മെസി വന്നിട്ടും അർജന്റീനയ്ക്ക് രക്ഷയില്ല, ബ്രസീലിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി

കുട്ടിഞ്ഞോയുടെയും പൗളിഞ്ഞോയുടെയും ഗോളുകളുടെയും മികവിൽ അർജന്റീനയ്‌ക്കെതിരെയുള്ള നിർണ്ണായക ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം.

മെസി വന്നിട്ടും അർജന്റീനയ്ക്ക് രക്ഷയില്ല, ബ്രസീലിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി

ബെലോ ഹൊറിസോണ്ട: നെയ്മറിന്റെ 50-ആം അന്താരാഷ്ട്ര ഗോളിന്റെയും കുട്ടിഞ്ഞോയുടെയും പൗളിഞ്ഞോയുടെയും ഗോളുകളുടെയും മികവിൽ അർജന്റീനയ്‌ക്കെതിരെയുള്ള നിർണ്ണായക ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾ നേടിയാണ് ബദ്ധവൈരികളായ നീലവരയൻ കുപ്പായക്കാർക്കെതിരെ മഞ്ഞപ്പട വിജയം കണ്ടത്. പരാജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന നാലു മത്സരങ്ങളും വിജയിക്കാനായില്ലെന്ന നാണക്കേടും അർജന്റീന പേറി.


കഴിഞ്ഞ മത്സരങ്ങളിൽ പരിക്കുമൂലം വിട്ടുനിന്ന മെസി കളിച്ചിട്ടും എഡ്ഗാർഡോ ബോസയുടെ ടീമിന് ബ്രസീൽ പ്രതിരോധത്തെ ഭേദിക്കാനായില്ല. 2014 ലോകകപ്പ് സെമി ഫൈനലിൽ ബെലോ ഹൊറിസോണ്ടയിൽ ജർമ്മനിയോട് പിണഞ്ഞ 7-1ന്റെ പരാജയ ചരിത്രം തിരുത്താനിറങ്ങിയ മഞ്ഞപ്പട നെയ്മർ, ഗബ്രിയേൽ ജീസസ്, കുട്ടിഞ്ഞോ എന്നീ മൂവർ സംഘത്തെയാണ് ആക്രമണച്ചുമതല ഏൽപ്പിച്ചിരുന്നത്. ടീമിലേക്ക് മടങ്ങിവന്ന മെസിയോടൊപ്പം എൻസോ പെരസായിരുന്നു അർജന്റൈൻ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

20-ആം മിനുറ്റിൽ ഗോളെന്നുറപ്പിച്ച ബിജിലിയയുടെ ഒരു ഹാഫ് വോളി ബ്രസീൽ ഗോളി അലിസൺ ഫുൾ ഡൈവിലൂടെയാണ് തടഞ്ഞിട്ടത്. ഇതിനുശേഷം 25-ആം മിനുറ്റിൽ കുട്ടീഞ്ഞോയിലൂടെ ബ്രസീൽ മുന്നിലെത്തി. പിന്നീട് ആദ്യപകുതിയിൽ കളി അവസാനിക്കുന്നതിന് നിമിഷങ്ങൾ ശേഷിക്കെ ഇൻജ്വറി ടൈമിൽ നെയ്മർ കാനറികളുടെ ലീഡ് ഇരട്ടിപ്പിച്ചു. ജീസസ് നൽകിയ മികച്ച പാസിൽ നിന്നായിരുന്നു പിഴവുകളില്ലാതെ നെയ്മർ തന്റെ 50-ആം അന്താരാഷ്ട്ര ഗോൾ നേടിയത്.

പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ 58-ആം മിനുറ്റിൽ പൗളീഞ്ഞോ കൂടി അർജന്റൈൻ ഗോൾ വല ചലിപ്പിച്ചതോടെ ഗോൾ പട്ടിക പൂർണ്ണം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് വിജയം. പെറുവിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം, കൊളംബിയയെയാണ് അർജന്റീന നേരിടേണ്ടത്.