മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു; ഇനിമുതല്‍ 'ഗവണ്‍മെന്റ് യുപി സ്‌കൂള്‍'

ഇനിമുതല്‍ മലാപ്പറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്ന പേരിലാവും സ്‌കൂള്‍ അറിയപ്പെടുക. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇവിടെയെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു; ഇനിമുതല്‍

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇനിമുതല്‍ മലാപ്പറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്ന പേരിലാവും സ്‌കൂള്‍ അറിയപ്പെടുക. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇവിടെയെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


മലാപ്പറമ്പ് സ്‌കൂള്‍ മോഡലില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ മറ്റു മൂന്ന് സ്‌കൂളുകളും അടുത്തദിവസം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരേ മാസങ്ങളായി സ്‌കൂള്‍ മുറ്റത്ത് പ്രദീപ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം നടത്തിവരികയായിരുന്നു. സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി ഉണ്ടായതോടെ സമരം അവസാനിച്ചു. സ്‌കൂള്‍ പൂട്ടിയ ശേഷം കഴിഞ്ഞ അഞ്ചുമാസവും 15 ദിവസവുമായി കോഴിക്കോട് കളക്റ്ററേറ്റിലെ താല്‍കാലിക കെട്ടിടമായിരുന്നു കുട്ടികളുടെ പഠനത്തിനുള്ള ആശ്രയം. കഴിഞ്ഞദിവസം മനേജര്‍ പത്മരാജന്റെ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് കുട്ടികളുടെ ദുരിതത്തിന് അന്ത്യം വന്നത്.

കോടതി ഉത്തരവിന്റെ ബലത്തില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സ്‌കൂള്‍ ഏറ്റെടുക്കാനായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് തന്നെ നേരിട്ടെത്തുകയായിരുന്നു. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിനുള്ള നഷ്ടപരിഹാരമായി മൂന്‍കൂട്ടി തീരുമാനിച്ച തുക മാനേജര്‍ക്ക് മൂന്നുമാസത്തിനുളളില്‍ നല്‍കാമെന്ന രേഖാമുലമുള്ള ഉറപ്പും കളക്ടര്‍ എന്‍ പ്രശാന്ത് മാനേജര്‍ക്ക് നല്‍കി.

സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് മലാപ്പറമ്പിലേതുള്‍പ്പെടെ നാലു സ്‌കൂളുകള്‍ കഴിഞ്ഞ ജൂലൈയില്‍ പൂട്ടിയത്. പൂട്ടിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും നടപടിക്കെതിരെ മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഇതോടെ തുടര്‍നടപടികള്‍ തടസ്സപ്പെട്ടു. അഞ്ചുമാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സ്‌കൂള്‍ സര്‍ക്കാര്‍ സ്‌കൂളായി മാറിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ നാട്ടുകാര്‍ സ്‌കൂളിന്റെ കവാടത്തില്‍ 'ഗവ. യുപി സ്‌കൂള്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചു.

Read More >>