മിയ ഖലീഫയെ സൗദിയിലെ യുഎസ് അംബാസിഡറാക്കാന്‍ ആവശ്യപ്പെട്ട് നിവേദനം

അവിവേകിയായ ബിസിനസുകാരനും ടിവി ഷോ താരവുമായ ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മിയ ഖലീഫയ്ക്ക് അമേരിക്കയുടെ സൗദി അംബാസിഡറാകാന്‍ പാടില്ലെന്ന്' നിവേദനത്തെ പിന്തുണയ്ക്കുന്നവര്‍ പരിഹാസ രൂപേണ ചോദിക്കുന്നു

മിയ ഖലീഫയെ സൗദിയിലെ യുഎസ് അംബാസിഡറാക്കാന്‍ ആവശ്യപ്പെട്ട് നിവേദനം

മുന്‍ ലെബനീസ് പോണ്‍ താരവും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ മിയ ഖലീഫയെ അമേരിക്കയുടെ സൗദി അംബാസിഡറാക്കണമെന്നാവശ്യപ്പെട്ട് നിവേദനം. ഡാല്‍കോം റോഡ്രിഗസ് ഗോള്‍ഡ്സ്റ്റണ്‍ എന്നയാളാണ് തന്റെ ബ്ലോഗിലൂടെ വിചിത്രമായ ആവശ്യമുന്നയിച്ചത്. 'നമ്മുടെ രാജ്യത്തിന്റേയും ലോകസമൂഹത്തിന്റേയും പുരോഗതിയ്ക്കായി സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കാനായ ചരിത്രമാണ് മിയ ഖലീഫയുടേത്. പലതരം ആളുകളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന അമേരിക്കയെ മിഡില്‍ ഈസ്റ്റില്‍ പ്രതിനിധീകരിക്കുന്നതിന് മികച്ചൊരു നേതാവാകും മിയ' എന്നാണ് റോഡ്രിഗസ് ഗോള്‍ഡ്സ് ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. തന്റെ ഏക വോട്ടോട് കൂടി ആരംഭിച്ച നിവേദനത്തിന് ഇപ്പോള്‍ 3,656 പേരുടെ പിന്തുണയുണ്ട്.


'അവിവേകിയായ ബിസിനസുകാരനും ടിവി ഷോ താരവുമായ ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മിയ ഖലീഫയ്ക്ക് അമേരിക്കയുടെ സൗദി അംബാസിഡറാകാന്‍ പാടില്ലെന്ന്' നിവേദനത്തെ പിന്തുണയ്ക്കുന്നവര്‍ പരിഹാസ രൂപേണ ചോദിക്കുന്നു. ട്രംപ് വിരോധികള്‍ അദ്ദേഹത്തെ പരിഹസിക്കാനായി കൊണ്ടുവന്നതെന്ന് കരുതുന്ന നിവേദനം എന്നാല്‍ വൈറലായിക്കഴിഞ്ഞു. നഥാന്‍ ബെന്നിസണ്‍ എന്നയാളിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ 'അമേരിക്കയുടെ ധാര്‍മികതയും സംസ്‌കാരവും പ്രതിനിധീകരിക്കുന്ന, സ്ത്രീയും അറബ് വംശജയും കൂടിയായ മിയ സൗദിയുടെ പ്രശസ്തമായ ഉദാര സമീപനത്തിലൂന്നിയ സംസ്‌കാരത്തിന് അനുയോജ്യയായിരിക്കും' എന്ന പരിഹാസമാണ് ഉന്നയിക്കുന്നത്. ഒരു വര്‍ഷം മാത്രം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച മിയയെ പരിഹാസരൂപേണ ഇതിലേയ്ക്ക്‌ വലിച്ചിഴച്ച സ്ത്രീവിരുദ്ധതയ്‌ക്കെതിരേയും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.