ആരോഗ്യമുള്ള നഖങ്ങള്‍ക്ക്

ശരീരം മുഴുവന്‍ തേച്ചുകുളിക്കുവാന്‍ മിനക്കെടുന്നവര്‍ പോലും നഖങ്ങള്‍ വൃത്തിയാക്കാന്‍ മാത്രമായി പലപ്പോഴും സമയം കണ്ടെത്താറില്ല.

ആരോഗ്യമുള്ള നഖങ്ങള്‍ക്ക്

നഖങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ചുള്ള പ്രഥമവിലയിരുത്തലിനുള്ള ഒരു ഉപാധിയാണ് എന്നറിയാമോ? വസ്ത്രത്തിലും ഹെയര്‍സ്റ്റൈലിലും മാത്രം പലരും ശ്രദ്ധ ചെലുത്താറുണ്ട്. പക്ഷെ മനപ്പൂര്‍വ്വമായി നഖങ്ങളുടെ പരിപാലനം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ വൃത്തിയും സൗന്ദര്യവുമുള്ള നഖങ്ങള്‍, നിങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ശരീരം മുഴുവന്‍ തേച്ചുകുളിക്കുവാന്‍ മിനക്കെടുന്നവര്‍ പോലും നഖങ്ങള്‍ വൃത്തിയാക്കാന്‍ മാത്രമായി പലപ്പോഴും സമയം കണ്ടെത്താറില്ല. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഇതിനായി 10 മിനിറ്റ് മാറ്റി വയ്ക്കുക, ഫലം അതിശയിപ്പിക്കുന്നതായിരിക്കും.


സോഫ്റ്റ്‌ സോപ്പ് ചേര്‍ത്ത ഇളം ചൂട് വെള്ളത്തില്‍ കുറച്ചു നേരം കൈയും കാലും മുക്കി വച്ചതിനു ശേഷം നഖങ്ങളുടെ അടിവശം ഒരു ചെറിയ ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കണം. നഖങ്ങളുടെ വശങ്ങളില്‍ ഉള്ള നിര്‍ജ്ജീവ കോശങ്ങളെ മൃദുവായി ഉരച്ചു കളയണം. ഇത് ചര്‍മ്മം മൃദുവാക്കുന്നതിനൊപ്പം നഖങ്ങള്‍ക്ക് നല്ല തിളക്കവും നല്‍കും.

നനവുള്ള നഖങ്ങള്‍ക്ക് അടിയില്‍ ബാക്ടീരിയയും ഫംഗസും ഉണ്ടാകാനുള്ള സാധ്യത അധികമായതിനാല്‍ നഖങ്ങള്‍ കഴിവതും ഈര്‍പ്പം ഇല്ലാതെ സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക.
വിരലുകള്‍ക്കൊപ്പമൊ അല്ലെങ്കില്‍ അതിലും ഉയരത്തിലോ മാത്രമേ നഖങ്ങള്‍ മുറിക്കാന്‍ പാടുള്ളു.

നഖം താഴ്ത്തി വെട്ടുന്നത് ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പതിവായി നെയില്‍ പോളിഷ്‌ ചെയ്യുന്നതും നഖത്തിന്‍റെ സ്വാഭാവിക നിറം നശിപ്പിക്കുകയും നഖത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

നഖം കടിക്കുക, നഖത്തിന്നുള്ളിലെക്ക് സേഫ്റ്റി പിന്‍ പോലെയുള്ള കൂര്‍ത്ത സാധനങ്ങള്‍ ഉപയോഗിച്ചു വൃത്തിയാക്കുക തുടങ്ങിയ ദുശ്ശീലങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

കാല്‍വെള്ള നിത്യേന ഉരച്ചുകഴുകുന്നത് കാലുകളില്‍ ഉണ്ടാകുന്ന വിള്ളല്‍, വരള്‍ച്ച എന്നിവയെ തടയാന്‍ സഹായകരമാകും. പണ്ട് കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ ചെയ്തു വന്നതും ഇതേ രീതികളായിരുന്നു.

കാല്‍ നഖങ്ങള്‍ വളര്‍ത്തുമ്പോള്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് ചെളി കളഞ്ഞ ശേഷം ഇഷ്ടപ്പെട്ട ഷെയ്പില്‍ വെട്ടി സൂക്ഷിക്കുക. കാല്‍ നഖങ്ങള്‍ ഒരു പരിധിയില്‍ കവിഞ്ഞ് നീട്ടാതിരിക്കുക. നഖത്തിനുണ്ടാകുന്ന തട്ടലും, മുട്ടലും നഖം ഉള്ളില്‍ നിന്നും പിളര്‍ന്നു പോവാന്‍ കാരണമാവും.

നഖങ്ങളില്‍ പ്രകടമാകുന്ന രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആവശ്യമായ സന്ദര്‍ഭത്തില്‍ ചികിത്സ തേടാനും മറക്കരുത്.

Story by