സിവില്‍ സര്‍വീസ് ജേതാക്കളുടെ മിശ്രവിവാഹത്തിനെതിരെ ഹിന്ദുമഹാസഭ; ടിന ദാബി-അത്തര്‍ ആമിര്‍ വിവാഹം ലൗജിഹാദെന്ന് ആരോപണം

വിവാഹം ചെയ്യണമെങ്കില്‍ അത്തര്‍ ആമിറിനെ ആദ്യം 'ഖര്‍ വാപ്പസി'യിലൂടെ ഹിന്ദുമതത്തില്‍ ചേര്‍ക്കണമെന്ന് ഹിന്ദുമഹാസഭ ടിനയുടെ മാതാപിതാക്കളോട് കത്തിലൂടെ ആവശ്യപ്പെട്ടു.

സിവില്‍ സര്‍വീസ് ജേതാക്കളുടെ മിശ്രവിവാഹത്തിനെതിരെ ഹിന്ദുമഹാസഭ; ടിന ദാബി-അത്തര്‍ ആമിര്‍ വിവാഹം ലൗജിഹാദെന്ന് ആരോപണം

2015-16ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ രണ്ട് റാങ്കുകള്‍ നേടിയ ടിന ദാബിയും അത്തര്‍ ആമിര്‍ ഉള്‍ ഷാഫിയും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന ആരോപണവുമായി ഹിന്ദു മഹാസഭ രംഗത്തെത്തി. ടിന ലൗ ജിഹാദിന് ഇരയാണെന്ന് ആരോപിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ ടിനയുടെ മാതാപിതാക്കള്‍ക്ക് കത്തയച്ചു. താന്‍ അത്തര്‍ ആമിറിനെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് കഴിഞ്ഞയാഴ്ചയാണ് ടിന പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ ആരോപണവുമായി രംഗത്തുവന്നത്.


വിവാഹം ചെയ്യണമെങ്കില്‍ അത്തര്‍ ആമിറിനെ ആദ്യം 'ഖര്‍ വാപ്പസി'യിലൂടെ ഹിന്ദുമതത്തില്‍ ചേര്‍ക്കണമെന്ന് ഹിന്ദുമഹാസഭ ടിനയുടെ മാതാപിതാക്കളോട് കത്തിലൂടെ ആവശ്യപ്പെട്ടു.
. ടിനയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായുും എന്നാല്‍ അവള്‍ ഒരു മുസ്ലീം ചെറുപ്പക്കാരനെ വിവാഹം ചെയ്യാനെടുത്ത തീരുമാനം 'വേദനിപ്പിക്കുന്ന'താണെന്നും സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ പറഞ്ഞു. മകളെ വിവാഹം ചെയ്യാനുള്ള അത്തറിന്റെ 'ഗൂഢാലോചന'യ്‌ക്കെതിരെ സംഘടിതമായി രംഗത്തുവരാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായപ്പോഴും ലവ് ജിഹാദ് ആരോപിച്ച് ഹിന്ദു മഹാസഭ രംഗത്തുവന്നിരുന്നു.

ന്യൂഡല്‍ഹിയിലെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് ഓഫിസില്‍ വെച്ചാണ് താന്‍ ആദ്യമായി അത്തര്‍ ആമിറിനെ കണ്ടതെന്ന് നേരത്തെ ടിന വ്യക്തമാക്കിയിരുന്നു. പിന്നീട് പരസ്പരം ഇഷ്ടത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ വാര്‍ത്ത പുറത്തറിഞ്ഞപ്പോള്‍ മുതല്‍ പലരും വിവാഹത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചതായി ടിന പറയുന്നു. സ്വതന്ത്ര ചിന്തയുള്ള വ്യക്തിയെന്ന നിലയില്‍ തന്റെ തിരഞ്ഞെടുപ്പാണ് ആമിര്‍ എന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Read More >>