ആദിവാസി കുടുംബത്തിന്റെ കിടപ്പാടം കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ജപ്തി ചെയ്തു മറിച്ചുവിറ്റു

നീലേശ്വരം മീർകാനം സ്വദേശി രാജന്റെ കിടപ്പാടമാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാസർഗോഡ് ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റി ജപ്തി ചെയ്തു വിറ്റത്. സംഭവത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആദിവാസി കുടുംബത്തോട് ക്രൂരതയാണ് കാട്ടിയതെന്നും കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണമുയർന്നു. പരാതി ഉയർന്നതോടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ കാസർഗോഡ് ഡിസിസി പ്രസിഡന്റ് അഡ്വ. സികെ ശ്രീധരനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ആദിവാസി കുടുംബത്തിന്റെ കിടപ്പാടം കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ജപ്തി ചെയ്തു മറിച്ചുവിറ്റു

കാസർഗോഡ്: ഭാവനവായ്പാ കുടിശ്ശികയുടെ പേരിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഹൗസിങ് സൊസൈറ്റി ആദിവാസിയുടെ കിടപ്പാടം ജപ്തി ചെയ്ത് തുച്ഛമായ തുകക്ക് വിറ്റു. നീലേശ്വരം മീർകാനം സ്വദേശി രാജന്റെ കിടപ്പാടമാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാസർഗോഡ് ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റി ജപ്തി ചെയ്തു വിറ്റത്.

2002ൽ വീട് അറ്റകുറ്റപ്പണിക്കായാണ് രാജൻ കാസർഗോഡ് ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റിയിൽ നിന്നും 20000 രൂപ ഭവനവായ്പ  എടുത്തത്. കൂലിപ്പണിക്കാരനായ രാജൻ നാളിതുവരെയായി വിവിധ ഘട്ടങ്ങളിലായി 8410 രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ കൂലിപ്പണി കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ കടം പലിശ വളർന്ന് 77913 രൂപയിലെത്തി.


തുടർന്ന് സൊസൈറ്റി രാജന്റെ 25 സെന്റ് കിടപ്പാടം ജപ്തി ചെയ്യുകയായിരുന്നു. സെന്റിന് കുറഞ്ഞത് 30000 രൂപ മാർക്കറ്റ് വിലയുള്ള രാജന്റെ ഭൂമി സെന്റിന് 3116 എന്ന നിലയിലാണ് സൊസൈറ്റി വിറ്റത്. തങ്ങളുടെ കുടിശിക തിരിച്ചു പിടിക്കാനുള്ള വില മാത്രമാണ് സൊസൈറ്റി ഈടാക്കിയത്. ഏഴര  ലക്ഷം രൂപ വിലയുള്ള ഭൂമി ചുളുവിലക്ക് വിറ്റെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
സംഭവത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആദിവാസി കുടുംബത്തോട് ക്രൂരതയാണ് കാട്ടിയതെന്നും കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണമുയർന്നു. പരാതി ഉയർന്നതോടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ കാസർഗോഡ് ഡിസിസി പ്രസിഡന്റ് അഡ്വ. സികെ ശ്രീധരനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

എന്നാൽ എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നടപടികൾ സ്വീകരിച്ചതെന്ന് സൊസൈറ്റി സെക്രട്ടറി രമേശൻ നായർ നാരദാ ന്യൂസിനോട് പറഞ്ഞു. 2008 വരെ രാജൻ ലോൺ തിരിച്ചടച്ചിരുന്നില്ല. സാധ്യമായ എല്ലാ സഹായവും ഇതിനായി രാജന് ചെയ്തുകൊടുത്തിരുന്നുവെന്നും തിരിച്ചടവ് ഉണ്ടാകാത്തതിനാൽ കാഞ്ഞങ്ങാട് സിവിൽ കോടതിയെ സമീപിക്കുകയും കോടതിയാണ് ഇപ്പോഴത്തെ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും രമേശൻ നായർ പറഞ്ഞു. സ്ഥലത്തെ ഫെയർ വാല്യൂ അനുസരിച്ച് കോടതിയാണ് ലേലം നിയന്ത്രിച്ചതെന്നും കോടതി പരിസരത്താണ് ലേലം നടന്നതെന്നും രമേശൻ നായർ പറഞ്ഞു. മുൻപ് യുഡിഎഫ് ഭരണകാലത്ത് ഇതുസംബന്ധിച്ച് ചിലർ അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണെന്നും അപ്പോൾ തന്നെ സൊസൈറ്റി ഉമ്മൻ ചാണ്ടിക്ക് തൃപ്തികരമായ മറുപടി നൽകിയിരുന്നെന്നും സൊസൈറ്റി സെക്രട്ടറി രമേശൻ നായർ നാരദാ ന്യൂസിനോട് പറഞ്ഞു.

Representational Image