ചോരകുടിച്ച് മതിവരാതെ കൊച്ചിയുടെ രാത്രികളില്‍ ഡ്രാക്കുള ബൈക്കുകള്‍

പൂര്‍ണ്ണ ഗര്‍ഭിണിയെ ഇടിച്ചു തെറിപ്പിച്ച സൂപ്പര്‍ ബൈക്ക് കൊച്ചിയെ പേടിപ്പെടുത്തി. ശസ്ത്രക്രിയയിലൂടെ പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു- രക്തദാഹികളായി മാറുന്ന സൂപ്പര്‍ ബൈക്കുകള്‍ക്കു പിന്നാലെ ഒരന്വേഷണം

ചോരകുടിച്ച് മതിവരാതെ കൊച്ചിയുടെ രാത്രികളില്‍ ഡ്രാക്കുള ബൈക്കുകള്‍

ഡ്രാക്കുള ബൈക്കുകള്‍- കൊച്ചിയുടെ രാത്രികളിലും പകലുകളിലും ചോരകുടിക്കാനിറങ്ങുന്ന സൂപ്പര്‍ ബൈക്കുകളെ കൊണ്ട് പേടിച്ചു വിറയ്ക്കുകയാണ് കൊച്ചി.

മറ്റു നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും അവസ്ഥ വ്യത്യസ്ഥമല്ല.

രാത്രി പത്തു കഴിഞ്ഞാല്‍ പനമ്പള്ളി നഗര്‍, വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ബൈപ്പാസ് എന്നിവിടങ്ങളില്‍ കാശ് വെച്ചുള്ള സൂപ്പര്‍ബൈക്ക് റേസുകള്‍ നടക്കുന്നതായും സൂചനകളുണ്ട്. സൂപ്പര്‍ ബൈക്കുകള്‍ പാതിരാത്രികളില്‍ നിരവധി തവണ ഈ റോഡുകളില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെത്തിയ ഒട്ടുമിക്ക സൂപ്പര്‍ ബൈക്കുകളും കൊച്ചിയുടെ നിരത്തിലുണ്ട്.


സൂപ്പര്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങളില്ലാത്തവര്‍ മോഡിഫിക്കേഷനിലൂടെ സൂപ്പര്‍ ബൈക്കുകള്‍ സൃഷ്ടിക്കും. നേക്കഡ് ബൈക്കുകളായും ഗോസ്റ്റ് റൈഡേഴ്‌സ് നഗരത്തിലുണ്ട്- നിയന്ത്രണമില്ലാത്ത വേഗത്തില്‍ ആള്‍ സഞ്ചാരമില്ലാത്ത വഴികളില്‍ ഇവ ലഹരിവേഗങ്ങളിലേയ്ക്ക് ഗിയര്‍ മാറ്റുന്നു.

Image result for night stereet ride
സൂപ്പര്‍ ബൈക്കിന്റെ അമിതവേഗം കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയുടെ ചോര വീഴ്ത്തി. ശസ്ത്രക്രിയയിലൂടെ പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. യുവതി മരണത്തിന്റെ പിടുത്തം വിടാതെ വെന്റിലേറ്ററിലാണ്.

കേരളത്തിന് സൂപ്പര്‍ബൈക്കുകളോടുള്ള ആവേശം കൂടി വരികയാണ് അതോടോപ്പം അപകടങ്ങളും. തിരക്കൊഴിഞ്ഞ സമയത്ത് റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാരെ പോലും ഇടിച്ച് തെറിപ്പിച്ച് സൂപ്പര്‍ ബൈക്കുകള്‍ നിരത്തുകള്‍ കൊലക്കളമാക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉച്ചക്ക് രണ്ടു മണിയോടെ തിരക്കൊഴിഞ്ഞ സമയത്ത് റോഡ് മുറിച്ചു കടന്ന എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ സൂപ്പര്‍ ബൈക്ക് ഇടിച്ചിട്ടത്. ടെസ്റ്റ് ഡ്രൈവിംഗിനിടെ യുവാവ് നടത്തിയ അഭ്യാസ പ്രകടനമാണ് ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം ചോരയില്‍ മുക്കിയത്. ട്രാഫിക് ബ്ലോക്കില്‍ തിങ്ങിയും നിരങ്ങിയും റോഡ് മുറിച്ചു കടക്കാന്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുമ്പോഴാണ് ജീവനെടുത്തുള്ള സൂപ്പര്‍ബൈക്കുകളുടെ അഭ്യാസ പ്രകടനം...

കൊച്ചിയില്‍ സൂപ്പര്‍ബൈക്ക് ബാധ: സൂപ്പര്‍ബൈക്കുകളോടുള്ള ആരാധന യുവ തലമുറയുടെ രക്തത്തിലാണ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ 230 ഓളം സൂപ്പര്‍ബൈക്കുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 8000 ത്തോളം സൂപ്പര്‍ ബൈക്കുകളാണ് ഇവിടെയുള്ളതെന്നാണ് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ലഭ്യമായ കണക്ക്. കാല്‍ നടയാത്രക്കാരാണ് സൂപ്പര്‍ബൈക്കുകള്‍ കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

പനമ്പിളളി നഗറില്‍ ജൂലൈ 18 ന് സൈക്കിള്‍ യാത്രക്കാരനായ ബംഗാള്‍ സ്വദേശി സൂപ്പര്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരവാസ്ഥയിലായിരുന്നു.

Image result for night street ride

സൂപ്പര്‍ ബൈക്കുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍: സൂപ്പര്‍ ബൈക്കുകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാരായതു കൊണ്ട് നിയമം മൂലം ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് എറണാകുളം റേഞ്ച് ഐജി എസ് ശ്രീജീത്ത് ഐപിഎസ് നാരദാ ന്യൂസിനോട് പറഞ്ഞു.

സൂപ്പര്‍ ബൈക്ക് മൂലം മൂലമുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാനേ സാധിക്കൂ. ജില്ലയില്‍ സൂപ്പര്‍ ബൈക്കിടിച്ച് അപകടമരണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബൈക്ക് മോഡിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എസ് ശ്രീജിത്ത് നാരദാ ന്യൂസിനോട് പറഞ്ഞു.

കൃത്യമായ ട്രാഫിക് സംവിധാനങ്ങളുടെ അപര്യാപ്തതയും സൂപ്പര്‍ ബൈക്കുകളുടെ വില്‍പ്പനയില്‍ വന്ന ഗണ്യമായ വര്‍ദ്ധനയും റോഡുകളുടെ ശോചനീയാവസ്ഥയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. നഗരത്തില്‍ സൂപ്പര്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഗണ്യമായ തോതിലാണ് വര്‍ദ്ധിക്കുന്നതെന്ന് എറണാകുളം ഈസ്റ്റ് ട്രാഫിക് സിഐ ബിജോയി ചന്ദ്രന്‍ പറയുന്നു.

നിരത്തുകള്‍ ചോരക്കളമാക്കാന്‍ ആരെയും അനുവദിക്കരുതെന്നുള്ളതിനാല്‍ സൂപ്പര്‍ ബൈക്കുകള്‍ എവിടെ കണ്ടാലും കസ്റ്റഡിയില്‍ എടുക്കാറുണ്ട്. ബൈക്കുകള്‍ മോഡിഫിക്കേഷന്‍ നടത്തി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. വൈറ്റിലയില്‍ നടന്ന സംഭവം ഡ്രൈവറുടെ അനാസ്ഥ കൊണ്ടു സംഭവിച്ചതാണ്. പെണ്‍കുട്ടിയുടെ മുറിവും കൂടി പരിഗണിച്ച് ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്നും സിഐ പറഞ്ഞു.

സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ്?: വിദേശരാജ്യങ്ങളില്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്കു പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെ നമ്മുടെ നിരത്തുകള്‍ക്ക് അത്തരമൊരു നിയമം ഇല്ലാത്തതും ഒരു പഴുതാകുന്നുണ്ട്... നിലവില്‍ ഇന്ത്യയില്‍ ഗിയര്‍ ഇല്ലാത്തതും ഉള്ളതുമായ വാഹനം ഓടിക്കുന്നതിനായി രണ്ടു തരം ലൈസന്‍സാണ് ഉള്ളത്.

Image result for super bike over speed night

ഗിയര്‍ ഉള്ള വാഹനം ഓടിക്കാന്‍ അറിയാവുന്ന ആര്‍ക്കും സൂപ്പര്‍ബൈക്കുകള്‍ അടക്കമുള്ള ഇരുചക്രവാഹനം ഓടിക്കാമെന്നാണ് നിയമം. 500 സിസിയില്‍ മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല. നിലവില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ 27 ശതമാനവും ഉണ്ടാക്കുന്നത് ഇരുചക്രവാഹനങ്ങളാണെന്നാണ് ഗതാഗത മന്ത്രാലയം നല്‍കുന്ന വിവരം.

18 മുതല്‍ 25 വയസ്സു വരെയുള്ളവരാണ് സ്‌പോര്‍ട്‌സ്, റേസിങ് ബൈക്കുകളുടെ പൊതുവെയുളള ആരാധകര്‍.

കൊച്ചി, റോഡപകടങ്ങളുടെ നഗരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്ന പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനമാണു കേരളത്തിന്. സംസ്ഥാനത്തു റോഡപകടങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണു കൊച്ചിക്ക്.

അലക്ഷ്യമായ ഡ്രൈവിംഗും മദ്യപിച്ചു വാഹനം ഓടിക്കുന്നതുമാണു കേരളത്തിലെ അപകടങ്ങളിൽ പലതിന്റെയും കാരണമെന്ന് സുപ്രീംകോടതിയുടെ റോഡ്‌സുരക്ഷാ സമിതി വ്യക്തമാക്കിയിരുന്നു. 2015 ല്‍ റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാമതായിരുന്നു. 2016 ലും കേരളം അപകടങ്ങളുടെ കാര്യത്തില്‍ ഒന്നാമതു തന്നെയാണ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 2016 മെയ് വരെ 7,017 റോഡപകടങ്ങളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2015 ല്‍ 39,014 റോഡപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4196 പേര്‍ മരണമടഞ്ഞു. 29,096 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ്ങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ സെപ്തംബര്‍ 20, 2016 ലെ കണക്കനുസരിച്ച് 2,467 ഓളം വാഹനപകടങ്ങളാണ് ഇതു വരെ എറണാകുളത്തു റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2015 ല്‍ 3515 വാഹനപകടങ്ങളും 2014 ല്‍ 3430 വാഹനപകടങ്ങളും എറണാകുളത്തു റിപ്പോര്‍ട്ട് ചെയ്തു.

ബൈക്ക് മോഡിഫിക്കേഷന്‍ എന്ന കെണി: വിപണിയില്‍ ഇറങ്ങുന്ന മുന്‍നിര ബൈക്കുകള്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കണമെന്ന സ്ഥിതി വന്നതോടെയാണ് സൂപ്പര്‍ ബൈക്കുകളുടെ ആരാധകര്‍ മോഡിഫിക്കേഷന്‍ സെന്ററുകളെ ആശ്രയിക്കുന്നത്. കൊച്ചിയിലാണ് ഏറ്റവും കുടുതല്‍ ബൈക്ക് മോഡിഫിക്കേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നതെന്നും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പഴക്കമുളള 250 സിസിയില്‍ താഴെയുളള വാഹനങ്ങള്‍ക്ക് 30000 മുതല്‍ 70,000 രൂപ വരെയാണ് വില. വാഹനത്തിന്റെ ഘടനയക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ മോട്ടോര്‍ വെഹിക്കള്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമപ്രകാരം ബൈക്കിന്റെ നിറം മാത്രമാണ് മാറ്റാന്‍ കഴിയുക.

വന്‍തുക മുടക്കി സൂപ്പര്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തവരാണ് തങ്ങളുടെ ചെറിയ മോഡലുകളില്‍ മോഡിഫിക്കേഷന്‍ വരുത്തി സൂപ്പര്‍ ബൈക്കുകളോട് കിടപിടിക്കുന്ന തരത്തില്‍ ആക്കുന്നത്.

വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമല്ലാതെ വേറേ എന്തെങ്കിലും സാധനം ഘടിപ്പിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കു ബോധ്യമായാല്‍ നടപടിയെടുക്കാം. എന്‍ജിന്റെ ശക്തി വര്‍ധിപ്പിക്കുക, പിസ്റ്റണ്‍ മാറ്റുക, ഗംഭീര ശബ്ദമുളള എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍ ഘടിപ്പിക്കുക, ഡിസൈനില്‍ മാറ്റം വരുത്തുക, പുതിയ ടാങ്ക്, സൈഡ് ബാനര്‍, ടെയ്ൽ സസ്‌പെന്‍ഷന്‍ തുടങ്ങിയവ ഘടിപ്പിക്കുക തുടങ്ങി മോഡിഫിക്കേഷന് വേണ്ടി മാത്രം ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ചെലവാക്കുന്നവരുണ്ട്.

മോഡിഫിക്കേഷന്‍ അധികവും സൈലന്‍സറില്‍: മോഡിഫിക്കേഷനില്‍ ഏറ്റവും അധികം നടക്കുന്നത് സൈലന്‍സറുകളിലാണ്. ബൈക്കിന്റെ പെര്‍ഫോമന്‍സ് ഉയര്‍ത്തുന്ന സൈലന്‍സറുകളാണ് പ്രധാനമായും ഘടിപ്പിക്കുക.

എയര്‍ഫില്‍റ്ററിലും സൈലന്‍സറിലും മാറ്റം വരുത്തിയാണ് യുവാക്കള്‍ ബൈക്കിന്റെ പവര്‍ കൂട്ടുന്നത്. ശബ്ദം മാറ്റാന്‍ സൈലന്‍സറില്‍ ഡിഫ്യൂസര്‍ ഘടിപ്പിക്കും.

1988 ലെ മോട്ടോര്‍ വാഹന നിയമവും 1993 ലെ നിയമഭേദഗതിയും അനുസരിച്ച് ഇരുചക്രവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും ശബ്ദ പരിധി 80 ഡെസിബെല്‍ ആണ്. സൈലന്‍സറില്‍ ഉയര്‍ന്ന ബീറ്റുള്ള ബൈക്കുകള്‍ നിരത്തില്‍ ഇറക്കിയാൽ ഇവയുടെ ശബ്ദം 130 ഡെസിബെല്‍ കടക്കും. എന്നാല്‍ 500 മുതല്‍ 2500 രൂപ വരെ നല്‍കിയാല്‍ വര്‍ക്ക്‌ഷോപ്പില്‍ ബീറ്റ് കൂടിയതും കുറഞ്ഞതുമായി വിവിധ തരം സൈലന്‍സറുകള്‍ ലഭിക്കും.

15000 രൂപ വരെ മുന്തിയ ബൈക്കുകളുടെ സൈലന്‍സറുകള്‍ മാറ്റിവയ്ക്കുന്നതിനും ചെലവുണ്ട്.

മോഡിഫിക്കേഷന്‍ കുറ്റകരമെന്ന് ഹൈക്കോടതി: 29.02.2016 ല്‍ ഹൈക്കോടതി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചിരുന്നു. രൂപഘടനയില്‍ മാറ്റം വരുത്തിയ ബൈക്കിന്റെ ആര്‍സി ബുക്ക് പിടിച്ചെടുത്ത കൊച്ചിയിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തുള്ള പരാതിയിന്മേലാണ് ഹൈക്കോടതി ജസ്റ്റീസ് വി. ചിദംബരേഷിന്റെ വിധി.

എന്തൊക്കെ കാര്യങ്ങളാണ് കുറ്റകരം: 

1. സൈലന്‍സര്‍ മാറ്റി വലിയ ശബ്ദമുണ്ടാക്കി ചീറിപ്പായുന്നത് ജനങ്ങളുടെ കേള്‍വി ശക്തി കുറയ്ക്കുമെന്നും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുശാസിക്കുന്ന ശബ്ദപരിധി ടൂവീലറുകള്‍ പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ടൂവിലറുകള്‍ക്ക് 80 ഡെസിബൈല്‍ ആണ് ശബ്ദ പരിധി.

2. ടൂ വീലറുകള്‍ക്ക് കമ്പനി നല്‍കുന്ന ഹാന്‍ഡില്‍ ബാറില്‍ മാറ്റം വരുത്താന്‍ പാടില്ല.

3. സ്റ്റൈല്‍ കൂട്ടാന്‍ മഡ്ഗാര്‍ഡ് ഒഴിവാക്കാന്‍ പാടില്ല. യാത്രക്കാരുടെ ദേഹത്ത് ചെളി തെറിയ്ക്കുന്നത് കൊണ്ടാണിത്...

4. വാഹനനിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനു വിരുദ്ധമായി സീറ്റ് ചെരിച്ചു പിടിപ്പിക്കാന്‍ പാടില്ല.

5. പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള കൈപ്പിടിയും സാരി ഗാര്‍ഡും ഒഴിവാക്കാന്‍ പാടില്ല.

6. ഗ്ലെയര്‍ അടിക്കാത്ത ഹെഡ്‌ലൈറ്റുകള്‍ മാറ്റി കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

Read More >>