2000രൂപയുടെ ആദ്യവ്യാജന്‍ കര്‍ണ്ണാടകയില്‍; വ്യാജനെ നിര്‍മ്മിച്ചത് ഫോട്ടോസ്റ്റാറ്റെടുത്ത്

ചിക്മാംഗ്ലൂരിലെ എപിഎംസി മാര്‍ക്കറ്റിലാണ് 2000 രൂപയുടെ വ്യാജനെ ആദ്യം കണ്ടെത്തിയത്. കളര്‍ഫോട്ടോകോപ്പിയെടുത്ത ശേഷം വ്യാജനോട്ടിന്റെ വശങ്ങള്‍ കത്രിക ഉപയോഗിച്ച് വെട്ടിയ നിലയിലായിരുന്നു.

2000രൂപയുടെ ആദ്യവ്യാജന്‍ കര്‍ണ്ണാടകയില്‍; വ്യാജനെ നിര്‍മ്മിച്ചത് ഫോട്ടോസ്റ്റാറ്റെടുത്ത്

ബംഗ്‌ളൂരു: പുതിയ 2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണ്ണാടകയിലെ ചിക്മാംഗ്ലൂരില്‍ വ്യാജനും ഇറങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറിജിനല്‍ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് വ്യാജനെന്ന് അധികൃതര്‍ പറഞ്ഞു. കള്ളനോട്ടും കള്ളപ്പണവും തടയാനാണ് 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കിയത്.

ചിക്മാംഗ്ലൂരിലെ എപിഎംസി മാര്‍ക്കറ്റിലാണ് 2000 രൂപയുടെ വ്യാജനെ ആദ്യം കണ്ടെത്തിയത്. കളര്‍ഫോട്ടോകോപ്പിയെടുത്ത ശേഷം വ്യാജനോട്ടിന്റെ വശങ്ങള്‍ കത്രിക ഉപയോഗിച്ച് വെട്ടിയ നിലയിലായിരുന്നു. പഴയ നോട്ട് മാറാന്‍ നടക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ട് വാങ്ങിയാണ് 2000ന്റെ വ്യാജന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

പുതിയ നോട്ടുമായി ജനങ്ങള്‍ പരിചയിച്ചുതുടങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് 2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നല്‍കി തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ചിക്കമംഗളൂര്‍ അശോക് നഗര്‍ പൊലീസ് ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്നാണ് വിവരം.

Read More >>