നോട്ടു പിൻവലിക്കൽ അതീവ രഹസ്യമെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു; ഗുജറാത്തി ദിനപത്രവും ബിസിനസ് ലൈനും വാര്‍ത്ത മുമ്പേ പ്രസിദ്ധീകരിച്ചിരുന്നു

നോട്ടു പിൻവലിക്കൽ നടപടിയിൽ ജനം നട്ടംതിരിയുമ്പോൾ ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ''അകില'' എന്ന പത്രവും ബിസിനസ് ലൈനും മാസങ്ങൾക്കു മുമ്പ് തന്നെ നോട്ടു പിൻവലിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നോട്ടു പിൻവലിക്കൽ അതീവ രഹസ്യമെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു; ഗുജറാത്തി ദിനപത്രവും ബിസിനസ് ലൈനും വാര്‍ത്ത മുമ്പേ പ്രസിദ്ധീകരിച്ചിരുന്നു

അതീവ രഹസ്യമായാണ് 500, 1000 നോട്ടുകൾ പിൻലിച്ചതെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. രണ്ടു ദിവസം പിന്നിട്ട നോട്ടു പിൻവലിക്കൽ നടപടിയിൽ ജനം നട്ടംതിരിയുമ്പോൾ ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ''അകില'' എന്ന പത്രവും ബിസിനസ് ലൈനും മാസങ്ങൾക്കു മുമ്പ് തന്നെ നോട്ടു പിൻവലിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

2016 ഏപ്രില്‍ 1 നാണ് ''അകില' വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നുമാണു വാര്‍ത്തയില്‍ പറയുന്നത്. രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് നിയന്ത്രിക്കാനും ഇതിലൂടെ ഭീകരവാദം തടയാനുമാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും വാർത്തയിൽ പറയുന്നു.


അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്ന നോട്ടു പിൻവലിക്കൽ എങ്ങനെയാണ് ഏഴുമാസം മുന്‍പ് ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്‌തതെന്നാണ് സോഷ്യൽമീഡിയയിലുൾപ്പെടെ ഉയരുന്ന ചോദ്യം. തങ്ങളുടെ അടുപ്പക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാളടക്കമുള്ളവര്‍ ഉന്നയിക്കുന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്.

കുറച്ച് ദിവസത്തേക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തണം, എ.ടി.എമ്മുകളില്‍ നിന്ന് 18-ാം തീയതി വരെ 2000 രൂപവരെയാണ് പിന്‍വലിക്കാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് തുടങ്ങി നിലവിലെ സർക്കാർ തീരുമാനങ്ങളോടും ഏറെ സാദൃശ്യമുളള വിവരങ്ങളും വാർത്തയിലുണ്ട്. വരും ദിവസങ്ങളില്‍ പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ മാസങ്ങൾക്കു മുമ്പു നടന്ന സംഭവം ഇപ്പോൾ വിവാദമായതോടെ ഇതില്‍ വിശദീകരണവുമായി അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര രംഗത്തെത്തി. ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് പ്രസിദ്ധീകരിച്ച സ്പൂഫ് വാര്‍ത്തയാണിതെന്നാണ് കിരിത്ത് ഗണത്രയുടെ വാദം.

2016 ഒക്‌ടോബർ 21 ന് പ്രസിദ്ധീകരിച്ച ബിസിനസ് ലൈനിലും സമാനമായ വാർത്തയുണ്ട്. 2000 രൂപയുടെ നോട്ട് ഉടൻ പുറത്തിക്കുമെന്നും റിസർവ് ബാങ്ക് അതിന്റെ പണി പൂർത്തികരിച്ചിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു. പുതിയ നോട്ടുകൾ അച്ചടിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കള്ളപ്പണം പൂഴ്‌ത്തിവെപ്പ് തടയാൻ 500, 1000 നോട്ടുകൾ  പിൻവലിക്കണമെന്ന ആവശ്യം പല സ്ഥലങ്ങളിൽ നിന്നുമായി ഉയർന്നു വന്നിട്ടുണെന്നും എന്നാൽ പുതിയ നോട്ടുകളെ കുറിച്ച് സർക്കാറിന്റെയോ റിസർവ് ബാങ്കിന്റെയോ ഭാഗത്തു നിന്നു അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെന്നും  വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Read More >>