വടക്കേ ഇന്ത്യയില്‍ അല്ല: അമ്മ ദളിത, അഞ്ചു മക്കളും ഗുസ്തിക്കാര്‍; ദേശീയ ചാമ്പ്യന്‍ ജോലി കിട്ടാതെ ആത്മഹത്യ ചെയ്തു!!

പൂഞ്ഞാറില്‍ ദളിതയായ അമ്മയുടെ അഞ്ചുമക്കളും ഗുസ്തി ചാമ്പ്യന്മാര്‍ . സഹോദരങ്ങളിലെ ദേശീയ ചാമ്പ്യന്‍ ജോലിയില്ലാതെ മകളുടെ തൊട്ടിലില്‍ തുങ്ങി മരിച്ചു. ദളിതനെന്നും ദേശീയ ചാമ്പ്യനെന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും ഒരു മൂല്യവുമുണ്ടായില്ല. നാലു പേര്‍ ഇനിയും ബാക്കിയുണ്ട്- ജോലി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

വടക്കേ ഇന്ത്യയില്‍ അല്ല: അമ്മ ദളിത, അഞ്ചു മക്കളും ഗുസ്തിക്കാര്‍; ദേശീയ ചാമ്പ്യന്‍ ജോലി കിട്ടാതെ ആത്മഹത്യ ചെയ്തു!!

'അഞ്ച് ഗുസ്തിക്കാരു പിള്ളേര്‍ക്ക് എങ്ങനെയാ കുഞ്ഞുമോളെ നീ വച്ചുണ്ടാക്കണേ... രണ്ടെണ്ണത്തിനെ പോറ്റുന്ന പാട് ഞങ്ങള്‍ക്കല്ലേ അറിയൂ...'

അയല്‍വക്കത്തെ പെണ്ണുങ്ങളുടെ തമാശ കുഞ്ഞുമോളുടെ നെഞ്ചില്‍ അസ്ത്രം പോലെയാണ് തറയ്ക്കുന്നത്.... ഇതു വരെ സ്വന്തം മക്കളെ വയര്‍ നിറച്ച് ഊട്ടാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല.

സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പലതവണ പൊന്നണിഞ്ഞ കുഞ്ഞുമോളുടെ മകന്‍ സുമേഷ് ഇനി ഗോദയിലുണ്ടാകില്ല. കൈയടിയും ആരവങ്ങളുമല്ലാതെ ഒന്നും നേടാന്‍ കഴിയാതെ അവന്‍ കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിന്റെ തൊട്ടിലില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചു.

SUM 5

ഇന്ത്യയെ പല അന്തര്‍ദേശീയ മത്സരങ്ങളിലും പ്രതിനിധീകരിക്കാന്‍ ശേഷിയുള്ള പ്രതിഭയെയാണ് മരണം തൂക്കിയെടുത്തതെന്ന്- കായിക അധ്യാപകനും സുമേഷിന്റെ ഗുരുവുമായ ജോസിറ്റ് ജോണ്‍ പറയും:
'അവന് ഗോഡ്‌ഫാദര്‍മാരില്ലായിരുന്നു. ദൈവവും നാടും അവന്റെ ഒപ്പമുണ്ടായിരുന്നില്ല..... ഭാഗ്യമെങ്കിലും തുണച്ചിരുന്നുവെങ്കില്‍ അവന്‍ ഉയരങ്ങളില്‍ എത്തുമായിരുന്നു. അതുമുണ്ടായില്ല'

സുമേഷിനെ പോലുള്ള പ്രതിഭകളെ സൃഷ്ടിച്ച് മികച്ച കായിക അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു തവണ നേടിയ ജോസിറ്റ് ജോണിന്റെ വാക്കുകളില്‍ തിളയ്ക്കുന്ന കണ്ണീര്‍. സുമേഷ് ഇന്ത്യയുടെ ഭാവി വാഗ്ദനമാകേണ്ട ഗുസ്തിപ്രതിഭയായിരുന്നുവെന്നും ജോസിറ്റ് പറയുന്നു.

SUM 2

ഓല കൊണ്ടു മറച്ച ഒരു കുടിലില്‍ നിന്നാണു പൂഞ്ഞാറിലെ പനച്ചിപ്പാറ പുത്തന്‍വീട്ടില്‍ സുന്ദരനും കുഞ്ഞുമോളും ജീവിതം തുടങ്ങുന്നത്. ദളിതയാണ് കുഞ്ഞുമോള്‍. പിന്നോക്ക സമുദായക്കാരനാണ് സുന്ദരന്‍. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ്. ഒന്നിച്ചു പാര്‍ക്കാന്‍ കടവും വിലയും വാങ്ങി അവര്‍ ഒരു വീടു വച്ചു.

സുഭാഷ്, സുധീഷ്, സുമേഷ്, സുരേഷ്, സുനീഷ്‌ - ഗുസ്തിക്കാരെല്ലാം ഒന്നിനു പുറകേ ഒന്നായി പിറന്നു വീണതും ഈ വീടിന്റെ ഒറ്റ മുറിയിലായിരുന്നു. അവരഞ്ചുപേര്‍.

എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. ഈരാറ്റുപേട്ടയിലെ സമീപ പ്രദേശങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ സുന്ദരന്റെ വീട് നിലംപൊത്തി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തും സെന്റ് ജോര്‍ജ് പള്ളി അധികൃതരും ചേര്‍ന്നാണ് ആറു സെന്റ് സ്ഥലത്ത് ഇവര്‍ക്കു വീടു വച്ചു കൊടുത്തത്. ഗുസ്തി ചെയ്തു മക്കളഞ്ചും കൊണ്ടുവന്ന സ്വര്‍ണ്ണപ്പതക്കങ്ങള്‍ മാത്രമാണ് ഈ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍.

SUM 3

സ്വര്‍ണ്ണപ്പണി ആയിരുന്നു സുന്ദരന്. നാട്ടിന്‍പുറത്തും വലിയ ജ്വല്ലറികള്‍ വന്നതോടെ പാവം തട്ടാന്മാരുടെ കനലണഞ്ഞു. ജീവിതം വിളക്കിച്ചേര്‍ക്കാന്‍ നെട്ടോട്ടമായി. അറ്റകുറ്റപ്പണികള്‍ മാത്രം തീര്‍ക്കുന്ന മേശിരികള്‍ മാത്രമായി തട്ടാന്‍മാര്‍ മാറിയതോടെ സുന്ദരന്റെയും കുടംബത്തിന്റെയും ജീവീതം മുക്കുപണ്ടമായി.

പഠിക്കാന്‍ മിടുക്കന്‍മാരായിരുന്നു സുന്ദരന്റെ അഞ്ചു മക്കളും. കൂലിപ്പണിയെടുത്തും ഹോട്ടലുകളില്‍ നിന്നുമാണ് പഠനം വരെ പൂര്‍ത്തിയാക്കിയത്. സുന്ദരന്റെ മക്കള്‍ ഏഴോളം ദേശീയ മത്സരങ്ങളിലാണു പങ്കെടുത്തിട്ടുള്ളത്. പല തവണ കേരളത്തെ പൊന്നണിയിച്ചിട്ടുണ്ട് ഇവര്‍.

നിരവധി മത്സരങ്ങളില്‍ സ്വര്‍ണം വാരിക്കൂട്ടിയ മൂത്തമകന്‍ സുനീഷ് കൂലിവേല എടുത്താണ് ബിഎ വരെ പഠിച്ചത്. രണ്ടാമത്തെ മകന്‍ സുധീഷ് എംജി സര്‍വകലാശാലയുടെ അഭിമാനതാരമായിരുന്നു.

സംസ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച സുനീഷ് ആത്മസംതൃപ്തിക്കു വേണ്ടി മാത്രമാണ് ഗോദയില്‍ ഇറങ്ങിയിരുന്നത്. പങ്കെടുത്ത മത്സരങ്ങളില്‍ ഒന്നും സുന്ദരന്റെ മക്കള്‍ തോറ്റിട്ടില്ല. പക്ഷേ ജീവിതത്തിന്റെ ഗോദയില്‍ തോറ്റു. ജീവിത പ്രാരബ്ദങ്ങള്‍ ഇവരെ മലര്‍ത്തിയടിച്ചു.

അഞ്ചാം വയസു മുതലാണ് സുമേഷ് ഗുസ്തി പിടിക്കാന്‍ തുടങ്ങിയത്.

ഗോദയില്‍ ചേട്ടന്‍മാരായിരുന്നു സുമേഷിന്റെ വഴികാട്ടി. ആദ്യമായി സ്വര്‍ണമെഡല്‍ വീട്ടില്‍ എത്തിച്ച മൂത്ത ചേട്ടന്‍ സുനീഷിനോടുളള ആരാധനയാണ് തന്നെ ഗുസ്തിതാരമാക്കിയതെന്ന് സുമേഷ് പറഞ്ഞിരുന്നു. കായികമേളകളില്‍ പതിറ്റാണ്ടുകളുടെ വിജയപാരമ്പര്യമുള്ള പൂഞ്ഞാര്‍ എസ്എംവി എച്ച്എസും ജോസിറ്റ് മാഷുമാണ് തന്നെ ഗുസ്തിതാരമാക്കിയതെന്നും സുമേഷ് പറയുമായിരുന്നു.

ആറാം ക്ലാസു മുതലാണ് കായികമേളകളില്‍ സജീവ സാന്നിധ്യമായി മാറിയത്.

ഇന്ത്യന്‍ താരം സുശീല്‍ കുമാറിനെ ആരാധിച്ച സുമേഷിന് മികച്ച പരീശിലനവും ജോലിയും ജീവിതാഭിലാഷമായിരുന്നു. നിശ്ചയദാര്‍ഢ്യമുള്ളയാളായിരുന്നു സുമേഷെന്ന് സുഹൃത്തുക്കള്‍ -

'ജീവിതത്തോട് പടവെട്ടാന്‍ അവന്‍ കാണിച്ച ചങ്കുറ്റം അസാധാരണമായിരുന്നു. ഞായറാഴ്ച സുമേഷിന്റെ സുഹൃത്തിന്റെ കല്യാണമുണ്ടായിരുന്നു. അന്നേ ദിവസം ഞങ്ങള്‍ എല്ലാവരും അവന്റെ വീട്ടില്‍ ഒത്തുകൂടി. അവന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കിത്തന്നു. സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. അവന്റെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിന് വീട്ടില്‍ എല്ലാവരും പോയ സമയത്തായിരുന്നു എല്ലാം മതിയാക്കി അവന്‍ യാത്രയായത്'

SUM 4

'പഠിക്കുമ്പോള്‍ തന്നെ കാറ്ററിംഗിനും മറ്റു പണികള്‍ക്കും പോയാണ് അവന്‍ സ്വന്തം ചെലവുകള്‍ നോക്കിയിരുന്നത്. ഡ്രിഗ്രിക്കു പോകാന്‍ കാശില്ലാതെ അവന്‍ ഏറെ ബുദ്ധിമുട്ടി'- പരിശീലകന്‍ തുടരുന്നു.

'അഞ്ചു തവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടും മൂന്ന് തവണ മഹാത്മാ ഗാന്ധി യൂണിവേഴ്സ്റ്റിയിലെ ചാമ്പ്യന്‍ പട്ടം നേടിയിട്ടും സഹായിക്കാനോ കൂടെ നിര്‍ത്താനോ ആരുമുണ്ടായിരുന്നില്ല. അവന് നല്ല ഒരു പരീശീലകനാകാനും കഴിയുമായിരുന്നു. പലപ്പോഴും അവന്‍ സ്‌കൂളില്‍ ആരും ആവശ്യപ്പെടാതെ തന്നെ കുട്ടികള്‍ക്ക് പരീശിലനം നല്‍കും. ഭാര്യയേയും ഒന്നര വയസുള്ള കുഞ്ഞിനേയും പറ്റി ഓര്‍ക്കാതെയാണ് അവന്റെ പിന്‍മാറ്റം'

ജോലിയില്ലാത്തതിന്റെ മാനസിക വിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നത് വ്യക്തമാക്കുന്നതാണ് അവസാന കാലഘട്ടത്തില്‍ സുമേഷ് എഴുതിയ ഡയറിക്കുറിപ്പുകളെന്ന് ഈരാറ്റുപേട്ട എസ്ഐ എംജെ ഷമീര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

അക്കാലത്ത് മദ്യപാനത്തിനും സുമേഷ് കീഴടങ്ങി. അമിത മദ്യപാനത്തിന് ചികിത്സ  തേടിയിരുന്നു. മാനസികമായ പ്രയാസത്തിലുമായിരുന്നുവെന്നും എസ്ഐ പറഞ്ഞു.

സുമേഷിന്റെ മരണം മനഃപ്രായസമുണ്ടാക്കുന്നതാണെന്ന് പിണറായി വിജയന്‍


സുമേഷിന്റെ മരണം മനഃപ്രയാസമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സുമേഷ് ജോലി ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത് സബ്മിഷനായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജാണ് അവതരിപ്പിച്ചത്. സുമേഷിന്റെ മരണം മനഃപ്രയാസമുണ്ടാക്കുന്നതാണെന്നും സുമേഷിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തെ അനുകമ്പയോടെ കണ്ട് സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദളിതരെന്നും കായിക പ്രതിഭകളെന്നും സര്‍ട്ടിഫിക്കറ്റുകളുണ്ട്... നാലു പേര്‍ കൂടി ബാക്കിയുണ്ട്. അവര്‍ക്ക് ജോലിയാണ് വേണ്ടത്. അതുകൊടുക്കുമോ...?