പൂനെയ്‌ക്കെതിരെ നോർത്ത് ഈസ്റ്റിന് ജയം; സെമി ബർത്ത് ഉറപ്പിക്കാൻ ഇനി ശക്തമായ മത്സരം

മറ്റു മൂന്നു സെമി ബർത്ത് ഉറപ്പിക്കാൻ ടീമുകൾ തമ്മിൽ കടുത്ത മത്സരമാണ്. ഡൽഹി, കൊൽക്കത്ത, കേരളം, പൂനെ, നോർത്ത് ഈസ്റ്റ്, ചെന്നൈ ടീമുകൾ തമ്മിലാണ് കടുത്ത മത്സരം. ഇതിൽ പൂനെയ്ക്ക് രണ്ടു മത്സരവും മറ്റു ടീമുകൾക്ക് മൂന്നു വീതം മത്സരങ്ങളുമാണ് ശേഷിക്കുന്നത്.

പൂനെയ്‌ക്കെതിരെ നോർത്ത് ഈസ്റ്റിന് ജയം; സെമി ബർത്ത് ഉറപ്പിക്കാൻ ഇനി ശക്തമായ മത്സരം

ഗുവാഹത്തി: തുടർച്ചയായി ആറു മത്സരങ്ങളിൽ വിജയം കണ്ടെത്താൻ കഴിയാതിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പൂനെയ്‌ക്കെതിരെ വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നെലോവിൻഗാഡയുടെ ടീമിന്റെ വിജയം. ഹോം ഗ്രൗണ്ടിൽ 81-ആം മിനുറ്റിൽ ക്രിസ്റ്റ്യൻ റൊമാരിക്ക് നേടിയ ഗോളിന്റെ പിൻബലത്തിലാണ് വടക്കുകിഴക്കൻ ടീം വിജയം കണ്ടെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസനിലെ നോർത്ത് ഈസ്റ്റിന്റെ നാലാം വിജയമാണിത്.

ആദ്യ മത്സരങ്ങളിൽ കേരള ബ്‌ളാസ്റ്റേഴ്‌സിനെയും എഫ്.സി ഗോവയെയും തോൽപ്പിച്ചിരുന്ന നോർത്ത് ഈസ്റ്റ് പൂനെയുടെ ഹോം ഗ്രൗണ്ടിൽ വച്ചും അവരെ പരാജയപ്പെടുത്തിയിരുന്നു.

പൂനെയും നോർത്ത് ഈസ്റ്റും തമ്മിൽ ചൊവ്വാഴ്ച നടന്ന മത്സരം സംഘർഷഭരിതമായിരുന്നു. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റിന്റെ സ്‌ട്രൈക്കർ വെലസിനെ ഫൗൾ ചെയ്തതിന് പൂനെ ക്യാപ്റ്റൻ സിസോക്കോ തലനാരിഴയ്ക്കാണ് ചുവപ്പു കാർഡിൽ നിന്ന് രക്ഷപ്പെട്ടത്.
ഇരുവരും തമ്മിൽ ആദ്യം പൂനെയിൽ വച്ച് ഏറ്റുമുട്ടിയപ്പോഴും മത്സരം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുഭാഗത്തും ഓരോ ചുവപ്പ് കാർഡ് വീതവും പിറന്നിരുന്നു. ചൊവ്വാഴ്ചത്തെ മത്സരവും ആരംഭിച്ചത് പഴയ വാശിയിലായിരുന്നു. 21-ാം മിനിട്ടിൽ ലൂക്കയിലൂടെ പൂനെയ്ക്ക് ലഭിച്ച ആദ്യ അവസരം പാഴായി. സമനിലയിൽ കലാശിക്കുമെന്ന് കരുതിയ കളിയുടെ 81-ആം മിനുറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നാണ് റൊമാരിക്ക് സ്‌കോർ ചെയ്തത്. അവസാന നിമിഷം തിരിച്ചടിക്കാൻ പൂനെ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല.
ചൊവ്വാഴ്ച പൂനെ സിറ്റിക്കെതിരെ നേടിയ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് സ്വന്തമായുള്ള നോർത്ത് ഈസ്റ്റ് ചെന്നൈയിനെ മറികടന്ന് ആറാം സ്ഥാനത്തെത്തി. 12 കളികളിൽ നിന്ന് 15 പോയിന്റുള്ള പൂനെ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. 15 പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിക്ക് 17 പോയിന്റും മൂന്നാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് 15 പോയിന്റുമാണുള്ളത്. ഏഴാമതുള്ള ചെന്നൈയ്ക്ക് 14 പോയിന്റുണ്ട്.
19 പോയിന്റുള്ള മുംബൈ സിറ്റി മാത്രമാണ് ഇതിനകം സെമി ഫൈനൽ ബർത്ത് ഏതാണ്ട് ഉറപ്പിച്ചിട്ടുള്ളത്.

മറ്റു മൂന്നു സെമി ബർത്ത് ഉറപ്പിക്കാൻ ടീമുകൾ തമ്മിൽ കടുത്ത മത്സരമാണ്. ഡൽഹി, കൊൽക്കത്ത, കേരളം, പൂനെ, നോർത്ത് ഈസ്റ്റ്, ചെന്നൈ ടീമുകൾ തമ്മിലാണ് കടുത്ത മത്സരം. ഇതിൽ പൂനെയ്ക്ക് രണ്ടു മത്സരവും മറ്റു ടീമുകൾക്ക് മൂന്നു വീതം മത്സരങ്ങളുമാണ് ശേഷിക്കുന്നത്.

Read More >>