നോട്ടില്‍ ചിപ്പെന്ന മൗഢ്യം പരത്തി വീണ്ടും മോഡി ഭക്തര്‍; 'ചിപ്പും കോപ്പു'മില്ലെന്ന് വ്യക്തമാക്കി വീഡിയോ

2000 രൂപ നോട്ടിന് 'അമാനുഷിക പരിവേഷം' നല്‍കുന്നതിനിടെ 'മോഡി കീ നോട്ട്' ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിച്ച കറന്‍സി നോട്ടിന്റെ ചിത്രത്തിലും മോദി പ്രസംഗിക്കുന്ന വീഡിയോ പ്ലേ ചെയ്താണ് നോട്ടിനെക്കുറിച്ചുള്ള മോദി ഭക്തരുടെ വ്യാജ വാദം യുവാവ് പൊളിച്ചടുക്കുന്നത്.

നോട്ടില്‍ ചിപ്പെന്ന മൗഢ്യം പരത്തി വീണ്ടും മോഡി ഭക്തര്‍;

പുതിയ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ തന്നെ അവയെക്കുറിച്ച് മോഡി ഭക്തര്‍ അപസര്‍പ്പ കഥകള്‍ പ്രചരിപ്പിച്ചുതുടങ്ങിയിരുന്നു. നോട്ടില്‍ ചിപ്പ്, ജി.പി.എസ് എന്നിവയുണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ നോട്ട് പുറത്തിറങ്ങിയപ്പോള്‍ ഈ പ്രചാരണങ്ങളിലൊന്നും വാസ്തവമില്ലെന്ന് വ്യക്തമായി. ആന്‍ഡ്രോയിഡ് ഫോണിലെ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നോട്ടില്‍ നിന്ന് മോഡിയുടെ പ്രസംഗം കേള്‍ക്കാമെന്നാണ് പിന്നീടുണ്ടായ അവകാശവാദം. നോട്ടിനകത്തുള്ള പ്രത്യേകതരം ചിപ്പാണ് ഇത്തരത്തില്‍ പ്രസംഗം കേള്‍ക്കാന്‍ സഹായിക്കുന്നതെന്ന് ഇതിന്റെ പ്രചാരകര്‍ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുള്ള അത്തരത്തിലൊരു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നയാള്‍ 'ചിപ്പ്' ഉപയോഗിച്ച് മോഡിയുടെ പ്രസംഗം കേള്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ചിപ്പ് ഉള്ളതിനാലാണ് നോട്ടിന് മുകളില്‍ ഫോണ്‍ പിടിച്ച് മോദിയുടെ പ്രസംഗം കേള്‍ക്കാനാകുന്നതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. വീഡിയോയില്‍ വളരെ അഭിമാനപൂര്‍വം ഇദ്ദേഹം ചിപ്പിന്റെ മഹത്വത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.അതേസമയം 2000 രൂപയുടെ നോട്ടിന്റെ ഗൂഗിള്‍ ഇമേജിന് മുകളില്‍ മോഡിയുടെ പ്രസംഗം കേള്‍പ്പിച്ച് 'ചിപ്പ് വാദക്കാരെ' പൊളിച്ചടുക്കുന്ന വീഡിയോയും പുറത്തിറങ്ങി. കമ്പ്യൂട്ടറില്‍ ദൃശ്യമാകുന്ന നോട്ടില്‍ ചിപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പാണല്ലോ. ചിപ്പുവാദം പൊളിച്ചടുക്കുന്ന യുവാവ് തന്റെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള 'മോഡി കീനോട്ട്' എന്ന പ്രാങ്ക് ആപ്പ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ദൃശ്യമാകുന്ന 2000 രൂപയുടെ നോട്ടില്‍ മോഡിയുടെ പ്രസംഗം പ്ലേ ചെയ്യുന്നുണ്ട്. 'മോഡി കീ നോട്ട് ആപ്പ്' എന്ന് സെര്‍ച്ച് ചെയ്താല്‍ ദൃശ്യമാകുന്ന ഗൂഗിള്‍ പ്ലേയുടെ വെബ്‌സൈറ്റില്‍ വ്യക്തമായി 'പ്രാങ്ക് ആപ്പ്' എന്ന് പറയുന്നുണ്ട്. ആളുകളെ 'വട്ടാക്കാന്‍' നടത്തുന്ന ട്രോള്‍ പരിപാടിയായ പ്രാങ്ക് വിദേശങ്ങളിലൊക്കെ വളരെ സാധാരണമാണ്.

എന്നാല്‍ നോട്ടിന് ഇല്ലാത്ത മഹത്വം പ്രചരിപ്പിച്ചുവന്ന മോദി ആരാധകര്‍ നോട്ടിറങ്ങിയ സമയം നോക്കി പുതിയൊരു ആന്‍ഡ്രോയിഡ് ആപ്പ് സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നോട്ടില്‍ ചിപ്പടക്കം പല സാങ്കേതിക സംവിധാനങ്ങളും ഉണ്ടെന്ന ഇത്തരക്കാരുടെ പ്രചാരണം റിസര്‍വ് ബാങ്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലും 'മോഡി കീ നോട്ട്' ആപ്പ് ഉപയോഗിച്ച് നുണപ്രചരണം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.

വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നോട്ടിലും നോട്ടിന്റെ ചിത്രങ്ങളിലും (വെബ് ചിത്രമായാലും) മോഡിയുടെ പ്രസംഗം കേള്‍ക്കാനാകുന്നത്. പാറ്റേണ്‍ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ ആപ്പ് വികസിപ്പിച്ച സമയത്ത് ആപ്പ് ഉപയോഗിച്ച് മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനുള്ള ഫിഗര്‍ ആയി തെരഞ്ഞെടുത്തത് 2000 രൂപയുടെ നോട്ടാണെന്ന് മാത്രം. യഥാര്‍ഥത്തില്‍ 2000 രൂപയുടെ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പില്‍ പോലും മോഡി പ്രസംഗിക്കുന്ന വീഡിയോ കാണാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.