ഡിവൈഎഫ്‌ഐയുടേത് വൈകിയുദിച്ച വിവേകമോ?

സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ വാലാകുകയെന്നതിനപ്പുറം ഡിവൈഎഫ്ഐക്ക് ഒരുകാലത്തും സ്വതന്ത്രമായ നിലപാടു സ്വീകരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പകല്‍ പോലെ സത്യമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സിപിഐഎമ്മിന്റെ തിട്ടൂരം മറികടക്കാന്‍ ഭയക്കുമ്പോള്‍ ഡിവൈഎഫ്ഐക്കു മാത്രം എങ്ങനെ കഴിയും? പ്രത്യയശാസ്ത്രപരമായി അങ്ങനെയൊക്കെയാണല്ലൊ കാര്യങ്ങള്‍.

ഡിവൈഎഫ്‌ഐയുടേത് വൈകിയുദിച്ച വിവേകമോ?

ഭൂമിശാസ്ത്രപരമായി ഒരുപാടു പ്രത്യേകതകളുള്ള ജില്ലയാണ് വയനാട്. വനങ്ങളും കാട്ടാറുകളും കിഴുക്കാംതൂക്കായ പാറക്കെട്ടുകളും പച്ചപ്പാര്‍ന്ന കുന്നുകളും മലകളും നെല്‍പ്പാടങ്ങളും കുളങ്ങളും അങ്ങനെ എല്ലാംകൊണ്ടും ദൈവത്തിന്റെ സ്വന്തം നാടിന്റെ പരിച്ഛേദം. ശീതോഷ്ണമേഖലയായ ഇവിടെ വിസ്തൃതിയുടെ നാലിലൊന്നും വനാന്തരങ്ങളാണ്. നിത്യഹരിത-അര്‍ധ നിത്യഹരിത വനങ്ങള്‍ മുതല്‍ കുറ്റിക്കാടുകള്‍വരെയുള്ള പ്രകൃതിമനോഹരമായ പ്രദേശം. ആദിവാസികളുള്‍പ്പെടെ പിന്നോക്ക ജനതയും കുടിയേറ്റകര്‍ഷകരും ഇടകലര്‍ന്നു കഴിയുന്ന നാട്.


എന്നാല്‍ ഈയടുത്തകാലത്തായി വയനാട്ടില്‍ നിന്നും അത്ര സുഖകരമായ വാർത്തകളല്ല പുറത്തു വരുന്നത്. കാലാവസ്ഥയിലെ പ്രതികൂല വ്യതിയാനം കാര്‍ഷിക മേഖലയെ സാരമായിത്തന്നെ ബാധിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ വയനാട്ടില്‍ മഴയാകട്ടെ സംസ്ഥാന ശരാശരിയേക്കാൾ രണ്ടുമടങ്ങു കുറഞ്ഞു. പൊന്നിന്‍ ചിങ്ങത്തില്‍ തന്നെ വരള്‍ച്ച അതിന്റെ പാരമ്യത്തിലേക്ക് കടന്നിരുന്നു.

വേനലിന്റെ തുടക്കത്തിലേ കബനിയും ചാലിയാറിന്റെ കൈവഴികളും വരണ്ടുണങ്ങി ശവപറമ്പ്‌ പോലെയായി. വെള്ളമില്ലാത്തതിനാൽ  ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ വിളവിറക്കാനാവാത്ത അവസ്ഥ.

രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വരള്‍ച്ച. കൈത്തോടുകള്‍ ദിനംതോറും വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. കാട്ടരുവികള്‍ പലതും ശോഷിച്ചിരിക്കുന്നു. വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങളുടെ പലായനം വര്‍ധിച്ചതോടെ ഗ്രാമവാസികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി

കോടയും മഞ്ഞും കുളിരും മഴയും തേടി താമരശ്ശേരി ചുരം കയറിയും മുത്തങ്ങ ചെക്ക് പോസ്റ്റ് കടന്നും നീലിഗിരി അതിര്‍ത്തികടന്നും വയനാട്ടിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായിരിക്കുന്നു. അങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നിരിക്കെ വയനാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒരു ദൗത്യത്തിലേക്ക് കടന്നിരിക്കുന്നു. തടയണ നിര്‍മ്മാണം.

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും വരേണ്ടപോലും...

2013 ഡിസംബറിലാണെന്നാണ് ഓര്‍മ്മ. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഒരു പൊതു യോഗത്തില്‍ സിപിഐഎം നേതാവ് കത്തിപ്പടരുകയാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു:
ഗാഡ്ഗിലായിരുന്നു ആദ്യം അവര്‍ കൊണ്ടുവന്നത്. ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവന്നതോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായിരിക്കുന്നു ഇപ്പോള്‍. സഖാക്കളെ ഒരുകാരണവശാലും നമ്മള്‍ ഇതനുവദിക്കരുത്. കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ട നടപ്പായാല്‍ നമ്മുക്കിവിടെ ജീവിക്കാന്‍ പറ്റില്ല. വന്യമൃഗങ്ങളായിരിക്കും പിന്നെ ഇവിടെയുണ്ടാകുക. വീടോ മറ്റു കെട്ടിടങ്ങളോ പോലും നിര്‍മ്മിക്കാന്‍ അനുമതിയുണ്ടാകില്ല.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും മികച്ച കണ്ടെത്തലും ബദല്‍ നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ടായിരുന്നു മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ചത്. ഇടതു-വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയപാര്‍ട്ടികളും സഭയും ഒന്നടങ്കം ചന്ദ്രഹാസമിളക്കി റിപ്പോര്‍ട്ട് കുപ്പത്തൊട്ടിയിലിടാന്‍ കല്‍പ്പിച്ചു. പിന്നീടു വെള്ളം ചേര്‍ത്ത് തട്ടിക്കൂട്ടിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. സിപിഐഎമ്മും ക്രൈസ്തവ സഭകളും മത്സരിച്ച് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ വീട്ടിലിരുത്തി.

പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് നടപ്പായാല്‍ പിന്നെ ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും വയനാടും ഇടുക്കിയുമെല്ലാം കാട്ടുപറമ്പായി മാറുമെന്നും റിപ്പോര്‍ട്ട് മറിച്ചുപോലും നോക്കാത്ത സഖാക്കളും ളോഹധാരികളും ഒരുപോലെ പ്രചരിപ്പിച്ചു. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് റിപ്പോര്‍ട്ടിനെതിരെ അണിനിരത്തി. പശ്ചിമഘട്ട സംരക്ഷണവും പരിസ്ഥിതി സംരക്ഷണവുമല്ല, ജനങ്ങളെയാണ് സംരക്ഷിക്കേണ്ടതെന്ന് സിപിഐഎം നേതാവ് വലിയവായില്‍ പറഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഡിവൈഎഫ്ഐക്കാരെല്ലാം കയ്യടിച്ച് ആനന്ദനിര്‍വൃതിയിലാണ്ടു. അങ്ങനെ പരിസ്ഥിതിയെന്ന വാക്ക് തന്നെ അശ്ലീലമാണെന്ന ശരീരഭാഷയില്‍ നേതാക്കള്‍ ഘോരഘോരം ഗീര്‍വാണമടിച്ചുനടന്നു.

മൃഗങ്ങള്‍ മനുഷ്യന്റെ ശത്രുക്കളാണെന്ന രീതിയിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും സഭയും ജനങ്ങള്‍ക്കിടയില്‍ വിഷവിത്തുപാകി. അന്നു വീടുകള്‍ കയറിയിറങ്ങി ജനങ്ങള്‍ക്ക് പശ്ചിമഘട്ട സംരക്ഷണവിരുദ്ധ സന്ദേശം നല്‍കിയവരില്‍ ഒരു ഭാഗത്ത് കെസിബിസി ആയിരുന്നെങ്കില്‍ മറുഭാഗത്ത് ഡിവൈഎഫ്ഐ സഖാക്കളായിരുന്നു. പരിസ്ഥിതി സംരക്ഷണം പറഞ്ഞു വരുന്നവരെ കണ്ടാല്‍ അടിക്കണമെന്നൊക്കെ ഡിവൈഎഫ്ഐ സഖാക്കള്‍ ആവേശത്തോടെ തട്ടിവിട്ടുകൊണ്ടിരുന്നു.

അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?

സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ വാലാകുകയെന്നതിനപ്പുറം ഡിവൈഎഫ്ഐക്ക് ഒരുകാലത്തും സ്വതന്ത്രമായ നിലപാടു സ്വീകരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പകല്‍ പോലെ സത്യമാണ്. ശാസ്ത്രസാഹിത്യ പരിഷത്തു പോലും സിപിഐഎമ്മിന്റെ തിട്ടൂരം മറികടക്കാന്‍ ഭയക്കുമ്പോള്‍ ഡിവൈഎഫ്ഐക്കു മാത്രം എങ്ങനെ കഴിയും? പ്രത്യയശാസ്ത്രപരമായി അങ്ങനെയൊക്കെയാണല്ലൊ കാര്യങ്ങള്‍.

പക്ഷേ അതിനപ്പുറം കുറച്ചുകാര്യങ്ങളെങ്കിലും ഡിവൈഎഫ്ഐക്ക് കഴിയുമായിരുന്നു. പ്രത്യേകിച്ച് വയനാടിന്റെ പരിസ്ഥിതി സംരക്ഷണവിഷയത്തില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ അംഗങ്ങളായുള്ള സംഘടനയെന്ന് സിപിഐഎം അവകാശപ്പെടുന്ന ഡിവൈഎഫ്ഐയില്‍ അന്തര്‍ലീനമായ അരാഷ്ട്രീയതയുടെ ബാക്കിപത്രമാണ് നിലപാടില്ലായ്മയെന്ന് പറയുന്നതില്‍ അതിശയോക്തി ലവലേശമില്ല. ഹൈടെക് വികസനസങ്കല്‍പ്പങ്ങളില്‍ അഭിരമിക്കുന്ന സിപിഐഎമ്മിന്റെ നിലപാടിന് വിരുദ്ധമായി ഒന്നും ചെയ്യാന്‍ ഡിവൈഎഫ്ഐക്കാവില്ല. കൈരളിയും പീപ്പിളും പാര്‍ട്ടി ചാനലുകളല്ലെന്നു പറയുന്നതു പോലെ സ്വതന്ത്ര ജനാധിപത്യ സംഘടന എന്നൊക്കെ ഭംഗിവാക്കായി ഉപയോഗിക്കാം ഡിവൈഎഫ്ഐയെക്കുറിച്ച്.

കുന്നിടിച്ച് റിസോര്‍ട്ടുകളും  വില്ലകളും ഹോട്ടലുകളും വനമേഖലയോട് ചേര്‍ന്നും ജനവാകേന്ദ്രങ്ങളിലും വ്യാപകമായപ്പോഴും തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയും കൊച്ചരുവികള്‍ ഗതിമാറ്റിയുമൊക്കെ വയനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന മാഫിയാവത്കരണം ശക്തമായപ്പോള്‍ കണ്ണടച്ചവര്‍ക്കൊപ്പം ഡിവൈഎഫ്ഐയും ഉണ്ടായിരുന്നുവെന്നതാണ് ദുഃഖകരം. ഹാരിസണും എവിടിയും നെസ്ലെയും ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര-കോര്‍പറേറ്റ് ഭീമന്‍മാര്‍ അരുവികളില്‍പോലും ജലചൂഷണം തുടരുമ്പോള്‍ എവിടെയായിരുന്നു ഡിവൈഎഫ്ഐയെന്ന് ചോദ്യമുയര്‍ന്നിട്ടു കാലം കുറെയൊന്നുമായിട്ടില്ല.

യൂത്ത് കോണ്‍ഗ്രസിനും യുവമോര്‍ച്ചയ്ക്കും യൂത്ത് ലീഗിനുമൊന്നും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആള്‍ബലം കൊണ്ടും  നിലപാടു കൊണ്ടും ഡിവൈഎഫ്ഐക്കു ചെയ്യാന്‍ കഴിയും. വയനാട്ടിലെ ജനജീവിതത്തെയും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തുന്ന പാറഖനനത്തെപ്പോലും നിര്‍ഭാഗ്യവശാല്‍ ന്യായീകരിക്കേണ്ട ഗതികേടിലേക്ക് സിപിഐഎം നീങ്ങിയപ്പോള്‍ പതിവു  പോലെ വാലായി നില്‍ക്കാനേ ഡിവൈഎഫ്ഐക്ക് കഴിഞ്ഞുള്ളു. കക്ഷി രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറത്തേക്ക് സ്വതന്ത്രമായൊരു പ്ലാറ്റ് ഫോമില്‍ നില്‍ക്കാനുള്ള ശേഷിയുടെ അഭാവമാണ് ഇപ്പോഴും ഡിവൈഎഫ്ഐക്ക് പരിമിതിയായുള്ളത്.

വയനാട്ടിലെ പരിസ്ഥിതി സംരക്ഷണ നിലപാടുകളെയെല്ലാം തുരങ്കംവച്ച രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം നിലകൊണ്ട ഡിവൈഎഫ്ഐയില്‍ വൈകിയുദിച്ച വിവേകമാണെങ്കിലും ഇതംഗീകരിക്കുകയും മാതൃകയാക്കുകയും വേണം. പക്ഷേ ജലമൊഴുകാനുണ്ടെങ്കിലേ തടയണ നിര്‍മ്മിക്കേണ്ട ആവശ്യം വരികയുള്ളുവെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഡിവൈഎഫ്ഐയെ മാത്രമാണോ ജലദൗര്‍ലഭ്യം ബാധിക്കുക?

മരുഭൂവത്കരണത്തിലേക്ക് അതിവേഗം നീങ്ങുന്ന വയനാടിനെ രക്ഷിക്കാന്‍ ഇനിയെങ്കിലും ഒത്തൊരുമിച്ച് നീങ്ങാനായില്ലെങ്കില്‍ കരിഞ്ഞുണങ്ങി ഞണ്ടും മണ്ണിരയും ചത്തൊടുങ്ങിയതു പോലെ നാളെ മനുഷ്യനെയും ഈ അവസ്ഥ തേടിയെത്തും. ഇതു ഡിവൈഎഫ്ഐക്കാര്‍ മാത്രം മനസ്സിലാക്കേണ്ട കാര്യമല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കാണിച്ച ശുഷ്‌കാന്തിയുടെ പകുതിയെങ്കിലും പ്രകൃതി സംരക്ഷണ കാര്യത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-മത സംഘടനകളില്‍ നിന്നു പ്രതീക്ഷിക്കുന്നു.

ഭൂമിശാസ്ത്രപരമായി ഒരുപാടു പ്രത്യേകതകളുള്ള വയനാട്ടില്‍ ഇവിടുത്തെ കര്‍ഷകരും സാധാരണക്കാരും മാത്രമേ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നിലനിന്നിട്ടുള്ളു. വനം-പരിസ്ഥിതി സംരക്ഷണമെല്ലാം വനംവകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു മാറി നിന്ന പാരമ്പര്യമാണ് വയനാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളത്. ഇനിയിപ്പോള്‍ വന സംരക്ഷണവുമായി വനംവകുപ്പ് ഇറങ്ങിയാല്‍ത്തന്നെ അവരെ വേട്ടയാടാനും ജനങ്ങളെ ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ഇവിടുത്തെ കക്ഷികളെല്ലാംതന്നെ ശ്രമിച്ചിട്ടുള്ളത്.

ഇപ്പോള്‍ തണ്ണീര്‍ത്തടങ്ങളിലും അരുവികളിലും ഡിവൈഎഫ്ഐ ചെയ്യുന്ന തടയണ നിര്‍മ്മാണം എത്രകാലം ചെയ്യാനാവുമെന്നുള്ളത് മറ്റൊരു കാര്യം. എങ്കിലും ജലവും മണ്ണും മരങ്ങളും സംരക്ഷിക്കപ്പേടേണ്ടതിലേക്ക് ഡിവൈഎഫ്ഐ എത്തിച്ചേര്‍ന്നെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് വേണ്ടത്. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും യൂത്ത് ലീഗുമെല്ലാം ഇത്തരം പരിസ്ഥിതി-ജല സംരക്ഷണപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകതന്നെ വേണം. മാര്‍പ്പാപ്പയുടെ വാക്കുകള്‍ അംഗീകരിച്ചെങ്കിലും കെസിബിസിയും ക്രിസ്ത്യന്‍ സിവിക് ഫോറവുമെല്ലാം ഇത്തരം പ്രകൃതിസംരക്ഷണത്തിലേക്ക് വരേണ്ടതുണ്ട്. കാരണം നിങ്ങളുടെയെല്ലാം രാഷ്ട്രീയ നിലപാടിന്റെയും ചൂഷണത്തിന്റെയും മാഫിയസംസ്‌കാരത്തിന്റെ ഫലമാണിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഡിവൈഎഫ്ഐക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് മരണത്തിലേക്ക് നീങ്ങുന്ന വയനാടിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. വൈകിയുദിച്ചാലും വിവേകം, വിവേകം തന്നെയാണ്.