വരുന്നു എഡ്യൂക്കേഷൻ ആപ്പുകൾ... അതും മലയാളത്തിൽ... പഠനം രസകരമാക്കാൻ ആലപ്പുഴയിൽ നിന്നൊരു മുൻകൈ

ആലപ്പുഴ വീണ്ടും മാതൃകയാവുകയാണ്. മാരാരിക്കുളവും കഞ്ഞിക്കുഴിയും മാരി കുടകളും ജൈവപച്ചക്കറിയും മാലിന്യസംസ്ക്കരണവും അനുകരിക്കപ്പെട്ട വിജയക്കുതിപ്പുകളുടെ പട്ടികയിലുണ്ട്. പൊതുവിദ്യാഭ്യാസമേഖലയുടെ ശാപമോക്ഷത്തിനുളള മാർഗങ്ങളാണ് ഇക്കുറി ആലപ്പുഴ ആലോചിക്കുന്നത്.

വരുന്നു എഡ്യൂക്കേഷൻ ആപ്പുകൾ... അതും മലയാളത്തിൽ... പഠനം രസകരമാക്കാൻ ആലപ്പുഴയിൽ നിന്നൊരു മുൻകൈ

eduthon-2കമ്പ്യൂട്ടർ ഗെയിം ഇഷ്ടമുളള കൊച്ചുകൂട്ടുകാർക്കിതാ രസമുളള ഒരു ഗെയിം വരുന്നു. ഒരു കാട്ടിലാണ് ഈ ഗെയിം. കാടിന് ഒരു പ്രത്യേകതയുണ്ട്. പൊന്തകൾക്കിടയിൽ മലയാള അക്ഷരങ്ങൾ ഒളിച്ചിരിക്കുന്ന കാടാണിത്. കാട്ടിൽ മൃഗങ്ങളുണ്ട്. അക്ഷരങ്ങൾ കണ്ടെത്തി കൂട്ടിച്ചേർത്ത് ഓരോ മൃഗങ്ങളെയായി കണ്ടുപിടിക്കണം. അതാണ് കളി.

ആദ്യത്തെ കളി ആനയെ കണ്ടെത്തുകയാണ്. പൊന്ത പരിശോധിച്ച് "ആ"യും "ന"യും ആദ്യം കണ്ടുപിടിക്കണം. അതു ശരിയായി കൂട്ടിവെച്ചാൽ സ്ക്രീനിൽ ആന തെളിയും. വലിയ കൊമ്പും തുമ്പിക്കൈയുമായി ചിന്നം വിളിച്ച് സലാം വെയ്ക്കുന്ന ആന. അതോടെ അടുത്ത ലെവലിലേയ്ക്കു കയറാം. അവിടെ കണ്ടുപിടിക്കേണ്ടത് കടുവയെയാണ്... അങ്ങനെ പല ലെവലുകൾ...


"ഒരു വക പഠിക്കില്ല, എപ്പോഴും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും" എന്ന് കുഞ്ഞു മക്കളെക്കുറിച്ച് പരാതി പറയുന്ന അച്ഛനമ്മമാരെ കണ്ടിട്ടില്ലേ? ആ മക്കൾക്കു വേണ്ടിയാണ് ഈ ഗെയിം. മലയാള അക്ഷരങ്ങൾ പരിചയപ്പെടുത്താനും പഠിക്കാനുമുള്ള കമ്പ്യൂട്ടർ ഗെയിം. ഓരോ ലെവലിലേയ്ക്കു കയറുമ്പോഴും കളിയിൽ മുഴുകുന്നവർ അക്ഷരങ്ങളെ പരിചയപ്പെടും. അവ കൂട്ടിവെച്ചു വാക്കുണ്ടാക്കാൻ പഠിക്കും. ആ വാക്കിന്റെ അർത്ഥവും ആശയവും ആനിമേഷനായി സ്ക്രീനിൽ തെളിഞ്ഞു വരും.

eduthon-3സംഗതി രസമല്ലേ. ഇത്തരത്തിൽ പലതരം ഗെയിമുകളുണ്ടാക്കി പഠനം രസകരമാക്കാനുളള വഴികളെക്കുറിച്ചാലോചിക്കാൻ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചേർത്തല ഇൻഫോപാർക്കിന്റെ കോൺഫറൻസ് ഹാളിൽ ഒരു ശിൽപശാല നടന്നു. പങ്കെടുത്തത് ആലപ്പുഴ ജില്ലയിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥികളും ബിഎഡ് വിദ്യാർത്ഥികളും, അവരുടെ അധ്യാപകരും സ്ക്കൂൾ അധ്യാപകരും ഇത്തരം ഗെയിമുകളും ആൻഡ്രോയ്ഡ് ആപ്ലിക്കേഷനും വികസിപ്പിക്കുന്നതിൽ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരുമുൾപ്പെടെ ഇരുനൂറോളം പേർ. ഒരു ദിവസം മുഴുവൻ അവർ ശിൽപശാലയിൽ ഈ ലക്ഷ്യത്തിനുവേണ്ടി തലപുകച്ചു. Eduthon എന്ന പേരിലായിരുന്നു, ശിൽപശാല സംഘടിപ്പിച്ചത്.

ലക്ഷ്യമിതായിരുന്നു - ലളിതമായ പഠനത്തിനു സഹായിക്കുന്ന ഗെയിമുകളും ആപ്പുകളും മലയാളത്തിൽ തുലോം വിരളമാണ്; ഇതു പരിഹരിക്കണം. ഇന്‍റര്‍നെറ്റില്‍ കിട്ടുന്നതിൽ മിക്കവയും ഇംഗ്ലീഷിലാണ്. ആ സ്ഥാനത്തു മലയാളവും ഉണ്ടാകണം. മിനിമം ശേഷികള്‍ ആര്‍ജ്ജിക്കുന്നതിനു കുട്ടികളെ സഹായിക്കുന്ന ഗെയിമുകളും ആപ്പുകളും സോഷ്യല്‍ എഞ്ചിനീയറിംഗ് വഴി മലയാളത്തിൽ ലഭ്യമാക്കണം.

പഠനത്തോടൊപ്പം ചെയ്യാവുന്ന ഒരു ലൈവ് പ്രോജക്റ്റായി എന്ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ദൌത്യം ഏറ്റെടുക്കും. പഠന വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ആശയങ്ങള്‍ നൽകാൻ ബിഎഡ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്ക്കൂൾ അധ്യാപകരുടെയും ടീം. സാങ്കേതിക സഹായത്തിനും പരിചയസമ്പന്നരുടെ ടീം.

eduthon-4എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹൈ ടെക് ആയി മാറുമ്പോൾ അവിടെ പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾക്കൊത്ത ഉളളടക്കമുണ്ടാകണം. പാഠഭാഗങ്ങൾക്ക് യോജിച്ച വീഡിയോകൾ, ആനിമേഷനുകൾ... എല്ലാം വേണം.

ഈ ലക്ഷ്യത്തോടെ ഐടി അറ്റ് സ്ക്കൂൾ  ഏറ്റെടുത്ത പ്രോജക്ടുകൾ പലതും പാതി വഴിയിലാണ്. ആ പരിമിതി പരിഹരിക്കാനാണ് ആലപ്പുഴയിൽ നിന്നൊരു മുൻകൈ. മുൻകൈയെടുക്കുന്നത് ഇത്തരം ജനകീയ പ്രവർത്തനങ്ങൾക്ക് ആലപ്പുഴയിൽ ഏറെ മാതൃകകൾ സൃഷ്ടിച്ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്.

നോട്ടു പ്രതിസന്ധിയും പ്രക്ഷോഭവുമായി ഏറെ തിരക്കിനിടയിൽ നിന്നും ഈ ശിൽപശാലയിൽ മണിക്കൂറുകളോളം പങ്കെടുക്കാനും പുതിയ ആശയങ്ങളോടു പ്രതികരിക്കാനും ഐസക് സമയം കണ്ടെത്തി. തീരദേശത്തെ മത്സ്യത്തൊഴിലാളി വീടുകളിലെ കുട്ടികൾക്കു വേണ്ടി ആവിഷ്കരിച്ച പ്രതിഭാതീരവുമായി ബന്ധപ്പെടുത്തിയാണ് പുതിയ പ്രോജക്ടും നടപ്പിലാവുന്നത്.

പ്രതിഭാതീരം പദ്ധതിയുടെ ഭാഗമായി തീരദേശത്തെ അഞ്ച് വായനശാലകള്‍ ആധുനീക സൗകര്യങ്ങള്‍ ഉള്ള പഠന വീടുകള്‍ ആയി മാറിക്കഴിഞ്ഞു . ഇവിടെ മികച്ച കമ്പ്യുട്ടര്‍ ലാബുകളും സൗകര്യങ്ങളും ഉണ്ടെങ്കിലും വേണ്ടത്ര പഠന വിഭവങ്ങള്‍ ലഭ്യമല്ല. ശില്‍പ്പശാലയില്‍ രൂപീകരിക്കപ്പെട്ട ആശയങ്ങള്‍ ഗെയിമുകള്‍ ആകുമ്പോൾ കേന്ദ്രങ്ങളില്‍ ബീറ്റ ടെസ്റ്റിംഗ് നടത്തുക.

കുതിച്ചു ചാടാനൊരുങ്ങുന്ന പൊതുവിദ്യാഭ്യാസം

eduthon-5കേരളത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറുകയാണ്. വലിയ മുതൽമുടക്കിന്റെ നിക്ഷേപത്തിന് സർക്കാർ തയ്യാറെടുക്കുന്നു. പുതിയ സൌകര്യങ്ങൾക്കും പാഠ്യപദ്ധതിയ്ക്കും ചേരുംവിധം ആധുനികസാങ്കേതിക വിദ്യയുടെ സഹായവും സൌകര്യവും ഉപയോഗപ്പെടുത്തുന്ന ഉള്ളടക്കം അവിടെ അനിവാര്യമാണ്.

വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാനുഭവം നല്‍കുന്ന രീതിയില്‍ വിഷയങ്ങളുടെ ഉളളടക്കം ലഭ്യമാകണം. അക്ഷരമറിയാത്ത, അക്കജ്ഞാനമില്ലാത്ത കുട്ടികളുടെ നിലവാരം ഉയർത്താനും പുതിയ മാർഗങ്ങൾ ആവശ്യമായി വരുന്നു. ആ തിരിച്ചറിവിൽ നിന്നാണ് പാഠ്യവിഷയങ്ങളിലൂന്നിയ മൊബൈൽ ഗെയിമുകളും ആൻഡ്രോയിഡ് ആപ്ലിക്കേഷനും എന്ന ആശയമുണ്ടായത്.

ലോകത്തെമ്പാടും ഉപയോഗിക്കപ്പെടുന്ന ചില ആപ്പുകളും ഗയിമുകളും ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. ഗെയിം ആശയങ്ങളില്‍ നിന്ന് പേപ്പര്‍ പ്രോട്ടോടൈപ്പുകള്‍ ആക്കി ആശയം വിശദീകരിക്കുന്നത് എങ്ങിനെയെന്ന് പരിചയപ്പെടുത്തി . അതിനുശേഷം ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ പന്ത്രണ്ട് ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞ് ആശയങ്ങള്‍ ഉണ്ടാക്കി. പേപ്പര്‍ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിച്ചു. അവതരിപ്പിച്ചു .

ഗെയിമുകളും ആപ്പുകളും വളരെ വേഗം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ടൂളുകളും പരിചയപ്പെടുത്തി. അടുത്ത പടിയായി ആലപ്പുഴയിലെ എഞ്ചിനീയറിംഗ് കോളജുകളിൽ ഇത്തരം ഗെയിം ലാബുകൾ സജ്ജീകരിക്കപ്പെടും. ശില്‍പ്പശാലയില്‍ രൂപീകരിക്കപ്പെട്ട ആശയങ്ങള്‍ ഗെയിമുകളായി മാറുന്നത് ഈ ലാബുകള്‍ വെച്ചായിരിക്കും.

കുട്ടികൾക്കും പ്രോജക്ടുമായി ബന്ധപ്പെടുന്നവർക്കും ഒരു പോലെ പ്രയോജനം ലഭിക്കുന്ന പ്രോജക്ടായിരിക്കും എന്നാണ് സംഘാടകരുടെ അവകാശവാദം. സ്ക്കൂളുകളിൽ വേണ്ടത്ര പഠനസാമഗ്രികൾ പ്രാദേശിക ഭാഷയിൽ തയ്യാറാക്കാം. അതേസമയം,
എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഡസ്ട്രി പരിചയവും ലൈവ് പ്രോജക്ടുകളുടെ ഭാഗമാകാന്‍ ഉള്ള അവസരവും ലഭിക്കുന്നു. ഭാവിയില്‍ ജോലി നേടുന്നതിനോ സംരംഭകര്‍ ആകുന്നതിനോ ഒക്കെ ഈ അവസരം അവരെ സഹായിച്ചേക്കാം

eduthon-6എഡ്യൂക്കേഷണല്‍ ടെക്നോളജിയില്‍ ജോലി / സംരംഭക സാധ്യതകളെകുറിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് അവബോധം ഉണ്ടാകുന്നു . അതുപോലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത്തരം സാങ്കേതികവിദ്യകളുടെ സാധ്യതകളെ കുറിച്ച് അറിവുണ്ടാകുകയും നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് അവർ പ്രാപ്തരാവുകയും ചെയ്യുന്നു.

ആലപ്പുഴ വീണ്ടും മാതൃകയാവുകയാണ്. മാരാരിക്കുളവും കഞ്ഞിക്കുഴിയും മാരി കുടകളും ജൈവപച്ചക്കറിയും മാലിന്യസംസ്ക്കരണവും അനുകരിക്കപ്പെട്ട വിജയക്കുതിപ്പുകളുടെ പട്ടികയിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയുടെ ശാപമോക്ഷത്തിനുളള മാർഗങ്ങളാണ് ഇക്കുറി ആലപ്പുഴ ആലോചിക്കുന്നത്.

ബദലുകൾക്കു വേണ്ടിയുളള അന്വേഷണത്തിൽ സന്നദ്ധപ്രവർത്തനങ്ങൾക്കും ജനകീയ കൂട്ടായ്മകൾക്കുമുളള പ്രാധാന്യം രാഷ്ട്രീയമായിത്തന്നെ പരിഗണിക്കുന്ന തോമസ് ഐസക് നേതൃത്വം നൽകുമ്പോൾ, ഈ മാതൃകയും നാളെ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും.

തിരഞ്ഞെടുപ്പുകാലത്ത് അലയടിച്ച പ്രചരണ ഗാനത്തിലെ ആ വരികൾ വീണ്ടും വീണ്ടും ആവേശത്തോടെ ഏറ്റുപാടാൻ ആലപ്പുഴയ്ക്ക് ഒരവസരം കൂടി...

മാറ്റങ്ങൾതൻ തൂവെളിച്ചം
കണ്ടുണർന്ന നാടുകാണാൻ
കാര്യമെല്ലാം കണ്ടുപഠിക്കാൻ
എത്രയോ കൂട്ടരെത്തി,
എന്റെ നാടിനെന്തെല്ലാം നേട്ടമെത്തി...

Read More >>