ശ്രദ്ധിക്കൂ ലാലേട്ടാ; മോഹന്‍ലാലിന്റെ ബ്ലോഗിന് സനീഷിന്റെ മറുപടി

സിനിമാശാലയിലും മദ്യഷോപ്പിലും ക്യൂ നില്‍ക്കുന്നതിനെ ബാങ്കില്‍ ക്യൂ നില്‍ക്കുന്നതുമായി താരതമ്യപ്പെടുത്തുന്ന മോഹന്‍ലാലിന്റെ വാദത്തെ സനീഷിന്റെ പോസ്റ്റ് പൊളിച്ചടുക്കുന്നുണ്ട്.

ശ്രദ്ധിക്കൂ ലാലേട്ടാ; മോഹന്‍ലാലിന്റെ ബ്ലോഗിന് സനീഷിന്റെ മറുപടി

നോട്ട് നിരോധനത്തെ അനുകൂലിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കെ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇ. സനീഷിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ബാങ്കില്‍ ക്യൂ നിന്നാലെന്താണെന്ന മോഹന്‍ലാലിന്റെ ബ്ലോഗിലെ പരാമര്‍ശത്തിന് 'ശ്രദ്ധിക്കൂ ലാലേട്ടാ' എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സനീഷ് മറുപടി നല്‍കുന്നത്.

സിനിമാശാലയിലും മദ്യഷോപ്പിലും ക്യൂ നില്‍ക്കുന്നതിനെ ബാങ്കില്‍ ക്യൂ നില്‍ക്കുന്നതുമായി താരതമ്യപ്പെടുത്തുന്ന മോഹന്‍ലാലിന്റെ വാദത്തെ സനീഷിന്റെ പോസ്റ്റ് പൊളിച്ചടുക്കുന്നുണ്ട്. ''സിനിമാശാലയിലും മദ്യഷോപ്പിലും ക്യൂ നില്‍ക്കുന്നവര്‍ അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യൂ നില്‍ക്കുന്നത്. ഈ രണ്ടിടത്തും ആനന്ദം ലഭിക്കാനാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം നോട്ടിനായി ക്യൂ നില്‍ക്കുന്നത് അങ്ങനെയല്ല. അത് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അത്തരം ക്യൂവില്‍ നില്‍ക്കുന്നത് നമുക്ക് ആനന്ദം നല്‍കുന്നില്ല.  ഉദാഹരണത്തിന്, പെഗ്ഗ് ഇഷ്ടമുളള എന്റെ വായിലേക്ക് ആരെങ്കിലും നിര്‍ബ്ബന്ധിതമായി അത് പിടിച്ച് ഒഴിച്ച് തന്നാല്‍ എനിക്ക് അത് ആനന്ദകരമായി അനുഭവപ്പെടുകയില്ല, വാള് വെക്കാനുമിടയുണ്ട്. ലോജിക്കില്ലാത്ത പടങ്ങള്‍ കാണാനിഷ്ടമില്ലാത്ത ഒരാളെ ഒറ്റയ്ക്ക് ഒരു തിയേറ്ററില്‍ അനങ്ങാന്‍ അനുവദിക്കാതെ കെട്ടിയിട്ട് പുലിമുരുകന്‍ കാണിച്ചാല്‍ അയ്യാളുടെ കാറ്റ് പോകാന്‍ പോലും അത് മതി. ഇത്പോലെ വേറെ വേറെ ആയ സംഗതികള്‍ ഒന്ന് പോലാണെന്ന് ധരിച്ച് സല്യൂട്ട് ചെയ്യാന്‍ നിന്നാല്‍ നിറയെ കാര്യങ്ങള്‍ക്ക് ഇപ്പോഴെന്ന പോലെ തെറ്റായി താങ്കള്‍ക്ക് അത് ചെയ്യേണ്ടി വരും. വിയര്‍ത്ത് പണിയെടുത്തുണ്ടാക്കിയ കാശ് അവരവര്‍ക്ക് ഇഷ്ടം പോലെ ചെലവഴിച്ച് ജീവിക്കാനുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തിന് മേല്‍ ദുഷ്ടമായ അധികാരപ്രയോഗം നടത്തുകയാണ് ആ രാത്രി പ്രധാന്‍മന്ത്രി ചെയ്തത്. നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്ത ശേഷമായിരുന്നു ഈ പണിയെങ്കില്‍ കുറച്ചെങ്കിലും ക്ഷമിക്കാമായിരുന്നു അത്. ഇത് അങ്ങനെയല്ലല്ലോ ഉണ്ടായത്. അങ്ങനെയാണ് കാര്യങ്ങളെന്നിരിക്കെ കൂതറ ഉപമയുമായിട്ട് ഈ തോന്ന്യാസത്തെ ന്യായീകരിക്കാന്‍ വന്നാല്‍ പഴയ ഫാനാണ് എന്നൊന്നും ഓര്‍ക്കാതെ ഇതാ ഇതുപോലെ വന്ന് ഉപദേശിക്കുന്നതും സഹിക്കേണ്ടി വരും'' പോസ്റ്റ് പറയുന്നു.