നാരദാ ന്യൂസിനു നേരെ ചെളിവാരി എറിയുന്നവരോട്

നാളിതുവരേയും ഇവിടെ ജോലിയെടുത്ത ഒരു വനിതാ ജേണലിസ്റ്റിനും ഒരു കോൺഫറൻസിനിടയിൽ വച്ചും മോശപ്പെട്ട ഒരനുഭവവും ഉണ്ടായിട്ടില്ല. അങ്ങനെയാരും ഒരു പരാതിയും എവിടെയും ഉന്നയിച്ചിട്ടില്ല.

നാരദാ ന്യൂസിനു നേരെ ചെളിവാരി എറിയുന്നവരോട്

എഡിറ്റോറിയൽ

രണ്ടുപേർ തമ്മിൽ ശണ്ഠ കൂടി. ഒരുവൻ അപരനെ ശവം, തീട്ടക്കണ്ടി എന്നൊക്കെ വിശേഷിപ്പിക്കാൻ തുടങ്ങി. ഇതെല്ലാം കേട്ടുനിന്ന അപരൻ തിരികെ പഴം, പപ്പടം എന്നെല്ലാം പറയാനും. കേട്ടുനിന്നവർ അന്തം വിട്ടു. കുറച്ചുകഴിഞ്ഞ് അങ്കമെല്ലാമൊതുങ്ങി കളംപിരിയാറായപ്പോൾ ആരോ രണ്ടാമനോടു ചോദിച്ചു, എന്താ ഹേ അയാളു നിങ്ങളെ കേട്ടാലറയ്ക്കുന്നതെല്ലാം വിളിച്ചിട്ടും നിങ്ങളിങ്ങനെ ഭക്ഷണസാധനങ്ങളുടെ പേരുമാത്രം പറഞ്ഞുകൊണ്ടിരുന്നതെന്ന്. മറുപടി ഊഹിക്കാവുന്നതുതന്നെ. “അയാൾ അയാളുടെ ഭക്ഷണത്തിന്റെ പേരു പറഞ്ഞു, ഞാൻ എന്റെ ഭക്ഷണത്തിന്റെ പേരും പറഞ്ഞു.”


ഈ കഥയിലെ രാഷ്ട്രീയശരികേടും അന്തർലീനമായ ജാതിസൂചനയും വേറെ വിഷയമാണ്. എന്നാൽ ആത്യന്തികമായി അവ രണ്ടു ഭാഷകളെ പ്രതിനിധീകരിക്കുന്നതുമാണ്. അപവാദം പ്രധാനവിഭവമായ ഒരു മാദ്ധ്യമത്തോടു മറുപടി പറയുമ്പോൾ അതേ ഭാഷ ഉപയോഗിക്കാൻ ഞങ്ങൾക്കു കഴിയണമെന്നില്ല.

നാരദാ ന്യൂസ് എന്ന വെബ് വിലാസം ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സാന്നിദ്ധ്യമറിയിച്ചു തുടങ്ങിയിട്ട് കുറച്ചുനാളുകളേയായുള്ളൂ. ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ വളർച്ചയാണ് ഈ മാദ്ധ്യമസ്ഥാപനത്തിനുണ്ടായത്. ദേശീയ തലത്തിൽ തന്നെ പല മാദ്ധ്യമങ്ങളും വാർത്താ ഏജൻസികൾ പോലും തങ്ങളുടെ വാർത്തകളിൽ നാരദാ ന്യൂസിനെ പരാമർശിക്കാൻ തുടങ്ങി എന്നതു ചെറിയ കാര്യമല്ല.

എല്ലാ വാർത്തകളും മുറതെറ്റാതെ കൊടുക്കുന്നതുകൊണ്ടല്ല, ഈ അംഗീകാരം ലഭിച്ചത്. പകരം വൃത്തിയായി വാർത്ത കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. അശ്ലീലദ്യോതകമോ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്ലിക്ക് വർധിപ്പിക്കാൻ ശ്രമിക്കുന്നതോ ആയ തലക്കെട്ടുകൾ വേണ്ട എന്നാണു നാരദ തീരുമാനിച്ചത്. യുആർഎൽ നൽകുമ്പോൾ വിചിത്രമായ ഇംഗ്ലീഷ് സ്പെല്ലിങ് പാടില്ലെന്നു നിഷ്കർഷിച്ചു. വാർത്തയുടെ ഉള്ളടക്കത്തിൽ സൂക്ഷ്മത പുലർത്തി. വ്യാകരണപരമായ കടുംപിടുത്തങ്ങളല്ല, മറിച്ച് ഒരു വാർത്തയിൽ എന്താണുണ്ടായിരിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ധാരണകളാണ്, ഞങ്ങൾ റിപ്പോർട്ടർമാരോടു പങ്കുവച്ചത്.

നാരദാ മലയാളം എഡിഷന്റെ കാര്യം പ്രത്യേകമായി എടുത്താൽ പൊതുവെ സ്വതന്ത്ര വെബ് മാദ്ധ്യമങ്ങൾ മടിച്ചു നിൽക്കുന്ന കാര്യം, നാരദ മടികൂടാതെ ഏറ്റെടുത്തു. ഞങ്ങളുടെ റിപ്പോർട്ടുകൾ ഡെസ്ക് ടോപ് ജേണലിസത്തിൽ ഒതുക്കിയില്ല. നല്ല വാർത്തകളിൽ പ്ലാനിങ് എന്ന ഒരു സംഗതി കൂടെയുണ്ടെന്ന് അതു മറ്റു വെബ് മാദ്ധ്യമങ്ങളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

ഇത്തരമൊരു നിലപാടിനെ അസൂയാജനകം എന്നൊന്നും വിശേഷിപ്പിക്കുന്നില്ല. ഇത് എല്ലാവരും ചെയ്യേണ്ടതാണ്. പലരും ചെയ്യാത്തതിനാൽ ഞങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രം. എന്നാൽ കയിലുകുത്താൻ തുടങ്ങിയിട്ടു കാലങ്ങളായ ഒരു അയർലാൻഡ് മലയാളിയുടെ ഓൺലൈൻ മാദ്ധ്യമത്തിന് ഇത് അസൂയയും അസഹിഷ്ണുതയുമുണ്ടാക്കി എന്നതാണു വസ്തുത.

നാരദാ ന്യൂസിന്റെ എഡിറ്റർ മാത്യു സാമുവൽ നേരത്തെ തെഹൽക്കയിലായിരുന്ന കാലത്ത് അവിടെ ജോലി തേടിച്ചെല്ലുകയും ജോലി നിരസ്സിക്കപ്പെട്ടതോടെ ഇല്ലാത്ത ‘തെഹൽക്ക മലയാള’ത്തിന്റെ ചുമതലക്കാരൻ എന്ന വ്യാജ അവകാശവാദവുമായി പലരെയും ഭീഷണിപ്പെടുത്തി പണംപിടുങ്ങുകയും ചെയ്ത ഒരു ‘അമാന്യദേഹം’ ഈ അയർലാൻഡ് മാദ്ധ്യമത്തിന്റെ അണിയറയിലുണ്ട്. നാരദാന്യൂസ് ആരംഭിച്ച കാലത്തും ഇദ്ദേഹം പരിചയങ്ങളുപയോഗിച്ച് ഇവിടെ ജോലിക്കു ശ്രമിച്ചിരുന്നെങ്കിലും ആളുടെ സ്വഭാവം നന്നായി അറിയാമായിരുന്നതിനാൽ അടുപ്പിച്ചിരുന്നില്ല. നഴ്സിങ് സംഘടനയെ പിളർത്തുന്നതിലും ഡിഎച്ച്ആർഎം എന്ന ദളിത് രാഷ്ട്രീയ പ്രസ്ഥാനത്തെ ശിഥിലീകരിക്കുന്നതിലും അടക്കം പങ്കുവഹിച്ച, സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായി നിൽക്കുന്ന കാലത്തു ഡൽഹിയിൽ കേരള ഹൗസിനു മുന്നിൽ വിഎസ് അനുകൂല പോസ്റ്റർ പതിപ്പിച്ച് വാർത്ത ഉത്പാദിപ്പിച്ച, പൊലീസിലെ ഒരുയർന്ന ഉദ്യോഗസ്ഥനെതിരെ നിരന്തരം വാർത്ത സൃഷ്ടിച്ച, ഇദ്ദേഹത്തിനു കീബോർഡ് എന്നാൽ അപവാദമെഴുതാനുള്ള ഉപകരണമാണ്.

രോഗാതുരമായ മാനസികാവസ്ഥയുള്ള ഇവരിരുവരുടെയും പത്രത്തിലും ഫേസ്ബുക്ക് പേജുകളിലുമായി കഴിഞ്ഞ ദിവസം സ്തോഭജനകമായ ഒരു വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു. നാരദാ ന്യൂസിൽ ഒരു വനിതാ മാദ്ധ്യമപ്രവർത്തകയെ ഒരു കോൺഫറൻസിനിടയിൽ വച്ച് ആരോ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതുസംബന്ധിച്ച അവരുടെ പരാതി എഡിറ്റർ ഇടപെട്ട് മുക്കിയെന്നും ശേഷം പരാതിയുന്നയിച്ച വ്യക്തിയെ ഭീഷണിപ്പെടുത്തി രാജിവപ്പിച്ചും എന്നുമാണ്, സാഹിത്യം.

വിശ്വാസ്യതയില്ലാത്ത മാദ്ധ്യമത്തിലാണ് വാർത്ത വന്നത് എന്നതുകൊണ്ടുതന്നെ അവഗണനയായിരുന്നു, ഞങ്ങളുടെ പ്രതികരണം. എന്നാൽ കേരളത്തിലെ വിവിധ മാദ്ധ്യമപ്രവർത്തകർക്ക് വാട്സ് ആപ്പിലൂടെയും ഫേസ്ബുക്ക് മെസഞ്ചറിലൂടെയും ഈ കൽപ്പിതകഥയുടെ ലിങ്ക് അയച്ചുകൊടുത്ത് നാരദാ ന്യൂസ് എന്ന സ്ഥാപനത്തെയും അവിടെ ജോലി ചെയ്യുന്ന ജേണലിസ്റ്റുകളെയും എഡിറ്റർ മാത്യു സാമുവലിനെ തന്നെയും പരമാവധി മോശക്കാരാക്കുക എന്നത് ഒരു ദൗത്യമായി ഏറ്റെടുത്തതുപോലെയാണ് ഇവരുടെ നീക്കങ്ങൾ.

നാരദാ ന്യൂസ് ഒരു തുറന്ന പുസ്തകമാണ്. സ്റ്റിങ് ഓപ്പറേഷനുകൾ അടക്കം നടത്തിയ സ്ഥാപനമെന്ന നിലയിൽ ഞങ്ങൾക്ക് അങ്ങനെ തുടർന്നേ മതിയാകൂ. കാരണം ഏതു പഴുതും ഉപയോഗിച്ചു കണക്കുതീർക്കുന്നതിൽ സമർത്ഥരായ ശത്രുവൃന്ദത്തെ കുറഞ്ഞകാലം കൊണ്ടുതന്നെ ഉത്പാദിപ്പിക്കാൻ ഞങ്ങളുടെ വാർത്തകൾക്കു കഴിഞ്ഞിട്ടുണ്ട്.

ഓൺലൈൻ മാദ്ധ്യമരംഗത്തെ പ്രഗത്ഭർ തന്നെയാണ് ഇവിടെ പണിയെടുക്കുന്നത്. ഏതൊരു സ്ഥാപനത്തിലുമെന്നതുപോലെ ഇവിടെയും അകത്തേക്കും പുറത്തേക്കും ആളുകൾ വന്നുംപോയുമിരിക്കുന്നുണ്ട്. അതിനൊക്കെ ഈ സ്ഥാപനത്തിനും ബന്ധപ്പെട്ട വ്യക്തികൾക്കും മാത്രം ബാധകമായ കാരണങ്ങളുമുണ്ടായേക്കാം.

എന്നാൽ നാളിതുവരേയും ഇവിടെ ജോലിയെടുത്ത ഒരു വനിതാ ജേണലിസ്റ്റിനും ഒരു കോൺഫറൻസിനിടയിൽ വച്ചും മോശപ്പെട്ട ഒരനുഭവവും ഉണ്ടായിട്ടില്ല. അങ്ങനെയാരും ഒരു പരാതിയും എവിടെയും ഉന്നയിച്ചിട്ടില്ല. വിഷയാസക്തി ശമിപ്പിക്കാൻ മാത്രം കോൺഫറൻസുകൾ നടത്തുന്നവർക്കും ‘കോൺ ജോബി’നപ്പുറം മറ്റൊന്നും പരിചയമില്ലാത്തവർക്കും ഇതൊന്നും മനസ്സിലാകണമെന്നുമില്ല.

ഇത് സദാചാരപരമായ ഒരു നിലപാടായല്ല, ഞങ്ങൾ വ്യക്തമാക്കുന്നത്. മറിച്ച് ഇവിടെ മുമ്പു പണിയെടുക്കുകയും മെച്ചപ്പെട്ട ഓഫർ ലഭിച്ച് രാജിവയ്ക്കുകയും ചെയ്തവരായി കേരളത്തിൽ മാത്രം നാലുപെൺകുട്ടികളെങ്കിലുമുണ്ട്. നിലവിൽ അതിലേറെപ്പേർ - വനിതകൾ തന്നെ - ജോലിയിൽ തുടരുകയും ചെയ്യുന്നുണ്ട്. നാരദയിൽ നിന്നു പിരിഞ്ഞ നാലുപേർക്കും രണ്ടുദിവസമായി നിരവധി ഫോൺകോളുകളാണ് ലഭിക്കുന്നത്. തങ്ങൾക്ക് ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ല എന്ന് അവർക്കുറപ്പുണ്ട്. പക്ഷെ ‘നല്ലവരായ നാട്ടുകാർക്ക്’ ആ ഉറപ്പില്ല. ‘സദാചാരനിരതമായ’ കേരളത്തിൽ അവരുടെ നേരെ ഒരു ലൈംഗികാതിക്രമത്തിലെ ഇരയെ കാണാനുള്ള വെകിളിപിടിച്ച നോട്ടമാണ് പൊതുസമൂഹം എറിയുന്നത്. സ്ത്രീ എന്ന നിലയിലെ അവരുടെ പദവിക്കും അന്തസ്സിനും കോട്ടംതട്ടുന്ന കാര്യമാണത്. അതുകൊണ്ടുതന്നെ ഇത് അവഗണിച്ചുവിടരുത് എന്ന സമ്മർദ്ദം ഞങ്ങൾക്കുമേലുണ്ട്.

നിയമം അനുശാസിക്കുംവിധം വനിതാ പരാതി പരിഹാര സെൽ രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണു നാരദ. ഏതെങ്കിലും തരത്തിൽ അത്തരം ഒരു പരാതിയുണ്ടായാൽ ഉടൻ തന്നെ പരിശോധിച്ചു നടപടിയെടുക്കുന്നതിനു ഞങ്ങൾക്കു യാതൊരു വൈമനസ്യവുമില്ല. പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുകയും പരാതി തന്നെ പൂഴ്ത്തുകയും ചെയ്യുന്നത് ഞങ്ങളുടെ രീതിയുമല്ല.

ഞങ്ങൾക്കൊപ്പം പണിയെടുത്തവരും ഇപ്പോൾ പണിയെടുക്കുന്നവരും ഇനിയും വരാനിരിക്കുന്നവരുമായ ഓരോരുത്തരുടെയും അന്തസ് സംരക്ഷിക്കേണ്ടത് നാരദാ ന്യൂസിന്റെ കൂടി ബാധ്യതയാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. പലരും വെറുതെ വിടുന്നതുമൂലമാണ് ഇത്തരക്കാർ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവർക്കു നേരെ അപവാദപ്രചാരണവുമായി ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ അപകീർത്തികരവും ദുരുപദിഷ്ടവുമായ ഈ വ്യാജപ്രചാരണം പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനെതിരെയും അതിന്റെ ഉടമസ്ഥർക്കും എഡിറ്റോറിയൽ ചുമതലക്കാർക്കും എതിരെയും ഔദ്യോഗികമായി തന്നെ നിയമ നടപടികളുമായി ഞങ്ങൾ മുന്നോട്ടുപോവുകയാണ്. ഒരു പേരുകൊണ്ടുപോലും പരാമർശവിധേയമാകാനുള്ള വലിപ്പം അവർക്കില്ലാത്തതിനാലാണ് ഇവിടെ അവരുടെ പേരു കുറിക്കാത്തത്. ഈ അവസരത്തിൽ തങ്ങളുടെ പക്കൽ ഉള്ളതായി ഇവർ അവകാശപ്പെട്ട ആ വിലപ്പെട്ട ‘ഇമെയിൽ’ തെളിവ് പുറത്തുവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഇതേ വാർത്തയിൽ അവർ തിരുകിക്കയറ്റിയ മറ്റൊരു പരാമർശം ഞങ്ങൾ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ സമ്പാദിച്ചു എന്നാണ്. ആ സമ്പാദിച്ച കോടികൾ സംബന്ധിച്ച് നിങ്ങളുടെ കൈവശമുള്ള വിവരം എത്രയും പെട്ടെന്ന് ആദായ നികുതി വകുപ്പിനു കൈമാറണമെന്നും അങ്ങനെ രാജ്യത്തെ കള്ളപ്പണവേട്ടയിൽ നിങ്ങളുടേതായ വലിയ സംഭാവന വഹിക്കാനാകുന്ന അവസരം ഇതിനാൽ വിനിയോഗിക്കണമെന്നും താത്പര്യപ്പെടുന്നു. ഹണി ട്രാപ്പിൽ കുടുങ്ങി പണംപോയ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുവിവരം കൂടി വെളിപ്പെടുത്താൻ കനിവുണ്ടാവണം.

ഇതു രണ്ടും കഴിയില്ലെങ്കിൽ ഈ പണിയുപേക്ഷിച്ച് ഏതെങ്കിലും ഉത്സവപ്പറമ്പിൽ കുലുക്കിക്കുത്തു കളിക്കുകയായിരിക്കും ഇരുവർക്കും നല്ലത് എന്ന ഒരു സൗജന്യ ഉപദേശം കൂടി നൽകി മാത്രമേ ഈ കുറിപ്പ് അവസാനിപ്പിക്കുന്നുള്ളൂ. ശുഭദിനം.