ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടനും വിജയം

ലൂക്കാക്കുവിന് 50-ആം പ്രീമിയർ ലീഗ് ഗോൾ, ഡങ്കൻ ഫെർഗൂസനും ടിം കാഹിലിനും ശേഷം 50 പ്രീമിയർ ലീഗ് ഗോൾ തികയ്ക്കുന്ന മൂന്നാമത്തെ എവർട്ടൻ താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടനും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്റ്റനെതിരെ ചെൽസിക്കും വെസ്റ്റ് ഹാമിനെതിരെ എവർട്ടനും വിജയം. ആറാം മിനുറ്റിൽ ഹസാർഡും 55-ആം മിനുറ്റിൽ ഡീഗോ കോസ്റ്റയും നേടിയ ഗോളുകളുടെ പിൻബലത്തിലാണ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസിയുടെ വിജയം. ഇതേസമയം 50-ആം മിനുറ്റിൽ ലൂക്കാക്കുവും 76-ആം മിനുറ്റിൽ ബാർക്ലേയും നേടിയ ഗോളുകൾക്കാണ് വെസ്റ്റ് ഹാമിനെതിരെ എവർട്ടൻ വിജയം കുറിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-0ന് തകർത്ത അതേ ടീമിനെ തന്നെയാണ് ചെൽസി കോച്ച് സതാംപ്റ്റനെതിരെ കളത്തിലിറക്കിയത്. കളി ആരംഭിച്ച് ആറാം മിനുറ്റിൽ തന്നെ ഇതിന്റെ ഫലം ലഭിച്ചു. ആദ്യ ഗോൾ ഏദൻ ഹസാർഡിന്റെ കാലുകളിൽ നിന്നും പിറന്നശേഷം ഇരുഭാഗത്തേക്കും ആക്രമണം നടന്നെങ്കിലും ഒന്നാം പകുതിഅവസാനിക്കുമ്പോൾ ചെൽസി ഒരു ഗോളിന് മുന്നിൽ തന്നെയായിരുന്നു. രണ്ടാം പകുതി പത്തു മിനുറ്റ് പിന്നിട്ട ശേഷം ഡീഗോ കോസ്റ്റ കൂടി വല കുലുക്കിയതോടെ നീലക്കുപ്പായക്കാർ വിജയം ഉറപ്പിച്ചു.

ലൂക്കാക്കു തന്റെ 50-ആം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോൾ നേടിയാണ് വെസ്റ്റ് ഹാമിനെതിരെ എവർട്ടനെ ആദ്യം മുന്നിലെത്തിച്ചത്. ഡങ്കൻ ഫെർഗൂസനും ടിം കാഹിലിനും ശേഷം 50 പ്രീമിയർ ലീഗ് ഗോൾ തികയ്ക്കുന്ന മൂന്നാമത്തെ എവർട്ടൻ താരമാണ് ലൂക്കാക്കു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയായിരുന്നു എവർട്ടൻ വിജയിച്ചത്.

Story by
Read More >>