അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ല

അമിതമായി വെള്ളം കുടിക്കുന്നതും ഒരു രോഗാവസ്ഥയാണ് എന്നും വിലയിരുത്തപ്പെടുന്നു.

അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ല

ദിവസവും എട്ട് ഗ്ലാസില്‍ കുറയാതെ വെള്ളം കുടിക്കണം എന്നുള്ളത് നമ്മള്‍ പറഞ്ഞുകേട്ടു പഴകിയ കാര്യമാണ്. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും, സുഖകരമായ ദഹനപ്രക്രിയക്കും എന്ന് വേണ്ട എല്ലാറ്റിനും ഈ പതിവ് നല്ലതാണ് എന്നും നമ്മള്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ എവിടേയ്ക്ക് യാത്ര ചെയ്താലും നമ്മള്‍ മറക്കാതെ കയ്യില്‍ കുടിവെള്ളം കരുതുകയും ചെയ്യും.

എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളതിലും അധികം വെള്ളം കുടിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും എന്നും ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.


ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തിന് ഒരു ദിവസം ശരാശരി ഒന്നര ലിറ്റര്‍ മുതല്‍ രണ്ടു ലിറ്റര്‍ വരെ വെള്ളമാണ് ആവശ്യമുണ്ടാവുക. അതിലും അധികം അളവില്‍ വെള്ളം കുടിക്കുന്നത് സാധാരണഗതിയില്‍ ആരോഗ്യപരമായിരിക്കില്ല എന്നാണ് ഇവരുടെ പക്ഷം. ബോസ്റ്റണ്‍ മാരത്തണ്‍ മെഡിക്കല്‍ ഡയറക്ടറായ ഡോ: ആരോണ്‍ ബാഗ്ഗിഷും ഇതേ അഭിപ്രായം പങ്കു വയ്ക്കുന്നു. അമിതമായി വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നുള്ളത് ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഒരാള്‍ തനിക്ക് ആവശ്യമുള്ളതിലും അധികം വെള്ളം കുടിക്കുമ്പോള്‍ അയാളുടെ രക്തത്തിലെ ലവണാംശം (സോള്‍ട്ട് ലെവല്‍) നേര്‍ത്തതാകും. തന്മൂലം രക്തത്തിലെ ജലാംശം മറ്റു കോശങ്ങളിലേക്ക് കിനിയുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. രക്തത്തിലെ സോഡിയത്തിന്‍റെ അളവ് കുറയുന്ന അവസ്ഥയെന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. മെഡിക്കല്‍ ടേമിൽ ഇതിനെ 'ഹിപ്പോനാട്രിമിയ' എന്ന് വിളിക്കുമെന്നും ഡോ:ആരോണ്‍ പറയുന്നു.

ഈ അവസ്ഥ കാര്യമായി ബാധിക്കുന്നത് തലച്ചോറിനെയാണ്. കഠിനമായ തലവേദന, ഓര്‍മ്മക്കുറവ്‌, മനം പിരട്ടല്‍, തുടങ്ങിയവയായിരിക്കും ഈ അവസ്ഥ ബാധിക്കുന്നവരില്‍ സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങള്‍.

അമിതമായി വെള്ളം കുടിക്കുന്നത് ഒരു രോഗാവസ്ഥയാണ് എന്നും വിലയിരുത്തപ്പെടുന്നു. ആരോഗ്യം വര്‍ദ്ധിക്കാന്‍ വേണ്ടി ധാരാളം വെള്ളം കുടിക്കുകയും പിന്നീട് ഇത് മാറ്റാന്‍ കഴിയാത്ത ഒരു ശീലമാകുകയും ചെയ്യുന്നവരെ അക്വാഹോളിക്ക്സ് (aquaholics) എന്നാണ് പറയുന്നത്. പതിവായി വെള്ളം കുടിക്കുന്ന ഇടവേളകളില്‍ അതേ അളവില്‍ വെള്ളം ശരീരത്തില്‍ ലഭിച്ചില്ലെങ്കില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടമാകും.

ഗുരുതരമായ രോഗാവസ്ഥയും അമിതപാനം മൂലം സംഭവിക്കാം എന്ന് ഡോ:ആരോണ്‍ വിലയിരുത്തുന്നു. രക്തത്തിലെ ജലാംശം മറ്റു കോശങ്ങളിലേക്ക് കിനിയുവാനുള്ള സാധ്യത തലച്ചോറിനെയാണ് ബാധിക്കുന്നത് എങ്കില്‍ അവിടെ തലച്ചോറില്‍ നീര്‍ക്കെട്ട് ഉണ്ടാകാനുള്ള സാധ്യതകളും ഉണ്ട്. അപകടകരമായ ഈ അവസ്ഥയെ 'ബ്രയിന്‍ സ്ടെം ഹെര്‍ണിയേഷന്‍' എന്നാണ് പറയുന്നത്. തലയോട്ടിക്കുള്ളില്‍ ഇത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് ഇത് സ്പൈനല്‍ കോര്‍ഡിലേക്ക് വ്യാപിക്കുകയും ചെയ്യും. ഫലമായി ശരീരത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കു മാറ്റം ഉണ്ടാകുന്നു. എങ്കിലും ഇത് മരണകാരണമാകുവാനുള്ള സാധ്യതകള്‍ വിരളമാണ് എന്നും ഡോ:ആരോണ്‍ വിശദീകരിക്കുന്നു.

ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുക എന്നുള്ളതാണ് ഈ അവസ്ഥ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നുള്ളതിന്‍റെ സൂചനയാണ് ദാഹം.

ഇതിനോടൊപ്പം മൂത്രത്തിന്‍റെ നിറവും പരിശോധിക്കുക. ഇളം മഞ്ഞ നിറമുള്ളതാണ് ആരോഗ്യകരമായ അവസ്ഥ. മൂത്രത്തിന് അധികം മഞ്ഞ നിറമുണ്ടെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിനു ജലം ലഭ്യമല്ല എന്നും വളരെ നേര്‍ത്ത നിറമാണ് ഉള്ളതെങ്കില്‍ ശരീരത്തിലെ ജലാംശം കൂടുതലാണ് എന്നും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.