ഫൈസലിനെ കൊല്ലാൻ മുൻപും പദ്ധതിയിട്ടിരുന്നതായി സൂചന

ഫൈസൽ വധക്കേസുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരും ആര്‍എസ്എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ സഹോദരീ ഭര്‍ത്താവായ വിനോദാണ് ഫൈസലിന്റെ നീക്കങ്ങളെല്ലാം ചോര്‍ത്തിക്കൊടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

ഫൈസലിനെ കൊല്ലാൻ മുൻപും പദ്ധതിയിട്ടിരുന്നതായി സൂചന

തിരൂരങ്ങാടി: ഇസ്ലാംമതം സ്വീകരിച്ചതിനെ തുടർന്നു വെട്ടിക്കൊലപ്പെടുത്തിയ ഫൈസലിനെ വധിക്കാൻ മുൻപും കൊലയാളികൾ പദ്ധതിയിട്ടിരുന്നു. ഫൈസൽ കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപാണു വധശ്രമം നടന്നത്.

സംഭവം ഇങ്ങനെ. സഹോദരികളിൽ ഒരാളായ സവിതയ്ക്ക് അതിരാവിലെ എറണാകുളത്തേക്കു പോകാൻ ബസ് കയറ്റാൻ ഫൈസൽ പോകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ എഴുന്നേൽക്കാൻ വൈകിയതിനാൽ മറ്റൊരു സഹോദരിയായ കവിതയായിരുന്നു ഫറൂഖ് നഗറിൽ എത്തിച്ചത്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും ജീപ്പിലെത്തിയ ഒരു സംഘം പിന്തുടർന്നിരുന്നു. കുറച്ചു ദൂരം പിന്തുടർന്നെങ്കിലും പിന്നീടിവരെ കണ്ടില്ല. സ്കൂട്ടറിലുള്ളതു ഫൈസലല്ലെന്നു മനസിലാക്കിയ സംഘം പിൻമാറിയതാകാനാണ് സാധ്യത.


ഇക്കാര്യം അന്നു തന്നെ കവിത സൂചിപ്പിച്ചിരുന്നതായി മാതാവ് മീനാക്ഷി നാരദ ന്യൂസിനോട് പറഞ്ഞു. സവിതയെ കൊണ്ടുവിടാന്‍ ഫൈസല്‍ വരുമെന്ന് തലേദിവസം രാത്രിതന്നെ വിവരം ചോര്‍ന്നിരുന്നു. ഇതു ചോര്‍ന്നത് ഫൈസലിന്റെ വീട്ടില്‍ നിന്നു തന്നെയാണെന്നു പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഫൈസൽ വധക്കേസുമായി ബന്ധപ്പെട്ടു  കസ്റ്റഡിയിലുള്ള നാലു പേരും ആര്‍എസ്എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ സഹോദരീ ഭര്‍ത്താവായ വിനോദാണ് ഫൈസലിന്റെ നീക്കങ്ങളെല്ലാം ചോര്‍ത്തിക്കൊടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊലനടത്തിയ സംഘം പ്രദേശത്തുള്ളവരല്ലെന്നാണ് വിവരം. ഫൈസലിനെ വധിച്ച സംഘം കൊടിഞ്ഞി, ചെമ്മാട് പ്രദേശങ്ങളില്‍ ദിവസങ്ങളോളം കഴിഞ്ഞശേഷമാണ് കൃത്യം നടത്തിയതെന്നണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊലയാളികള്‍ക്ക് പ്രാദേശിക സഹായം നല്‍കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഈ മാസം 19ന് താനൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് ഭാര്യയുടെ മാതാപിതാക്കളെ കൂട്ടാന്‍ പുറപ്പെട്ട സമയത്താണ് ബൈക്കിലെത്തിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം ഫൈസലിന്റെ ബന്ധുവാണെന്ന് പറഞ്ഞ് ഭാര്യപിതാവുമായി ഫോണില്‍ ബന്ധപ്പെട്ട് അവര്‍ വരുന്ന സമയം ചോദിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More >>