എടത്വ കെഎസ്ഇബി ഓഫീസില്‍ മോഷണം; കള്ളന്‍ കൊണ്ടുപോയത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍

മുറികളുടെ താഴ് മുറിച്ചുമാറ്റിയ കള്ളന്‍ മുറിക്കുള്ളില്‍ കടന്ന് മേശയ്ക്കുള്ളില്‍ നിന്നും താക്കോലെടുത്ത് സേഫ് തുറക്കുകയായിരുന്നു. സേഫിന്റെ താക്കോല്‍ മുറിക്കുള്ളിലെ മേശക്കുള്ളില്‍ സൂക്ഷിക്കുകയാണ് പതിവെന്ന് ജീവനക്കാര്‍ പറയുന്നു.

എടത്വ കെഎസ്ഇബി ഓഫീസില്‍ മോഷണം; കള്ളന്‍ കൊണ്ടുപോയത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍

എടത്വ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മേഷണത്തില്‍ ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. സേഫ് ലോക്കറില്‍ പൂട്ടിവച്ചിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു മോഷണം പോയത്. രാജ്യത്ത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് ഈ മോഷണം നടന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നിന് ശേഷം വന്ന കളക്ഷന്‍ രൂപയായിരുന്നു സേഫില്‍ സൂക്ഷിച്ചിരുന്നത്. കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്ന മുറിക്ക് പുറത്ത് മൂന്ന് കതകുകളാണുള്ളത്. മുറികളുടെ താഴ് മുറിച്ചുമാറ്റിയ കള്ളന്‍ മുറിക്കുള്ളില്‍ കടന്ന് മേശയ്ക്കുള്ളില്‍ നിന്നും താക്കോലെടുത്ത് സേഫ് തുറക്കുകയായിരുന്നു. സേഫിന്റെ താക്കോല്‍ മുറിക്കുള്ളിലെ മേശക്കുള്ളില്‍ സൂക്ഷിക്കുകയാണ് പതിവെന്ന് ജീവനക്കാര്‍ പറയുന്നു.


രാവിലേയും വൈകിട്ടും രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് ബില്‍ കൗണ്ടറിലെ വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. വൈകിട്ടത്തെ ജോലി കഴിഞ്ഞ് പോകുന്ന ആള്‍ കൗണ്ടറിലെ പണം എണ്ണി തിട്ടപ്പെടുത്തി സേഫില്‍ വച്ച് പൂട്ടി താക്കോല്‍ ഓഫീസിലെ മേശവലിപ്പിനുള്ളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. രാവിലെ വരുന്ന ജീവനക്കാരിക്ക് താക്കോല്‍ കൈമാറാനായി മാത്രം സെക്കന്റ് ഷിഫ്റ്റിലുള്ള ജീവനക്കാരി എത്തേണ്ടി വരുമെന്നുള്ളതിനാലാണ് താക്കോല്‍ മേശക്കുള്ളില്‍ തന്നെ സൂക്ഷിക്കുന്നത്.

നാലോളം ജീവനക്കാര്‍ രാത്രിയില്‍ കാഷ് കൗണ്ടറിന് സമീപത്തെ മുറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ പുലര്‍ച്ചെ അഞ്ചിന് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് കാഷ് കൗണ്ടറിലേക്കുള്ള മുറി തുറന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. സൂപ്രണ്ട് അറിയിച്ചതനുസരിച്ച് എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണംആരംഭിക്കുകയും ചെയ്തു.

ഇന്ന് വൈദ്യുതി ചാര്‍ജ്ജ് സ്വീകരിക്കാന്‍ ഓഫീസില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Read More >>