മോഷണമെന്നാരോപിച്ച് വൃദ്ധയ്‌ക്കെതിരെ കേസെടുത്തു; പൊലീസിന്റെ ഭീഷണിയില്‍ കിടപ്പാടം വിറ്റ് പണം നല്‍കി; യഥാര്‍ത്ഥ പ്രതി പിന്നീട് പിടിയില്‍

രാധയേയും മകന്‍ ഗണേശിനേയും വിളിച്ചു വരുത്തി ദിവസം മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തി പണം തിരികെ നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. മകനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അപമാനവും ഭയവും താങ്ങാനാകാതെ പണം നല്‍കാമെന്ന് രാധ പൊലീസിനോട് സമ്മതിച്ചു. പണം നല്‍കാന്‍ ആകെയുള്ള രണ്ട് സെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ കരാറെഴുതുകയായിരുന്നു. മുന്‍കൂറായി 50000 രൂപ കിട്ടി. ഇതില്‍ നിന്ന് 37000 രൂപ പൊലീസ് ഉടമയ്ക്ക് കൈമാറുകയായിരുന്നു.

മോഷണമെന്നാരോപിച്ച് വൃദ്ധയ്‌ക്കെതിരെ കേസെടുത്തു; പൊലീസിന്റെ ഭീഷണിയില്‍ കിടപ്പാടം വിറ്റ് പണം നല്‍കി; യഥാര്‍ത്ഥ പ്രതി പിന്നീട് പിടിയില്‍

കൊച്ചി: മോഷ്ടാവെന്ന് പൊലീസ് മുദ്രകുത്തിയതിനെ തുടര്‍ന്ന് വീട് വിറ്റ് തൊണ്ടിമുതല്‍ നല്‍കിയ എഴുപത് വയസ്സുകാരി നിരപരാധിയെന്ന് പൊലീസ്. 37000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതിയില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ സ്വദേശിനിയായ രാധയ്ക്കാണ് ദുരവസ്ഥയുണ്ടായത്. കഴിഞ്ഞ ദിവസം യഥാര്‍ത്ഥ പ്രതിയെ കിട്ടിയപ്പോള്‍ രാധ നല്‍കിയ പണം തിരികെ നല്‍കുകയായിരുന്നു.

വീടുകളില്‍ ജോലിക്ക് പോയാണ് രാധ ഉപജീവനം നടത്തുന്നത്. ഏകമകന്‍ ഗണേഷിന് കൂലിപ്പണിയാണ്. ഒരാഴ്ച മുമ്പ് പതിവ് പോലെ ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ ക്ഷീണം മൂലം രാധ വരാപ്പുഴ ഡേവിസണ്‍ തീയറ്ററിന് സമീപമുള്ള ഇരുമ്പ് കടയുടെ വരാന്തയില്‍ വിശ്രമിച്ചിരുന്നു. വീട്ടില്‍ എത്തിയപ്പോഴേക്കും കടയില്‍ നിന്ന് 37000 രൂപ നഷ്ടമായെന്ന പരാതി പൊലീസിന് ലഭിച്ചു.


രാധയേയും മകന്‍ ഗണേശിനേയും വിളിച്ചു വരുത്തി ദിവസം മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തി പണം തിരികെ നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. മകനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അപമാനവും ഭയവും താങ്ങാനാകാതെ പണം നല്‍കാമെന്ന് രാധ പൊലീസിനോട് സമ്മതിച്ചു. പണം നല്‍കാന്‍ ആകെയുള്ള രണ്ടു  സെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ കരാറെഴുതുകയായിരുന്നു. മുന്‍കൂറായി 50000 രൂപ കിട്ടി. ഇതില്‍ നിന്ന് 37000 രൂപ പൊലീസ് ഉടമയ്ക്ക് കൈമാറുകയായിരുന്നു.

ഇതിനിടെ സംഭവത്തില്‍ കേസെടുത്ത അഡീഷണല്‍ എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു. പിന്നീടാണ് പറവൂര്‍ എസ്‌ഐ പിടികൂടിയ മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോള്‍ വരാപ്പുഴയിലെ കടയില്‍ നിന്ന് 37000 രൂപ മോഷ്ടിച്ചെന്ന് ഇയാള്‍ സമ്മതിച്ചത്. കല്‍പ്പണിക്കുള്ള ആയുധം വാങ്ങാനെന്ന പേരില്‍ കടയിലെത്തി ഇയാള്‍ 500 രൂപ കടയുടമയ്ക്ക് നല്‍കുകയായിരുന്നു. ചില്ലറയെടുക്കാനായി കടയിലിരുന്നയാള്‍ പുറത്തേക്ക് പോയപ്പോഴാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇതോടെ രാധയില്‍ നിന്ന് വാങ്ങിയ പണം വരാപ്പുഴ എസ്‌ഐ പി എസ് ഷാരോണിന്റെ നിര്‍ദ്ദേശപ്രകാരം കടയുടമ രഹസ്യമായി തിരിച്ചു നല്‍കുകയായിരുന്നു. നാലു ലക്ഷം രൂപയ്ക്കാണ് വീടും സ്ഥലവും കരാറെഴുതിയത്. വീടും സ്ഥവും വാങ്ങിക്കുന്നയാള്‍ സര്‍ണ്ണാഭരണങ്ങളും വിറ്റാണ് ഇതിനായി പണം കണ്ടെത്തിയത്. പ്രദേശത്തെ സിപിഐഎം നേതൃത്വം ഇടപെട്ട് പരാതി നല്‍കിയ കടയുടമയില്‍ നിന്ന് രാധയ്ക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കിയെന്ന് മരോട്ടിച്ചോട്ട് ബ്രാഞ്ച് സെക്രട്ടറി രജീവ് പറഞ്ഞു. സ്ഥലം വാങ്ങുന്നയാള്‍ക്ക് മുന്‍കൂര്‍പണം മടക്കിനല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.

Read More >>