പ്രധാനമന്ത്രിക്കസേരയിൽ സിഐഡി മൂസയിലെ പീതാംബരൻ സാർ; ചാനലുകൾക്കിതു കഷ്ടകാലം 

മോദിയെന്ന രാഷ്ട്രീയക്കാരനെ വിമർശിച്ചാൽ നാട്ടിൽ വർഗീയകലാപമാണു പ്രതികരണം. എന്നുവെച്ചാൽ മോദി രാഷ്ട്രീയ നേതാവല്ല, വർഗീയവികാരത്തിന്റെ നായകനാണ്. അതാണ് കേന്ദ്ര വാർത്താ വിനിമയ വകുപ്പു രാജ്യത്തിനു നൽകുന്ന സന്ദേശം.

പ്രധാനമന്ത്രിക്കസേരയിൽ സിഐഡി മൂസയിലെ പീതാംബരൻ സാർ; ചാനലുകൾക്കിതു കഷ്ടകാലം 

കാലാദേശങ്ങൾക്കതീതമായ ഒരു കഥാപാത്രമാണ് സിഐഡി മൂസയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച സിഐ പീതാംബരൻ. പാമരനെന്നോ പ്രധാനമന്ത്രിയെന്നോ ഭേദമില്ലാതെ ആരൊക്കെ എപ്പോഴൊക്കെ പീതാംബരനാകുമെന്നും "അതെന്നെയാണ്, എന്നെത്തന്നെയാണ്, എന്നെ മാത്രമാണ്" എന്ന് നിലവിളിക്കുമെന്നും പറയുക വയ്യ. സിഐഡി മൂസയിലെ പീതാംബരൻ വെറും സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. അധികാരമുപയോഗിച്ച് പീഡിപ്പിച്ചത് അമ്മാവനെയും അളിയനെയും മാത്രം. പക്ഷേ, പീതാംബരൻ സാർ കൈയാളുന്നത് അനാദിയായ അധികാരമാണെങ്കിൽ ആസേതുഹിമാചലം വരെ വർഗീയകലാപമുണ്ടാകാമെന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് മുന്നറിയിപ്പു നൽകുന്നത്. അവിശ്വസനീയമായ ആ മുന്നറിയിപ്പിന്റെ നാൾ വഴിയിതാ...


2014 ഡിസംബർ ഒമ്പത് ചൊവ്വ. സമയം രാവിലെ ആറര. നരേന്ദ്രമോദി റിമോട്ടുമായി ടിവി തുറന്നു. പരതിപ്പരതി തമിഴ് ചാനലായ സത്യം ടിവിയിലെത്തിയതും ബൈബിൾ പരിപാടി കണ്ടുകളയാമെന്നു തീരുമാനിച്ചതും സ്വാഭാവികമാവാനേ തരമുള്ളൂ. അദ്ദേഹം കണ്ടത് '
ഉങ്കൾ ആശീർവാദ നേരം
' എന്ന സുവിശേഷ പരിപാടി. അവതരിപ്പിച്ചത് ബ്രദർ അപ്പാദുരൈ.

പക്ഷേ, ഒറ്റ ഡയലോഗിൽ കളിയും കഥയും മാറി. അപ്പാദുരെ അലറി; "ഇന്ത പൊല്ലാത മനിഷരെ ഇന്ത ഉലകത്തിലിൻട്രേ തൂക്ക് അപ്പാ... ഇന്ത പൊല്ലാത മനിഷരൈ അവൻ പിള്ളൈങ്കളോടെ തൂക്ക് അപ്പാ..." അൽപസ്വൽപം തമിഴറിയാവുന്ന പ്രധാനമന്ത്രി പൊടുന്നനെ പീതാംബരനായി.

പിശാചായ മനുഷ്യനെയും അവന്റെ അനുയായികളെയും ലോകത്തിൽനിന്ന് അകറ്റണമെന്നാണ് ദൈവത്തോട് സുവിശേഷ പ്രസംഗകൻ ഉള്ളുരുകി പ്രാർത്ഥിച്ചത്. ഞാനറിയാതെ വേറെ പിശാചേത്?  ഇതെന്നെയല്ലേ... എന്നെത്തന്നെയല്ലേ.. എന്നെ മാത്രമല്ലേ ഉദ്ദേശിച്ചത്... മോദി താടിയ്ക്കു കൈ കൊടുത്തു...

sathyam-channelപിന്നെ നടന്നത് ചരിത്രം. ചാനലിന് വാർത്താവിനിമയ മന്ത്രാലയത്തിന്റെ വക കാരണം കാണിക്കൽ നോട്ടീസ്. "ഉങ്കൾ ആശീർവാദ നേരം" എന്ന പരിപാടിയിൽ ക്രിസ്തീയ വിശ്വാസത്തിനു ഭീഷണിയായ ഭയാനക മനുഷ്യനെ പരാമർശിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിനെ ഉന്നം വച്ചാണെന്നും അത് രാജ്യത്ത് വർഗീയവികാരമിളക്കിവിടുമെന്നും പൊതുജനത്തെ കലാപത്തിന് എരികേറ്റുമെന്നുമൊക്കെ നോട്ടീസിൽ എഴുതിപ്പിടിപ്പിച്ചിരുന്നു.  ഇങ്ങനെയൊക്കെ ചെയ്യുന്നത് 1995ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് (റെഗുലേഷൻ) ആക്ടിലെ 6(1) (c),(d), (e), (i) വകുപ്പുകളുടെ ലംഘനമാണെന്നും ചാനലിന്റെ സംപ്രേക്ഷണാവകാശം റദ്ദു ചെയ്യുമെന്നും 2014 ഡിസംബർ 16ന് നൽകിയ നോട്ടീസിൽ മുന്നറിയിപ്പു നൽകി.

പിറ്റേന്നു തന്നെ ചാനൽ രേഖാമൂലം മറുപടി നൽകി. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരു വസ്തുതയുമില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കു പോലും മനസിലാകും. പിന്നെയാണോ ബിരിയാണി ഭക്ഷിക്കുന്നവർക്ക്. വിശദീകരണവും മറ്റുമൊക്കെയായി ഒടുവിൽ നടപടി മുന്നറിയിപ്പിലൊതുക്കി. നോട്ടീസിനും അനുബന്ധ പരിപാടിയ്ക്കുമെതിരെ ചാനൽ, ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മോഹൻ ലാസർ എന്ന സുവിശേഷകനാണ് ചാനൽ ഉടമ. ജീസസ് റെഡീംസ് മിനിസ്ട്രിയുടെ പേരിലുള്ളത് ന്യൂസ് ചാനലിന്റെ ലൈസൻസും.

ഗുജറാത്താനന്തര ഇന്ത്യയിൽ  പിശാച് എന്ന വാക്കിന് നരേന്ദ്രമോദിയെന്ന ഒറ്റ അർത്ഥമേയുള്ളൂവെന്ന് മോദിയ്ക്കും കൂടെയുള്ളവർക്കും പോലും സംശയമില്ല. അതല്ലെങ്കിൽ,  സത്യം ചാനലിലെ സുവിശേഷ പ്രസംഗത്തിലെ കഷ്ടിച്ച് മൂന്നു മിനിട്ടു ദൈർഘ്യമുള്ള ആ ഭാഗം മോദിയെയും സംഘത്തെയും ഇങ്ങനെ വിറളി പിടിപ്പിക്കുമായിരുന്നില്ല. അടുത്ത പടിയായി പിശാച് എന്നർത്ഥമുള്ള സകല വാക്കുകളും ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും നിരോധിക്കപ്പെട്ടേയ്ക്കാം.

ആ നോട്ടീസ് വഴി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം രാജ്യത്തിനു നൽകുന്ന മുന്നറിയിപ്പും സ്പഷ്ടമാണ്.  ആ വാചകം ഒരിക്കൽക്കൂടി വായിക്കാം.
Such statements being broadcast from a religious preacher appeared to be targeting a political leader and could potentially give rise to a communally sensitive situation and incite the public to violent tendencies which would be conducive to law and order situation.

രാഷ്ട്രീയ നേതാവിനെതിയുണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ രാജ്യത്ത് രാഷ്ട്രീയ സംഘർഷമുണ്ടാക്കുമെന്നല്ല, വർഗീയ വികാരം ആളിക്കത്തിക്കുമെന്നാണ് മുന്നറിയിപ്പ്. മോദിയെന്ന രാഷ്ട്രീയക്കാരനെ വിമർശിച്ചാൽ നാട്ടിൽ വർഗീയകലാപമാണു പ്രതികരണം. എന്നുവച്ചാൽ മോദി രാഷ്ട്രീയ നേതാവല്ല, വർഗീയവികാരത്തിന്റെ നായകനാണ്. അതാണ്  കേന്ദ്ര വാർത്താ വിനിമയ വകുപ്പു രാജ്യത്തിനു നൽകുന്ന സന്ദേശം.

മോദിയെച്ചൊല്ലി കലാപമുണ്ടാക്കാൻ മോദിയെ നേരിട്ടു വിമർശിക്കുകയോ പരിഹസിക്കുകയോ വേണ്ടെന്നർത്ഥം. അതെന്നെയാണ്, എന്നെത്തന്നെയാണ്... എന്നെ മാത്രമാണ് എന്ന തോന്നലുണ്ടാക്കുന്ന ഏതു പരിപാടിയും കലാപത്തിന്റെ വെടിമരുന്നാണ്. അതു സുവിശേഷ പരിപാടിയാകാം. പാർത്തതും പടിത്തതും പോലുളള ടോക് ഷോയാകാം. ബഡായി ബംഗ്ലാവുപോലുളള കോമഡിപ്പരിപാടിയാകാം, കനകസിംഹാസനത്തിൽ കയറിയിരിക്കുന്നത് ശുനകനോ ശുംഭനോ എന്നു ശങ്കിക്കുന്ന സിനിമാപ്പാട്ടിന്റെ സംപ്രേഷണമാകാം.

ഒരുങ്ങിയിരിക്കുക. മീഡിയാ വണ്ണും സത്യം ടിവിയും മുതൽ എൻഡിടിവി വരെയുള്ള ചാനലുകൾ കൈകാര്യം ചെയ്യപ്പെടുന്നത് അടിയന്തരാവസ്ഥയുടെ മുന്നോടിയായിട്ടാണ്.

Read More >>