അതേ ഭരണകൂടത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരാണോയെന്ന ചോദ്യത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍തന്നെയാണ് ഉയര്‍ന്നുവരേണ്ടത്. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നത് നിയമപരമായി തെറ്റാകില്ലെന്ന നിലപാടാണ് ശ്യാം ബാലകൃഷ്ണന്‍ കേസില്‍ ഹൈക്കോടതി ഉന്നയിച്ചതെന്നതും പ്രസക്തമാണ്. ആശയവും പോരാട്ടവും രണ്ടും രണ്ടാണെന്ന നിലപാടാണ് അന്ന് കോടതി ഉയര്‍ത്തിയത്. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്ന ഉത്തരവ് കൂടിയായിരുന്നു 2015ലെ ഹൈക്കോടതി വിധി.

ഉത്തരേന്ത്യയിലെ അവസ്ഥയാണോ കേരളത്തില്‍?

ബസ്തറിലും ദന്തേവാഡയിലും ഖനികളും മറ്റ് പ്രകൃതിവിഭവങ്ങളും ഉപയോഗിച്ച് സ്വയംഭരണം നടത്തുന്ന മാവോയിസ്റ്റുകളില്‍ നിന്ന് കേരളത്തിലെ മാവോയിസ്റ്റുകളിലേക്കുള്ള ദൂരമെത്രയാണ്? നിസ്സംശയം പറയാം. അത്തൊരത്തിലൊരു നീക്കത്തിന് പാകമായ മണ്ണല്ല കേരളത്തിലേത്. നിലമ്പൂരും വയനാട്ടിലും അട്ടപ്പാടിയിലുമൊന്നും ഇത്തരത്തിലൊരു സാഹചര്യം ഇപ്പോഴില്ല. ഭരണകൂടത്തെ അട്ടിമറിക്കാനുതകുന്ന പ്രവര്‍ത്തനത്തിന് സജ്ജമായൊരു സേനയായി മാവോയിസ്റ്റുകള്‍ക്ക് വളരാന്‍ കേരളത്തില്‍ ഒരിക്കലുമാകില്ലെന്നത് അവിതര്‍ക്കിതമായൊരു യാഥാര്‍ഥ്യമാണ്. കാരണം നിലമ്പൂരും വയനാടും അട്ടപ്പാടിയുമല്ല കേരളം. അതേസമയം ആദിവാസികള്‍ ഉള്‍പ്പെടെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുള്ള നാടാണിതെന്ന കാര്യത്തില്‍ സംശയവുമില്ല. സ്വാതന്ത്ര്യം ലഭിച്ച ഏഴ് പതിറ്റാണ്ടായിട്ടും മുഖ്യധാരയിലേക്കുയരാന്‍ കഴിയാത്തൊരു വിഭാഗത്തിനൊപ്പം മാവോയിസ്റ്റ് സംഘടനകള്‍ നില്‍ക്കുന്നുവെങ്കില്‍ അതിനെയെങ്ങനെ തോക്കുകൊണ്ട് നേരിടാനാകും? അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ പരിഷ്‌കൃത സമൂഹത്തിന് തന്നെ അപമാനമാകുന്ന ആദിവാസി ജീവിതങ്ങളുടെ മാറ്റം തന്നെയാണ് അടിസ്ഥാനപരമായി മാവോയിസ്റ്റുകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയം. അതിനപ്പുറത്തേക്ക് ഛത്തീസ്ഗഡിലോ ഝാര്‍ഖണ്ഡിലോ നടക്കുന്നപോലുള്ളൊരു സ്വയംഭരണം ഒരുകാലത്തും കേരളത്തില്‍ സാധ്യമാകില്ലെന്ന് അറിയാത്തവരുമല്ല സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട വിഭാഗം. ഇവിടെ തോല്‍ക്കുന്നത് മാവോയിസ്റ്റുകളല്ല, ഭരണകൂടം തന്നെയാണ്. വെടിവെച്ച് ഇല്ലാതാക്കാവുന്നതല്ല നിലവിലെ വ്യവസ്ഥിതി. അത് മറികടക്കാനാവുന്നൊരു പ്രവര്‍ത്തനമണ്ഡലമാണിവിടെ രൂപപ്പെടേണ്ടത്.