പെന്തക്കോസ്തുകാര്‍ കുടുംബം കലക്കികള്‍; പേപ്പട്ടിയെ പോലെ നേരിടണം; കത്തോലിക്കാ വൈദികന്റെ പ്രസംഗം വിവാദത്തില്‍

പെന്തക്കോസ്തു സഭയെ അപഹസിച്ച് കത്തോലിക്കാ സഭാ പുരോഹിതന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു.

പെന്തക്കോസ്തുകാര്‍ കുടുംബം കലക്കികള്‍; പേപ്പട്ടിയെ പോലെ നേരിടണം; കത്തോലിക്കാ വൈദികന്റെ  പ്രസംഗം വിവാദത്തില്‍

കോട്ടയം: പെന്തക്കോസ്ത് സഭയെ അപഹസിച്ച് കത്തോലിക്കസഭാ പുരോഹിതന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന പ്രസംഗത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന വചനപ്രഘോഷകനും ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സഭയിലെ പുരോഹിതനുമാണ് ഫാ. ജോസഫ്.

റാന്നിയിലെ ധ്യാനം കഴിഞ്ഞ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു പെന്തക്കോസ്ത് പാസ്റ്റര്‍ അടുത്തു വന്നിരുന്നു എന്നു പറഞ്ഞു തുടങ്ങുന്ന പ്രസംഗത്തില്‍ പെന്തക്കോസ്ത് വിഭാഗത്തെ അടച്ച് ആക്ഷേപിക്കുന്നുമുണ്ട്. കത്തോലിക്കാ വിഭാഗത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരും കുടുംബം കലക്കികളുമാണ് ഇവരെന്നും ആക്ഷേപിക്കുന്നുണ്ട്.


കത്തോലിക്കാസഭയിലെ അച്ചന്‍ വെള്ളവസ്ത്രം അല്ലേ ധരിക്കേണ്ടതെന്നു ചോദിച്ച പെന്തക്കോസ്ത് പാസ്റ്ററോടു നിങ്ങളുടെ വര്‍ഗ്ഗത്തെ കാണുന്നതു പോലും എനിക്ക് അമര്‍ഷമാണ്. അതു കൊണ്ട് കരിങ്കൊടിക്കു പകരമാണ് കറുത്ത വസ്ത്രം ധരിച്ചതെന്നും താന്‍ മറുപടി പറഞ്ഞുവെന്നും ഫാദര്‍ വിശദീകരിക്കുന്നു.
ഇവര്‍ വൃത്തികെട്ട വര്‍ഗ്ഗമാണെന്നും ഒരു അഡ്രസും ഇല്ലാത്ത കുറ്റി പറിഞ്ഞവന്‍മാര്‍ മാതാവിനെയും സഭയെയും പരിഹസിക്കുമ്പോള്‍ നമ്മള്‍ പ്രതികരിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.

ബൈബിളും കൊണ്ട് വീടുകള്‍ ഇവര്‍ കയറിയിറങ്ങുന്നു. ഇവര്‍ ഭര്‍ത്താവില്‍ നിന്ന് ഭാര്യയെയും ഭാര്യയില്‍ നിന്നും ഭര്‍ത്താവിനെയും പിരിച്ച് കുടംബകലഹം ഉണ്ടാക്കി അവരുടെ സഭയില്‍ അവര്‍ ആളെ ചേര്‍ക്കുമെന്നും ഫാദര്‍ പറയുന്നു. അത്തരത്തില്‍ തകര്‍ന്ന ധാരാളം കുടുംബങ്ങള്‍ ഉണ്ടെന്നും താന്‍ അതിനു സാക്ഷിയാണെന്നും ഫാദര്‍ പറയുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ പ്രസംഗത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഫാ: ജോസഫ് പുത്തന്‍പുരയ്ക്കല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=jxdXbb0pOHc

Read More >>