ഡിഷ്യൂ പിഷ്യൂ; സുവിശേഷകന്റെ 'വെടിയേറ്റ്' ആളുകള്‍ വീഴുന്നു; എല്ലാം യേശുവിന് വേണ്ടിയാണല്ലോ!

പണ്ഡിതരും ഉസ്താദുമാരും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ടൂറുമെല്ലാം കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കാന്‍ 'വെടി'വെയ്പുമായി സുവിശേഷകന്‍ റെഡി

ഡിഷ്യൂ പിഷ്യൂ; സുവിശേഷകന്റെ

പണ്ഡിതന്‍മാരുടെ 'ശാസ്ത്ര ക്ലാസുകളും' ഉസ്താദുമാരുടെ 'അത്ഭുതപ്രവര്‍ത്തനങ്ങളും' സ്വര്‍ഗത്തില്‍പ്പോയ യുവതിയുടെ 'അനുഭവസാക്ഷ്യവുമെല്ലാം' കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് വെറൈറ്റി സാധനവുമായി ഒരു സുവിശേഷകന്റെ വരവ്. നവമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ വെള്ളയും വെള്ളയും ധരിച്ച സുവിശേഷകനാണ് പ്രത്യക്ഷപ്പെടുന്നത്. മൈക്ക് പിടിച്ച് നിന്ന് 'മച്ചിന' എന്നോ മറ്റോ അദ്ദേഹം താളാത്മകമായി ആവര്‍ത്തിക്കുമ്പോള്‍ ടീഷര്‍ട്ടും ജീന്‍സും ധരിച്ച ഒരു ഘടാഘടിയന്‍ തലയും ശരീരവും വൃത്താകൃതിയില്‍ കറക്കിക്കൊണ്ട് അദ്ദേഹത്തിന് നേരെ നടന്നടുക്കുന്നതാണ് ആദ്യ രംഗം. അപ്പോള്‍ സുവിശേഷകന്‍ ഡിഷ്യൂം എന്നോ മറ്റോ തോന്നുന്ന ഒരു ശബ്ദത്തോടെ കൈകൊണ്ട് ഒരു ആക്ഷന്‍ കാണിക്കും. അതോടെ ഘടാഘടിയന്‍ വട്ടം കറങ്ങി നിലത്തേക്ക് വീഴും. ഇതെന്ത് കളിയാണെന്ന് മനസിലാകാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുറേ ഭക്തര്‍ നിലത്തിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.അടുത്തതായി വീഴാന്‍ തയ്യാറാക്കി നിര്‍ത്തിയ ഹതഭാഗ്യന് നേരെ ക്യാമറയോടൊപ്പം സുവിശേഷകനും തിരിയുകയാണ്. പിന്നീട് അവ്യക്തമായി എന്തോ ഉച്ചരിച്ച ശേഷം പ്രധാന ഐറ്റമായ ഡിഷ്യൂമും കൈ കൊണ്ടുള്ള ആക്ഷനും ആവര്‍ത്തിക്കുന്നു. ഇതിനിടെ തനിക്ക് വീഴാനുള്ള സ്ഥലം സുരക്ഷിതമാണോയെന്ന് ഹതഭാഗ്യന്‍ നിരീക്ഷിക്കുന്നത് കാണാം. ആദ്യത്തെ ഘടാഘടിയന്‍ വളരെ പ്രൊഫഷനലായി വീണെങ്കിലും ഇദ്ദേഹം നടുവിന് പരുക്ക് പറ്റാതിരിക്കാന്‍ കൈ കുത്തുന്നത് കാണാം.

മൂന്നാമതായി വീഴേണ്ടത് കറുത്ത ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ചയാളാണ്. സുവിശേഷകന്‍ ഡിഷ്യൂം എന്ന് ശബ്ദമുണ്ടാക്കിയെങ്കിലും നേരെയങ്ങ് വീഴാതെ പുള്ളിക്കറിയാവുന്ന കുറച്ച് ഡാന്‍സ് സ്റ്റെപ്പുകള്‍ വെച്ച ശേഷമാണ് താഴേക്ക് വീണത്. എന്നാല്‍ വീഴാനുള്ള സ്ഥലം നോക്കിവെക്കുന്നതിലുണ്ടായ പാളിച്ച മൂലം സമീപത്തെ കൂളറില്‍ തലയിടിച്ചാണ് ഇദ്ദേഹം വീഴുന്നത്. തൊട്ടടുത്ത് നിന്ന് തന്നെ ചിത്രീകരിക്കുന്ന ക്യാമറമാന് നേരെയാണ് പിന്നീട് സുവിശേഷകന്‍ തിരിയുന്നത്. തന്നെയും ഡിഷ്യൂം എന്ന് വെച്ച് അദ്ദേഹം വീഴ്ത്തുമോയെന്ന് ഭയന്നാകണം അല്‍പം ഉയരവും വണ്ണവുമുള്ള ക്യാമറാമാന്‍ പുറകോട്ട് മാറുകയാണ് ചെയ്യുന്നത്. അടുത്തതായി ആരെ വീഴ്ത്തണമെന്ന് സെക്കന്‍ഡുകള്‍ തിരിഞ്ഞ ശേഷം അനുയോജ്യരായ ആരെയും ലഭിക്കാത്തതുകൊണ്ടാകാം 'വീഴല്‍ അനുഭവം' പറയാന്‍ ഒരു യുവാവിന് മൈക്ക് കൊടുക്കുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.

Story by
Read More >>