കുമ്മനംജീക്കറിയുമോ അദ്യടുക്കയിലെ വാസപ്പ ഗൗഡയെ? ബിജെപി ഭരിക്കുന്ന ബെള്ളൂർ സഹകരണ ബാങ്കിനെ?

തളര്‍ന്നു കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ മരുന്നു വാങ്ങാനുള്ള പണത്തിനു നേരിട്ടു ഹാജരാകണമെന്നു വാശി പിടിക്കുന്ന ബെള്ളൂര്‍ സഹകരണ ബാങ്ക് ഭരിക്കുന്നതു ബിജെപിയാണ്.

കുമ്മനംജീക്കറിയുമോ അദ്യടുക്കയിലെ വാസപ്പ ഗൗഡയെ? ബിജെപി ഭരിക്കുന്ന ബെള്ളൂർ സഹകരണ ബാങ്കിനെ?

സഹകരണ ബാങ്കിലൂടെ ഒഴുകുന്നത് കള്ളപ്പണമാണെന്ന് പറയുന്ന ബിജെപി നേതാക്കള്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടിലുകള്‍ സന്ദര്‍ശിക്കുന്നത് നന്നാകും. എല്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ടു മക്കളുടെ ചികില്‍സയ്ക്കു കടം വാങ്ങിയ പണം വീട്ടാനാവാതെ ചങ്കു പൊട്ടി ജഗന്നാഥ പൂജാരി (56) എന്നയാള്‍ തൂങ്ങി മരിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു.

മരുന്നു വാങ്ങാനുളള പണത്തിന് തളര്‍ന്ന് കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ നേരിട്ടു വരണമെന്ന് വാശി പിടിക്കുന്ന ബെള്ളൂര്‍ സഹകരണ ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്.


6213 ബ്രാഞ്ചുകളാണ് ഷെഡ്യൂൾഡ് ബാങ്കുകള്‍ക്ക് കേരളത്തില്‍ ഉള്ളത്. സഹകരണ സംഘങ്ങള്‍ക്കാകട്ടെ 4800 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇതില്‍ 100 എണ്ണം ഭരിക്കുന്നത് ബിജെപിയാണ്. ഇതില്‍ 66 എണ്ണം കാസര്‍ഗോഡാണ്. ഇതില്‍ 15 സഹകരണ സംഘങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ഉൾനാടൻ ഗ്രാമമായ ബെള്ളൂരിലാണ്.

മുന്‍ സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായമെത്തിച്ചിരുന്നത് ഈ സഹകരണ സംഘങ്ങളിലൂടെയാണ്.

തളര്‍ന്ന് കിടക്കുന്ന വാസപ്പ ഗൗഡ എങ്ങനെ ബാങ്കില്‍ പോകും?

അഞ്ചു വര്‍ഷമായി ബെള്ളൂര്‍ അദ്യടുക്കയിലെ വാസപ്പ ഗൗഡ തളര്‍ന്നു കിടക്കുകയാണ്. കൈകാലുകളും ശരീരവും അനക്കാന്‍ പരസഹായം വേണം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള യാത്രയ്ക്ക് എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തി പിണറായിയുടെ സമ്മേളന സ്ഥലത്ത് എത്തിച്ചിട്ടുണ്ട് വാസപ്പ ഗൗഡയെ...

വാഗ്ദ്ധാനങ്ങള്‍ ഉണ്ടായെങ്കിലും കരുണയുണ്ടായില്ല. ഗൗഡയ്ക്ക് മരുന്നു വാങ്ങണമെങ്കില്‍ ബെള്ളൂര്‍ സഹകരണ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കണം. സഹകരണ ബാങ്കിലൂടെ എത്തിയിരുന്ന സഹായം നിലച്ചതോടെ നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പട്ടിണിയിലും ദുരിതത്തിലുമാണ്. കൈയിലുള്ള പഴയ നോട്ടുകള്‍ മാറ്റിയെടുക്കണമെങ്കില്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ചെന്ന് വരി നില്‍ക്കണം.

വാസപ്പ ഗൗഡയുടെ മകന്‍ വിനയന്‍ പതിവു പോലെ മരുന്നു വാങ്ങാന്‍ പണമെടുക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിട്ടു തന്നെയെത്തണമെന്ന് ബാങ്ക് അധികൃതര്‍ വാശി പിടിപ്പിച്ചതെന്ന് വിനയന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. അപേക്ഷ എഴുതി നല്‍കുകയും ആധാര്‍ കാര്‍ഡുമായി വാസപ്പ ഗൗഡ തന്നെ നേരിട്ടു എത്തുകയും ചെയ്തില്ലെങ്കില്‍ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ വാശി പിടിച്ചതായും വിനയന്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകളോട് ബാങ്കുകള്‍ക്ക് അയിത്തം


ഗ്രാമങ്ങളില്‍ അടക്കം ന്യൂജനറേഷന്‍ ബാങ്കുകള്‍ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ ഒഴിച്ചിടാന്‍ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ശ്രദ്ധിച്ചു. ദേശസാത്കൃത ബാങ്കുകളും ഇവിടെ പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ മെനക്കെട്ടില്ല. കോടികളുടെ വായ്പ എടുത്തു മുങ്ങുന്ന വമ്പന്‍മാരുടെ വായ്പകള്‍ ഔദാര്യത്തോടെ എഴുതിത്തള്ളുന്ന സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യം വരുമ്പോള്‍ മിണ്ടാതിരിക്കും.

ചികിത്സയ്ക്കായി എടുക്കുന്ന പണത്തിനു കൃത്യമായി ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കുമെന്ന് വിനയന്‍ പറയുന്നു. പല തവണ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നു മാറി വരുന്ന സര്‍ക്കാര്‍ പ്രഖ്യാപിക്കുമെങ്കിലും ബാങ്കുകളോട് ചോദിച്ചാല്‍ പോയി സര്‍ക്കാരിനോട് ചോദിക്കാനായിരിക്കും മറുപടി. സര്‍ക്കാര്‍ കാശു തന്നാലെ കടം എഴുതി തള്ളൂവെന്നാണ് ബാങ്ക് അധികൃതരുടെ നിലപാടെന്നും വിനയന്‍ പറയുന്നു.

സഹകരണ ബാങ്കുകള്‍ നശിച്ചാലെന്ത്?

സഹകരണ ബാങ്കുകള്‍ നശിച്ചാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ബിജെപി നേതാവ് വി മുരളീധരന്‍ ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്. കേരളത്തിലെ സഹകരണ മേഖല ജനങ്ങള്‍ തന്നെ വളര്‍ത്തിയെടുത്തതാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയാണ് അതിനു മറുപടി.

കേരളത്തിലെ സഹകരണ മേഖല ജനങ്ങളാണ് വളര്‍ത്തിയെടുത്തത്. അത് തകര്‍ന്നോട്ടെയെന്ന് പറയുന്നത് ജനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണ്. പശുവിനെ വാങ്ങാനും ആടിനെ വളര്‍ത്താനും നിരവധി തുകയാണ് സഹകരണ സംഘങ്ങള്‍ വഴി രാജ്യമെമ്പാടും നല്‍കിട്ടുള്ളത്.

മികച്ച സഹകാരികളുടെ നാടായ കേരളത്തിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍. പിന്‍വലിച്ച 500, 100 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തോടോപ്പം ബിജെപി ഭരിക്കുന്ന ഗുജറാത്തും മഹാരാഷ്ട്രയും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്ന് മനസിലാകുമ്പോഴാണ് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയ്യിടുന്ന അധികാരികളുടെ തനിനിറം പുറത്താകുന്നതും.