കപ്പ പറിച്ചപ്പോള്‍ പക്രു ഞെട്ടി; ഒരു കര്‍ഷകന്റെ വലിയ സന്തോഷങ്ങള്‍

ഉള്ള മണ്ണില്‍ ഒരു പച്ചയും നടാതെ കാലം പോക്കുന്നവര്‍ക്ക് ഗിന്നസ് പക്രുവിനെ കാണാതെ പോകാനാവില്ല. പക്രു പലരേയും അനുകരിച്ചിട്ടുണ്ട്, ഇതാ പക്രുവിനെ അനുകരിക്കാന്‍ ഒരവസരം.

കപ്പ പറിച്ചപ്പോള്‍ പക്രു ഞെട്ടി; ഒരു കര്‍ഷകന്റെ വലിയ സന്തോഷങ്ങള്‍

കൊച്ചി: ഗിന്നസ് പക്രു കര്‍ഷകനായോ എന്ന് ചോദിച്ചാല്‍ സന്തോഷത്തോടെ പറയും ആയെന്ന്. സ്വന്തമായി വാങ്ങിയ സ്ഥലത്ത് കുടുംബാംഗങ്ങള്‍ കൂട്ടായി പങ്കു ചേര്‍ന്ന കൃഷി അനുഭവങ്ങളെക്കുറിച്ച് ഗിന്നസ് പക്രു മനസ്സു തുറക്കുന്നു.

' ചോറ്റാനിക്കരയില്‍ കുറച്ചു സ്ഥലം മേടിച്ചു, ആ സ്ഥലത്തു ചെറിയ രീതിയില്‍ കൃഷി തുടങ്ങി. ഭാര്യയും മോളും അച്ഛനും എല്ലാവരും കൂടിയാണ് കൃഷി ചെയ്തത്. ആദ്യ ചുവടു കപ്പ പറിച്ചപ്പോള്‍ തന്നെ സന്തോഷം തോന്നി, കാരണം എന്നേക്കാള്‍ വലിയ കപ്പയായിരുന്നു. ഭാര്യ വളരെ കഷ്ടപ്പെട്ടാണത് പറിച്ചെടുത്തത്. 15 സെന്റ് സ്ഥലത്ത് കപ്പയും വാഴയും വെണ്ടയും പാവലും കോവലും എല്ലാം ഇടകലര്‍ത്തിയാണ് കൃഷി ചെയ്തത്. മോളും ഭാര്യയും കൂടെയുണ്ടാകും. ചെറിയ ഒരു പരീക്ഷണം എന്ന രീതിയില്‍ ചെയ്തതാണ്. പരീക്ഷണം വിജയമായിരുന്നു. ഇവിടെ അടുത്തു ശ്രീനിയേട്ടനെക്കെ വിഷരഹിതമായ പച്ചക്കറി വലിയ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ നമുക്കു പറ്റാവുന്നത് നമ്മളും ചെയ്യുന്നു. എല്ലാവര്‍ക്കും കഴിയുന്നതു പോലെ ശ്രമിച്ചാല്‍ കേരളത്തിനൊരു മുതല്‍ക്കൂട്ടാവുമെന്നാണു ഞാന്‍ വിചാരിക്കുന്നത്.


guiness pakruകൃഷി തുടങ്ങിയിട്ട് ആറ് മാസമായതേയുള്ളു. ക്ലീനിങ്ങിനും മറ്റു ചെറിയ ചെറിയ കാര്യങ്ങള്‍ക്കും മാത്രമെ പുറത്തുനിന്നു ജോലിക്ക് ആളെ വിളിച്ചുള്ളു, ബാക്കി പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഞാനും മോളും ഭാര്യയും അമ്മയും അച്ഛനും മോളും കൂടിയാണു ചെയ്്തത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മോളു വലിയ ഉത്സാഹത്തിലാണ്. എന്റെ കൂടെ കൃഷി സ്ഥലത്തൊക്കെ വരും. നടാനും പറിക്കാനും ഓടി നടക്കും. ഇവിടെ ചോറ്റാനിക്കരയില്‍ നാട്ടുകാര്‍ ചേര്‍ന്നു എട്ടേക്കര്‍ പാടം നെല്‍കൃഷി നടത്തുന്നുണ്ട്. അവര്‍ക്ക് സപ്പോര്‍ട്ട് ആയി ഞാനും ഉണ്ടായിരുന്നു.

സിനിമ മേഖലയിലുള്ള പലര്‍ക്കും കൃഷി ഹോബിയാണ്. എന്റെ കൂട്ടുകാരന്‍ ടിനി ടോം, കെഎസ് പ്രസാദ് തുടങ്ങിയവര്‍ക്കൊക്കെ അത്യാവശ്യം കൃഷിയുണ്ട്. അവനവന്റെ മുറ്റത്തു എന്തുണ്ടായാലും അത് വളരെ സന്തോഷം തരുന്ന കാര്യമാണ്. സിനിമ രംഗത്ത് അധികം പേര്‍ക്കൊന്നും എന്റെ കൃഷിയെക്കുറിച്ച് അറിയില്ല. ഫേസ്ബുക്കിലെ ഫോട്ടോ കാണുമ്പോഴായിരിക്കും ആളുകള്‍ അറിയുന്നത്. നേരത്തെ ചോറ്റാനിക്കരയില്‍ നെല്‍കൃഷിക്ക് വിത്തെറിഞ്ഞ പടം പത്രത്തില്‍ വന്നപ്പോള്‍ ശ്രീനിയേട്ടന്‍ ഒരു കമന്റ് പറഞ്ഞിരുന്നു. നീ അവിടെ ചില പരിപാടികളൊക്കെ നടത്തുന്നതായി ഞാനറിയുന്നുണ്ട് കേട്ടോ എന്നായിരുന്നു ആ കമന്റ്.

ഞാനിപ്പോ താമസിക്കുന്ന ഹൗസിങ് കോളനിയില്‍ എല്ലാവര്‍ക്കും അത്യാവശ്യം കൃഷിയുണ്ട്. കിട്ടുന്ന വിളവുകള്‍ അങ്ങോട്ടുമിങ്ങോട്ടും പങ്കുവെച്ച് കഴിക്കും. അതൊരു വലിയ സന്തോഷമാണ്. നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നവര്‍ക്ക് കയ്യടിയും കാര്യങ്ങളും ഒക്കെ കിട്ടും. പക്ഷെ കൃത്യമായ വിപണന സാധ്യതകളില്ല. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ വിജയകരമായ സംവിധാനം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. കുറെ നാളുകള്‍ക്ക് മുമ്പ് ആനയിറങ്ങി ഒരു കര്‍ഷകന്റെ കൃഷിത്തോട്ടം നശിപ്പിച്ച വാര്‍ത്ത കണ്ടു. വളരെ സങ്കടം തോന്നി. ഇങ്ങനെയുള്ള ആളുകളെയാണ് നമ്മള്‍ സഹായിക്കേണ്ടത്.

പാരമ്പര്യമായി കൃഷിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത ആളാണ് ഞാന്‍. വീടില്ലാതെ പതിനാറ് വര്‍ഷം വാടകയ്ക്ക് താമസിച്ചയാളാണ് ഞാന്‍. സ്വന്തമായിട്ട് എന്തേലും കുഴിച്ചുവെക്കാനില്ലാത്തതിന്റേയും ബുദ്ധിമൂട്ട് കുറേക്കാലമായി അനുഭവിച്ചയാളാണ് ഞാന്‍. അതുകൊണ്ടാണ് കൃഷിയോടൊക്കെ സ്‌നഹമൊക്കെ തോന്നുന്നത്. '

Story by
Read More >>