പാലക്കാട് ട്രെയിന്‍ തട്ടി കൊമ്പന്‍ ചെരിഞ്ഞു; അപകട കാരണം അമിത വേഗമെന്ന് ആരോപണം

ആനകളുടെ സംരക്ഷണ മേഖല കൂടിയായ വാളയാര്‍- മധുക്കരയിൽ ഈ വർഷം നടന്ന നാലാമത്തെ അപകടമാണിത്

പാലക്കാട് ട്രെയിന്‍ തട്ടി കൊമ്പന്‍ ചെരിഞ്ഞു; അപകട കാരണം അമിത വേഗമെന്ന് ആരോപണം

പാലക്കാട് കഞ്ചിക്കോടിനടുത്തു ഇന്നു രാവിലെ   ട്രെയിന്‍ ഇടിച്ചു കാട്ടാന ചെരിഞ്ഞു. പാളത്തില്‍ നില്‍ക്കുകയായിരുന്ന കൊമ്പനെ അമിത വേഗതയില്‍ വന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.   ഏകദേശം 100 മീറ്ററോളം ദൂരം ആനയെ വലിച്ചു കൊണ്ടു പോയ ശേഷമാണ് ട്രെയിൻ നിന്നത്. വാളയാര്‍ മലയോട് ചേര്‍ന്ന ബി ട്രാക്കിലാണ് അപകടം നടന്നത്. 25 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്.

രാത്രി സമയത്തും പുലർച്ചെയും  തീവണ്ടി തട്ടി ആനകള്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങൾ നേരത്തെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ  പകല്‍ സമയത്ത് ഇത്തരമൊരു അപകടം സമീപ കാലത്തൊന്നും നടന്നിട്ടില്ല. പാളത്തില്‍ നില്‍ക്കുകയായിരുന്ന ആനയെ ദൂരെ നിന്നും കാണാന്‍ കഴിയുമായിരുന്നെങ്കിലും അമിത വേഗത്തിലായിരുന്നതിനാലാണ് ട്രെയിൻ നിർത്താൻ കഴിയാതിരുന്നതെന്നും ആക്ഷേപമുണ്ട്.


ele2

ആനകളുടെ സംരക്ഷണ മേഖല കൂടിയായ വാളയാര്‍- മധുക്കരയിൽ ഈ വർഷം നടന്ന നാലാമത്തെ അപകടമാണിത്.  15 വര്‍ഷത്തിനകം 20 ആനകള്‍ ഈ മേഖലയില്‍ തീവണ്ടി തട്ടി കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതുവഴി അമിതവേഗതയില്‍ കടന്നുപോകുന്ന ട്രെയിനുകളാണ് അപകടം വരുത്തുന്നത്. പ്രത്യേകിച്ചും അര്‍ധരാത്രിക്കുശേഷമുള്ള എക്‌സ്പ്രസ്സ് ട്രെയിനുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ വേഗനിയന്ത്രണം ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പരിശോധിക്കാനുള്ള സംവിധാനമോ സാഹചര്യമോ ഇപ്പോഴും നിലവിലില്ല.

ഏഴോളം ആനത്താരകള്‍ കേരള ഭാഗത്തും അഞ്ചോളം ആനത്താരകള്‍ തമിഴ്‌നാടിന്റെ ഭാഗത്തുംഉണ്ട്. അതിലൂടെയാണ് അന്യസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഏറെക്കുറെ എല്ലാ ട്രെയിനുകളും കടന്നുപോകുന്നത്.
വാളയാര്‍ മേഖലയില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നിരന്തരമായ ഇടപെടലുകളിലൂടെ വേഗത നിയന്ത്രിക്കുവാന്‍ നേരത്തെ നടപടി വന്നിരുന്നു. അതേസമയം മധുക്കര ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലും അത് നടപ്പാക്കിയിട്ടില്ലെന്നുമാത്രമല്ല പകരം ആനത്താരകളില്‍ ആനയുടെ ചിഹ്നമുള്ള ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

Read More >>