കേന്ദ്രസർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികൾ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതികളായി മാറിക്കഴിഞ്ഞുവോ?

തീർത്തും വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ആദിവാസി ക്ഷേമപദ്ധതികളെ കാണുന്നത്. ബിജെപി അവയെ ഉപയോഗിക്കുന്നതു സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള ആയുധങ്ങളായാണ്. ഇത്തരം പദ്ധതികളേയും അവയ്ക്കു വേണ്ടി അനുവദിക്കപ്പെടുന്ന ഫണ്ടുകളേയും സമർത്ഥമായി വിനിയോഗിച്ച് ആദിവാസി ജനവിഭാഗങ്ങളെ സ്വാധീനിക്കാനും, അതുവഴി ആർ എസ് എസ് നേതൃത്വം നൽകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനുമാണ് ബിജെപിയുടെ ശ്രമമെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ രേഖകൾ വ്യക്തമായ സൂചനകൾ നൽകുന്നു.

കേന്ദ്രസർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികൾ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതികളായി മാറിക്കഴിഞ്ഞുവോ?

ആദിവാസി വികസനവുമായി ബന്ധപ്പെട്ടു  യു ഡി എഫ് ഭരണകാലത്തു നടന്ന അഴിമതികൾ വാർത്തകളായിട്ട് അധിക ദിവസങ്ങളായില്ല. കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ആദിവാസി വികസന പദ്ധതികളും ഫണ്ടുകളും ധനസമ്പാദനത്തിനുള്ള മാർഗങ്ങളാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നത്.

എന്നാൽ തീർത്തും വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ആദിവാസി ക്ഷേമപദ്ധതികളെ കാണുന്നത്. ബിജെപി അവയെ ഉപയോഗിക്കുന്നതു സംഘപരിവാർ അജണ്ടകൾ  നടപ്പിലാക്കുന്നതിനുള്ള ആയുധങ്ങളായാണ്. ഇത്തരം പദ്ധതികളേയും അവയ്ക്കു വേണ്ടി അനുവദിക്കപ്പെടുന്ന ഫണ്ടുകളേയും സമർത്ഥമായി വിനിയോഗിച്ച് ആദിവാസി ജനവിഭാഗങ്ങളെ സ്വാധീനിക്കാനും, അതുവഴി ആർ എസ് എസ് നേതൃത്വം നൽകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനുമാണ് ബിജെപിയുടെ ശ്രമമെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ രേഖകൾ വ്യക്തമായ സൂചനകൾ നൽകുന്നു.


കേരളത്തിന്റെ കാര്യം തന്നെ നോക്കാം. ആദിവാസി ക്ഷേമം മുന്നിർത്തി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന എൻ ജി ഒ കൾക്ക് കേന്ദ്ര ഫണ്ടുകൾ അനുവദിക്കുന്ന രീതി അതിനുള്ള കൃത്യമായ ഉദാഹരണമാണ്.  ഫണ്ടിനായി തെരഞ്ഞെടുത്ത സന്നദ്ധ സംഘടനകളെല്ലാം തന്നെ ഹിന്ദുത്വ ആശയങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ ആണെന്നതും മറ്റു മതസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന എൻ ജി ഓകളേയോ മതേതരമായ സ്ഥാപനങ്ങളേയോ പരിഗണിക്കുന്നില്ല എന്നതും സംഘപരിവാർ അജണ്ട കൃത്യമായി ബിജെപി സർക്കാർ നടപ്പിലാക്കുന്നു എന്നതിനുള്ള തെളിവാണ് നൽകുന്നത്.  മാതാ അമൃതാനന്ദമയി മഠം, രാമകൃഷ്ണ അദ്വൈത ആശ്രമം, സ്വാമി നിർമലാനന്ദ മെമ്മമ്മോറിയൽ ബാലഭവൻ തുടങ്ങിയ ഏഴു എൻ ജി ഓകൾക്കാണ് ഫണ്ടു മുഴുവൻ നൽകിയിട്ടുള്ളത് എന്ന് കേന്ദ്ര ആദിവാസിക്ഷേമ വകുപ്പിന്റെ വാർഷിക റിപ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും.

adivasi

രാജ്യമൊട്ടാകെയുള്ള എൻ ജി ഓകളിൽ നിന്നും  കേന്ദ്രആദിവാസി ക്ഷേമവകുപ്പ് പ്രത്യേകപരിഗണയോടെ തെരഞ്ഞെടുക്കുന്ന EVA (Established Voluntary Agency) ലിസ്റ്റിൽ പെടുന്ന സംഘടനകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര ആദിവാസിക്ഷേമ വകുപ്പു മന്ത്രി ജുവൽ ഒറാം മാർച്ച് 2016 ൽ പ്രസിദ്ധീകരിച്ച ഒരു പ്രസ് റിലീസിൽ പറയുന്നത് രാജ്യമൊട്ടാകെയുള്ള 200 സംഘടനകളിൽ നിന്നും ‘ഏറ്റവും അർഹരായ’ 14 സംഘടനകളെയാണ് EVA-കൾ ആയി പരിഗണിച്ചിരിക്കുന്നത് എന്നാണ്. നിസ്വാർത്ഥമായ സേവനത്തിന്റേയും അഭിനന്ദനാർഹമായ നേട്ടങ്ങളുടേയും അഖിലേന്ത്യാ സാന്നിദ്ധ്യത്തിന്റേയും അടിസ്ഥാനത്തിൽ ലിസ്റ്റിൽ ചേർക്കപ്പെട്ട സംഘടനകൾ ഇവയാണ്:

 • രാമകൃഷ്ണ മിഷൻ
  അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം
  ഭാരത സേവാശ്രമ സംഘം
  ഭാരതീയ ആദിംജാതി സേവക സംഘം
  സേവാ ഭാരതി
  വിദ്യാഭാരതി
  സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെന്റ്, കർണാടക
  ദീൻ ദയാൽ ശോധ് സൻസ്ഥൻ
  സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി, മഹാരാഷ്ട്ര
  രാഷ്ട്രീയ സേവാ സമിതി, ആന്ധ്രപ്രദേശ്
  വിവേകാനന്ദ ഗിരിജന കല്യാൺ കേന്ദ്ര, കർണാടക
  അഖില ഭാരതീയ ദയാനന്ദ് സേവാശ്രമ സംഘം, ന്യൂ ഡൽഹി
  ഡി എ വി മാനേജിങ്ങ് കമ്മിറ്റി, ന്യൂ ഡൽഹി
  വിനോബ നികേതൻ, കേരളം


ഇവയെല്ലാം തന്നെ, ഹിന്ദുമത മൂല്യങ്ങൾ അടിസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്. ഇതിൽത്തന്നെ അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം, വിദ്യാഭാരതി, സേവാഭാരതി, ദീൻ ദയാൽ ശോധ് സൻസ്ഥൻ, അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം തുടങ്ങിയവ സംഘപരിവാറിലെ അംഗങ്ങളാണ്. ആദിവാസിക്ഷേമ ഫണ്ടുകളെ ബിജെപി സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. India Development and Relief Fund (IDRF) പോലുള്ള വിദേശ ചാരിറ്റി ഏജൻസികളിൽ നിന്നും പിരിയ്ക്കുന്ന കോടിക്കണക്കിനു രൂപയ്ക്കു പുറമേയാണ്, സംഘപരിവാർ സംഘടനകൾ ഇതുപോലെ ഗവണ്മെന്റ് സംവിധാനങ്ങൾ കൂടെ ഉപയോഗിച്ചു തഴച്ചു വളരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയിൽ സാംസ്കാരികമായ അതിന്റെ മേൽക്കോയ്മയോ, അങ്ങനെ അതിനു കിട്ടുന്ന പിന്തുണയോ മാത്രമല്ല, മറിച്ച് ശക്തമായ സാമ്പത്തികാടിത്തറ കൂടെ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുള്ള യാഥാർഥ്യത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

വാജ്പേയി സർക്കാരിന്റെ കാലത്താണ് കേന്ദ്ര ആദിവാസിക്ഷേമ വകുപ്പ് രൂപം കൊള്ളുന്നതെന്നത് ഇതുമായി ചേർത്തുവയ്ക്കുമ്പോൾ ശ്രദ്ധേയമായ ഒരു വസ്തുതയാണ്. 1996 മുതൽ 2003 വരെ ബിജെപി സർക്കാർ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടത്തിലാണ് സംഘപരിവാറിന്റെ ചാരിറ്റി സംഘടനകൾ രാജ്യമെമ്പാടും പടർന്നു പന്തലിച്ചത്. ഉദാഹരണമായി ആ ചുരുങ്ങിയ സമയം കൊണ്ടാണ് വിദ്യാ ഭാരതി നടത്തിയിരുന്ന സ്കൂളുകളുടെ എണ്ണം 6000-ൽ നിന്നും 26000 ആയി ഉയർന്നത്. അഭൂതപൂർവമായ ആ വളർച്ച കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളെക്കൂടെ സമർത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ടായിരുന്നു കൈവരിച്ചത്.എന്നാൽ  ദൗർഭാഗ്യകരമെന്നു പറയട്ടെ, ആദിവാസി ക്ഷേമത്തോടൊപ്പം ബിജെപി കടത്തി വിട്ട ഹിന്ദുത്വ രാഷ്ട്രീയത്തെ തിരിച്ചറിയാനോ തടയിടാനോ പിന്നീടു വന്ന യുപിഎ സർക്കാറുകൾ തയ്യാറായില്ല. ആ രാഷ്ട്രീയ നിസ്സംഗതയുടെ കൂടെ ബലത്തിലാണ്, ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ വേരോട്ടമുണ്ടാക്കുന്ന തരത്തിൽ പദ്ധതികളുമായി മുന്നോട്ടു പോകാൻ നിലവിലെ എൻ ഡി എ സർക്കാരിനു സാധിക്കുന്നത്.

Read More >>