ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച: അഞ്ചു പ്രതികള്‍ക്കും പത്തുവര്‍ഷം കഠിന തടവ്; 25 ലക്ഷം രൂപ വീതം പിഴയും

പിഴത്തുകയായ 125 കോടിയിൽ നിന്ന് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ബാങ്കിന് നൽകണം. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച: അഞ്ചു പ്രതികള്‍ക്കും പത്തുവര്‍ഷം കഠിന തടവ്; 25 ലക്ഷം രൂപ വീതം പിഴയും

കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് ശാഖയിൽ മോഷണം നടത്തി 22.4  കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചു  പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം വീതംകഠിനതടവും 25 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ. കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനിലാണ് കേസിൽ വിധി പറഞ്ഞത്. ഏഴാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.
പിഴത്തുകയായ 125 കോടിയിൽ നിന്ന് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ബാങ്കിന് നൽകണം. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. കര്‍ണാടക കുശാല്‍ നഗര്‍ ബൈത്തനഹള്ളി സ്വദേശി സുലൈമാന്‍, ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്‍ ലത്തീഫ്, ഇടുക്കി രാജഗിരി സ്വദേശി എം.ജെ മുരളി എന്ന തൊരപ്പന്‍ മുരളി, ചെങ്കള ബേര്‍ക്ക സ്വദേശി അബ്ദുല്‍ ഖാദര്‍ എന്ന മനാഫ്, കാഞ്ഞങ്ങാട് ബല്ല മുറിയനാവ് സ്വദേശി മുബഷീര്‍ എന്നവരാണ് കേസിലെ പ്രതികള്‍. കേസിലെ ഏഴാം പ്രതി കര്‍ണാടക കുടക് സ്വദേശി അബ്ദുല്‍ ഖാദറിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുവിട്ടത്. ആറാം പ്രതി കര്‍ണാടക ശാന്തി ഹള്ളയിലെ അശ്രഫ് ഇപ്പോഴും ഒളിവിലാണ്.

കേസില്‍ മൊത്തം 85 സാക്ഷികളെയാണ് വിസ്തരിച്ചത്. 745 രേഖകള്‍ പരിശോധിച്ചിരുന്നു. 1,108 തൊണ്ടിമുതലുകളാണ് ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. പ്രഭാകരനാണ് ഹാജരായത്.
ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ നില വാടകയ്‌ക്കെടുത്തതാണ് പ്രതികൾ സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തിയത്. 2015 സെപ്റ്റംബർ 27ന് ആണ് മോഷണം നടത്തിയത്. തുടര്‍ച്ചയായ അവധി കഴിഞ്ഞ് സെപ്തംബര്‍ 28ന് ബാങ്ക് തുറന്നപ്പോഴാണ് താഴത്തെ നിലയില്‍ വാടകയ്‌ക്കെടുത്ത കെട്ടിടമുറിയില്‍ നിന്നും ബാങ്കിലേക്ക് സീലിംഗ് തുരന്ന് കവര്‍ച്ച നടത്തിയതായി കണ്ടെത്തിയത്.
വാടകക്കെടുത്ത കെട്ടിടത്തിൽ ഹോട്ടൽ തുടങ്ങാനായി നിർമാണ പ്രവർത്തികൾ നടത്തുകയാണെന്ന് എല്ലാവരെയും പ്രതികൾ തെറ്റിദ്ധരിപ്പിച്ചിരുന്നതിനാൽ ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല. നഷ്ടപ്പെട്ട 22.406 കിലോ സ്വര്‍ണത്തില്‍ 17.718 കിലോ സ്വര്‍ണവും 55,000 രൂപയുമാണ് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഒളിവില്‍ കഴിയുന്ന അശ്രഫ് കൂടി പിടിയിലായാല്‍ മാത്രമേ ബാക്കി സ്വര്‍ണവും പണവും കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന നിഗമനത്തിലാണ് പോലീസ്.

കാഞ്ഞങ്ങാട് ഡി വൈ എസ് പി ആയിരുന്ന ഹരിശ്ചന്ദ്രനായികിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി ഐയായിരുന്ന കെ.ഇ പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സി ഐ സി.കെ സുനില്‍ കുമാര്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരുടെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ചീഫായിരുന്ന ഡോ. എ. ശ്രീനിവാസന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

Read More >>