ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സയ്‌ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ തകർപ്പൻ ജയം.

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സയ്‌ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: മുൻ ബറൂസിയ ഡോർമുണ്ട് മിഡിഫീൽഡർ ഇൽകെ ഗുണ്ടോഗന്റെ ഇരട്ട ഗോളിൽ ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ തകർപ്പൻ ജയം. സി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സയെ പെപ് ഗാർഡിയോളയുടെ പരിശീലനത്തിലുള്ള മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.

21-ആം മിനുറ്റിൽ ലയണൽ മെസിയിലൂടെ സ്പാനിഷ് ക്ലബ്ബാണ് ആദ്യം മുന്നിലെത്തിയത്. ബാഴ്‌സ പ്രതിരോധ നിരയിൽ നിന്നും മഷെറാനോ തൊടുത്ത പന്ത് സിറ്റിയുടെ അർജന്റൈൻ ഫോർവേഡ് അഗ്വിറോ തടഞ്ഞിട്ടെങ്കിലും മെസി തട്ടിയെടുത്തു. ഈ പന്ത് പിന്നീട് നെയ്മർക്ക് കൈമാറി,

തിരിച്ചുവാങ്ങിച്ചാണ് ഇടംകാൽ കൊണ്ട് അതിമനോഹരമായി മെസി
വലയ്ക്കുള്ളിലെത്തിച്ചത്.

എന്നാൽ ഇടവേളയ്ക്ക് കളി നിറുത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് 39-ആം മിനുറ്റിൽ ഗുണ്ടോഗനിലൂടെ സിറ്റി തിരിച്ചടിച്ചു. സ്‌റ്റെർലിങ്ങിന് അഗ്വിറോ കൈമാറിയ പന്ത് ഗുണ്ടോഗന്  നൽകി. പോസ്റ്റിൽ നിന്നും അകലെയായിരുന്ന ജർമൻ മിഡ്ഫീൽഡർ ഓടിയെത്തി ഈ ലോ ക്രോസ് സ്വീകരിച്ച് പോസ്റ്റിനുള്ളിലേക്ക് പായിച്ചു. ഇതോടെ ഇടവേളയ്ക്ക് കളി നിറുത്തുമ്പോൾ സ്‌കോർ 1-1.
രണ്ടാം പകുതിയിൽ കളി ആരംഭിച്ച് ആറു മിനുറ്റിനകം അമ്പരപ്പിക്കുന്ന ഗോളോടെ കെവിൻ ഡി ബ്രൂണെ സിറ്റിയെ മുന്നിലെത്തിച്ചു. ബസ്‌കെറ്റ്‌സിന്റെ അശ്രദ്ധമായ കളിയിൽ നിന്നായിരുന്നു സിറ്റിക്ക് ലീഡ് സമ്മാനിച്ച ഗോൾ പിറന്നത്. ഡേവിഡ് സിൽവയെ പിറകിൽ നിന്ന് ഫൗൾ ചെയ്തതിന് പോസ്റ്റിന് 25 വാര അകലെ നിന്നും ലഭിച്ച ഫ്രീകിക്ക് ബാഴ്‌സ ഗോളി മാർക് ആന്ദ്രെ ടേർ സ്റ്റീഗന്
ഒരവസരവും നൽകാതെ ബ്രൂണെ വലയ്ക്കുള്ളിലാക്കി. ഇതോടെ സിറ്റി ഒരു ഗോളിന് മുൻപിൽ.

പിന്നീട് 74-ആം മിനുറ്റിൽ ഗുണ്ടോഗൻ തന്റെ രണ്ടാം ഗോളും നേടിയതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാഡ് സ്‌റ്റേഡിയത്തിൽ മെസിക്കും കൂട്ടർക്കും പരാജയം ഉറപ്പായി. പരാജയപ്പെട്ടെങ്കിലും നാലു കളികളിൽ നിന്ന് ഒമ്പതു പോയിന്റുള്ള ബാഴ്‌സ തന്നെയാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. നാലു കളികളിൽ നിന്ന് ഏഴു പോയിന്റുള്ള രണ്ടാമതുണ്ട്.

Read More >>