ടെസ്റ്റ് ടീം ഇന്ന്; ഗംഭീര്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യത

അസുഖത്തിൽ നിന്നു മോചിതനായ പേസ് ബോളർ ഇഷാന്ത് ശർമ ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്

ടെസ്റ്റ് ടീം ഇന്ന്; ഗംഭീര്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യത

മുംബൈ∙ ഈ മാസം ഒൻപതിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിക്കും.ന്യൂസീലൻഡിനെതിരായ പരമ്പരയില്‍ പകരക്കാരനായി ടീമിലെത്തിയ വെറ്ററന്‍ താരം ഗൌതം ഗംഭീര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. കഴിഞ്ഞ ദിവസം സമാപിച്ച ഒഡീഷയ്ക്കെതിരെ രഞ്ജി മൽസരത്തിൽ 147 റൺസ് നേടുകയും ചെയ്ത ഗംഭീറിനു വീണ്ടും സിലക്ടർമാർ അവസരം കൊടുക്കുമെന്നു കരുതപ്പെടുന്നു.

അസുഖത്തിൽ നിന്നു മോചിതനായ പേസ് ബോളർ ഇഷാന്ത് ശർമ ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. ചിക്കൻഗുനിയ മൂലമാണ് ഇഷാന്ത് ശർമയ്ക്കു ടീമിൽ നിന്നു വിട്ടുനിൽക്കേണ്ടിവന്നത്. എന്നാൽ രണ്ടു രഞ്ജി മൽസരങ്ങളിലായി മികച്ച പേസിൽ 40 ഓവർ ബോൾ ചെയ്ത ഇഷാന്ത് ടീമിൽ തിരിച്ചെത്താനാണു സാധ്യത. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിലെ മറ്റുള്ളവർ സ്ഥാനം നിലനിർത്തിയേക്കും.


പരുക്കുമൂലം വിശ്രമത്തിലായിരുന്ന കെ.എൽ.രാഹുലും ഭുവനേശ്വർ കുമാറും പിന്നീടു മൽസരങ്ങൾ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കായികക്ഷമത തെളിയിക്കേണ്ടി വരും. വിരലിനു പരുക്കേറ്റ ശിഖർ ധവാന്റെ കാര്യവും സമാനമാണ്.

അതേസമയം ബംഗ്ലദേശിനെതിരെ ടെസ്റ്റ് പരമ്പരയിൽ 1–1 സമനിലയ്ക്കു ശേഷം ഇംഗ്ലണ്ട് ടീം ഇന്നു ഇന്ത്യയില്‍ എത്തും. ഈ മാസം ഒമ്പതാം തീയതി മുതല്‍ രാജ്കോട്ടിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ നടക്കുന്നത്. രണ്ടാം ടെസ്റ്റ് 17 മുതൽ വിശാഖപട്ടണത്തും മൂന്നാം ടെസ്റ്റ് 26 മുതൽ മൊഹാലിയിലും നാലാം ടെസ്റ്റ് ഡിസംബർ എട്ടു മുതൽ മുംബൈയിലും അഞ്ചാം ടെസ്റ്റ് 16 മുതൽ ചെന്നൈയിലും നടക്കും.