ചെയര്‍മാനില്ലാതെ ജിസിഡിഎ; നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് ഉദ്യോഗസ്ഥരെന്ന് ആരോപണം

ഇടതു സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തതിനു പിന്നാലെ കോണ്‍ഗ്രസ് നോമിനിയായ എന്‍ വേണുഗോപാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ സിഎന്‍ മോഹനനെ ജിസിഡിഎ ചെയര്‍മാനാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തതാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനങ്ങളെടുക്കേണ്ട ഫയലുകള്‍ നീങ്ങാനുള്ള കാലതാമസമാണ് പുതിയ ചെയര്‍മാന്റെ സ്ഥാനമേറ്റെടുക്കല്‍ വൈകിപ്പിക്കുന്നത്.

ചെയര്‍മാനില്ലാതെ ജിസിഡിഎ; നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് ഉദ്യോഗസ്ഥരെന്ന് ആരോപണം

കൊച്ചി: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നു അഞ്ചു മാസം പിന്നിട്ടിട്ടും കോടിക്കണക്കിന് രൂപയുടെ വരുമാനവും സമ്പത്തുമുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയിൽ പുതിയ ചെയര്‍മാന്‍ സ്ഥാനമേറ്റിട്ടില്ല. നടപടിക്രമങ്ങളിലെ കാലതാമസമെന്നാണ് നല്‍കുന്ന വിശദീകരണം. ചെയര്‍മാനും സെക്രട്ടറിയുമില്ലാതെ ജിസിഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിന്നു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇടതു സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് നോമിനിയായ എന്‍ വേണുഗോപാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ സിഎന്‍ മോഹനനെ ജിസിഡിഎ ചെയര്‍മാനാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തതാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനങ്ങളെടുക്കേണ്ട ഫയലുകള്‍ നീങ്ങാനുള്ള കാലതാമസമാണ് പുതിയ ചെയര്‍മാന്റെ സ്ഥാനമേറ്റെടുക്കല്‍ വൈകിപ്പിക്കുന്നത്.


എന്‍ വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം ജിസിഡിഎയുടെ അധികാരപരിധിയോട് ചില പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. അധികാരപരിധി പഴയപടിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ചെയര്‍മാനാണ്. എന്നാല്‍ ഇതു മറികടന്ന് ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തത് പുതിയ ചെയര്‍മാന്റെ നിയമനത്തിന് തടസ്സമായെന്ന് ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് നാരദാന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ബോര്‍ഡ് നിയമം പാസാക്കിയിരുന്നു. ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങിയവരുടെ അധികാരം സംബന്ധിച്ചും ഫണ്ട് വിനിയോഗം സംബന്ധിച്ചും നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഉദ്യോഗസ്ഥര്‍ താമസിപ്പിക്കുകയാണെന്ന് ജിസിഡിഎ മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറയുന്നു.

ജിസിഡിഎയുടെ മേല്‍നോട്ടത്തില്‍ ചെലവന്നൂര്‍ ബണ്ട് റോഡ്, മറൈന്‍ ഡ്രൈവിലെ ടെദേര്‍ഡ് ഹീലിയം ബലൂണ്‍ പദ്ധതി, മുണ്ടന്‍വേലിയിലെ ഇക്കോ ഫാം ടൂറിസം, അംബേദ്ക്കര്‍ സ്റ്റേഡിയം നവീകരണം, കലൂര്‍ മാര്‍ക്കറ്റ് നവീകരണം തുടങ്ങിയ പദ്ധതികള്‍ പാതിവഴിയിലാണ്. ഇതിന് നേതൃത്വം നല്‍കാനോ പരിശോധിക്കാനോ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ജിസിഡിഎയുടെ കൈവശമുള്ള ചെറുതും വലുതുമായ ഭൂമികള്‍ പലതും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഇവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ലെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.

12 കോടി രൂപയാണ് ജിസിഡിഎയ്ക്ക് വാടകയിനത്തില്‍ മാത്രം ഒരു വര്‍ഷത്തെ വരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, മറൈന്‍ ഡ്രൈവിലേയും പനമ്പള്ളി നഗറിലേയും ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയവയുടെ ചുമതല ജിസിഡിഎയ്ക്കാണ്. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ വേദികളിലൊന്ന് കൊച്ചിയാണ്. ഇതിന് മുമ്പെങ്കിലും പുതിയ ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്തില്ലെങ്കില്‍ ജിസിഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുമെന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.