പട്ടേലര്‍മാര്‍ തൊമ്മിമാരെ 'ബേട്ടാ'യെന്ന് വിളിക്കുന്നു; നോട്ട് മാറാന്‍!

കള്ളപ്പണം വെളുപ്പിക്കാന്‍ പലതരം ഊടുവഴികള്‍ തേടുകയാണ് വ്യാജസമ്പാദ്യമുള്ളവര്‍- അടിച്ചമര്‍ത്തിയിരുന്ന വിധേയന്മാര്‍ക്ക് നല്ല ദിവസമാണ് ഇപ്പോഴത്രേ....

പട്ടേലര്‍മാര്‍ തൊമ്മിമാരെ

സക്കറിയയയുടെ നോവലിനെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ സിനിമയില്‍ ഒരു ഗംഭീര രംഗമുണ്ട്. ജീവനും കൊണ്ട് ഓടേണ്ടി വരുകയാണ് മമ്മൂട്ടിയുടെ പട്ടേലര്‍. കൂടെ ഗോപകൂമാറിന്റെ തൊമ്മിയുണ്ട്. പട്ടേലരുടെ വിധേയന്‍. ഒരു പുഴ കടക്കുമ്പോള്‍ പട്ടേലര്‍ പെട്ടന്ന് തൊമ്മിയെ പേര് വിളിക്കും. അപ്പോള്‍ തൊമ്മി പറയും യശ്മാനരെന്നെ പേര് വിളിച്ചു. തെറിയോ ചീത്തയോ മാത്രം വിളിച്ചിരുന്ന പട്ടേലര്‍ പേരു വിളിച്ചതിലും വലിയ ആശ്ചര്യമൊന്നും വിധേയനുണ്ടാകാനില്ല- ഇത്തരത്തില്‍ ഒരു വിധേയനായിരുന്നു രാഹുല്‍.


ചെന്നായുടെ സ്വഭാവമുള്ള മുതലാളി പെട്ടെന്നൊരു ദിവസം ആട്ടിന്‍ കുട്ടിയെപ്പോലെ ശാന്തനായി തന്റെയടുത്തേക്ക് വന്ന ദിവസം രാഹുലെന്ന ഡല്‍ഹി സ്വദേശിയായ ഡ്രൈവര്‍ക്ക് ഇന്നും ഓര്‍മയുണ്ട്. നോട്ട് നിരോധിച്ച നവംബര്‍ എട്ടിന്റെ തൊട്ടടുത്ത ദിവസമായ നവംബര്‍ 9നായിരുന്നു അത്. 'പ്രിയപ്പെട്ടവനേ' എന്നോ 'മകനേ' എന്നോ ഒക്കെ വാത്സല്യത്തോടെ വിളിക്കുന്ന ഹിന്ദി വാക്കായ 'ബേട്ട' എന്ന വിളിയോടെ രാഹുലിന്റെ അടുത്തെത്തിയ മുതലാളി വീട്ടുജോലിക്കാരിയോട് 'രാഹുലിനൊരു നല്ല ചായ കൊടുത്തേ' എന്ന് പറയുക കൂടിയുണ്ടായി.

തനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം ഭ്രാന്തായതാണോ (സലിംകുമാര്‍ JPG) എന്ന് ശങ്കിച്ച് രാഹുല്‍ മുതലാളിയെ അമ്പരപ്പോടെ നോക്കി ചായ പതിയെ കുടിച്ചിറക്കി. കാരണം 10 വര്‍ഷമായി മുതലാളിയുടെ വണ്ടിയോടിച്ചിട്ടും ഒരു ദിവസം പോലും വീട്ടില്‍ നിന്നൊരു ചായ കൊടുത്തിട്ടില്ല. എന്ന് മാത്രമല്ല, ഹിന്ദിയിലെ എല്ലാ തെറികളും മുതലാളി രാഹുലിനെ വിളിച്ചിട്ടുമുണ്ട്. അര്‍ധരാത്രി ഓട്ടം കഴിഞ്ഞ് ക്ഷീണിച്ചുവരുന്ന രാഹുലിനെ പുലര്‍ച്ചെ അടുത്ത ഓട്ടത്തിനായി വിളിച്ചുണര്‍ത്തുന്ന സാഡിസ്റ്റ് നടപടികള്‍ പോലും മുതലാളി ചെയ്തിട്ടുമുണ്ട്. മുതലാളിയുടെ അപ്രതീക്ഷിത സ്‌നേഹത്തിന്റെ ഷോക്കില്‍ നിന്നുണരാന്‍ രാഹുല്‍ രണ്ട് ദിവസമാണെടുത്തത്.

രാഹുലെന്ന തന്റെ പേര് മുതലാളിക്കറിയാമായിരുന്നു എന്ന കാര്യം പോലും രാഹുല്‍ അന്നാണ് തിരിച്ചറിത്. കാരണം ഡ്രൈവര്‍ എന്ന് മാത്രമേ മുതലാളി വിളിച്ചിട്ടുള്ളു. ചായ കൊടുത്ത് സ്‌നേഹം പ്രകടിപ്പിച്ചതിന്റെ മൂന്നാം നാള്‍ തലയൊക്കെ ചൊറിഞ്ഞ് മുതലാളി രാഹുലിന്റെ അടുത്തെത്തി എന്നിട്ട് പറഞ്ഞു. ''രാഹുല്‍ മോനെ, ഒരു രണ്ടര ലക്ഷം രൂപ മോന് ഞാന്‍ തരാം. മോനത് മോന്റെ അക്കൗണ്ടില്‍ ഒന്ന് ഇടുമോ. മുതലാളിക്ക് കുറച്ച് കള്ളപ്പണം ഉണ്ടായിരുന്നു. അതൊന്ന് വെളുപ്പിക്കാനാ. ഇങ്ങനെയുള്ള അത്യാവശ്യം വരുമ്പോ മോനോടൊക്കെയല്ലാതെ ആരോടാ മുതലാളി പറയുക'' തന്റെ രാജിക്കത്തായ താക്കോല്‍ കൊടുത്ത് മുതലാളിയോട് ബൈ പറഞ്ഞ് രാഹുല്‍ സ്ഥലം വിടുകയാണ് ചെയ്തത്. ഒരുപാട് പണം തന്റെ അക്കൗണ്ടിലിട്ട് പുലിവാല്‍ പിടിക്കാന്‍ പറ്റില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.

രാഹുലിനെപ്പോലെ ആയിരക്കണക്കിന് വീട്ടുജോലിക്കാരും ഡ്രൈവര്‍മാരും പാചകക്കാരുമെല്ലാം മുതലാളിമാരുടെ വി.ഐ.പി പരിഗണനയ്ക്ക് അര്‍ഹരാകുന്ന സംഭവങ്ങളാണ് ഇന്ന് രാജ്യത്തുടനീളം ഉണ്ടാകുന്നതെന്ന് ചിലര്‍ വാദിക്കുന്നു. കൊല്ലത്ത് മാസങ്ങളായി ശമ്പളം മുടക്കുകയും തൊഴിലാളി സമരങ്ങള്‍ വേണ്ടി വരുകയും ചെയ്ത ആശുപത്രിയില്‍ ഒരു മാസം മുന്‍പേ ശമ്പളം കൊടുത്തു- നിരോധിച്ച പണം. ആലപ്പുഴയിലെ ഒരു തുണിക്കടയാണ് ശമ്പളം കൊടുത്തത്, കുടക്കമ്പനിയും അതു തന്നെ ചെയ്തു. അടിമകള്‍ ഒരിത്തിരി നേരത്തേയ്‌ക്കെങ്കിലും ഉടമകളായല്ലോ- എന്നാല്‍ ഇതിനം എന്തോ വലിയ കാര്യമെന്ന നിലയില്‍ ഘോഷിക്കുകയാണ് മോദി അനുകൂലികള്‍. നോട്ട് നിരോധിച്ചപ്പോള്‍ കാശ്മീരില്‍ യുദ്ധമില്ലാതായി പോലുള്ള വീരാപദാനങ്ങളിലൊന്നായി ഇതും മാറുന്നു- ചരിത്രത്തില്‍ ആദ്യമായി തൊഴിലാളികളുടെ ദിവസം വന്നിരിക്കുന്നത്രേ.

യാഥാര്‍ത്ഥ്യം കൂലിയില്ലാതെ റേഷന്‍ പോലും വാങ്ങാനാവാത്ത അവസ്ഥയിലാണ് പാവങ്ങള്‍ എന്നതാണ്. ബാങ്ക് അക്കൗണ്ടില്ലാത്ത തൊഴിലാളികളും ഗ്രാമീണരും സാധുക്കളും നോട്ട്‌നിരോധനത്തിന്റെ തുപ്പേല്‍ക്കുന്നു എന്നതിനെ മറച്ചു വെക്കാനുള്ള കഥകളിലൊന്നാണ് രാഹുലിന്റേതെന്നും പറയേണ്ടി വരും.

ഇതുവരെ മുതലാളിമാരുടെ ആട്ടും തുപ്പുമേറ്റ് കഴിഞ്ഞിരുന്ന ജോലിക്കാരോടൊക്കെ വലിയ സ്‌നേഹം കാണിച്ച് അവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചില'റിപ്പോര്‍ട്ടുകള്‍' വരുന്നുണ്ട്. ഇത്തരത്തില്‍ പണം വെളുപ്പിക്കുന്നതിന് ജോലിക്കാര്‍ക്ക് 25 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നതായും പറയപ്പെടുന്നു. ചിലര്‍ ഓഫറുകള്‍ സ്വീകരിച്ച് സ്വന്തം അക്കൗണ്ടില്‍ മുതലാളിയുടെ പണം നിക്ഷേപിക്കുന്നതായും മറ്റ് ചിലര്‍ ഓഫര്‍ തിരസ്‌കരിച്ച് 'ജോലിത്യാഗം' ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്- ഇങ്ങനെ നിക്ഷേപിക്കുന്ന തുകകള്‍ മുതലാളിമാര്‍ക്ക് തിരിച്ചു കൊടുക്കാതെ വരുമ്പോള്‍, മോദി അനുകൂലികള്‍ പറയുമായിരിക്കും വിദേശ ബാങ്കുകളില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന് തരാമെന്നു പറഞ്ഞ 15 ലക്ഷം രൂപയില്‍ രണ്ടര ലക്ഷം പാവങ്ങള്‍ക്ക് കിട്ടാനാണ് നോട്ട് നിരോധിച്ചതെന്ന്- കള്ളപ്പണം പാവങ്ങളുടെ കയ്യില്‍ വരാനുള്ള മോദി മോഡലാണിതെന്ന് ;)