സര്‍ക്കാര്‍ ഫണ്ട് ലഭിച്ചില്ല; 33,067 ആദിവാസി വീടുകളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

ഐഎവൈ പദ്ധതിപ്രകാരം മാത്രം പൂര്‍ത്തിയാവാനുള്ളത് 18,296 വീടുകള്‍ കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിയെന്നും ആക്ഷേപം

സര്‍ക്കാര്‍ ഫണ്ട് ലഭിച്ചില്ല; 33,067 ആദിവാസി വീടുകളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: വിവിധ പദ്ധതികള്‍ പ്രകാരം സര്‍ക്കാര്‍ ഫണ്ട് ലഭ്യമാവാത്തതിനാല്‍ സംസ്ഥാനത്തെ 33,067 ആദിവാസി വീടുകളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. 2011-2016 കാലയളവിലെ മാത്രം കണക്കാണിത്. ആദിവാസികള്‍ ഏറ്റവും കൂടുതലുള്ള വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പണി പൂര്‍ത്തിയാവാത്ത ഏറ്റവും കൂടുതല്‍ വീടുകളുള്ളത്. സംസ്ഥാനത്തൊട്ടാകെ ഈ കാലയളവില്‍ ഇന്ദിരാ ആവാസ് യോജന (ഐഎവൈ) പദ്ധതിപ്രകാരം മാത്രം 18,296 വീടുകളാണ് പട്ടികവര്‍ഗ വികസനവകുപ്പിന്റെ അപാകത കൊണ്ട് നിര്‍മാണസ്വപ്‌നം അന്യമായിരിക്കുന്നത്. ഹഡ്‌കോ പദ്ധതിപ്രകാരം അനുവദിച്ച 17,472 വീടുകളില്‍ 2,695 എണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബാക്കി 14,777 വീടുകളുടെ തറ മാത്രമാണ് പണിതിരിക്കുന്നത്.


വീടുകളുടെ ഓരോ ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ മാത്രമാണ് അതിനുള്ള തുക സര്‍ക്കാരില്‍ നിന്നു ലഭിക്കുക. എന്നാല്‍ പരമ ദരിദ്രരായ ആദിവാസികളെ സംബന്ധിച്ചിടത്തോളം അടിത്തറ നിര്‍മിക്കാന്‍പോലുമുള്ള പണം കൈയിലുണ്ടാവില്ല. ഈ സാഹചര്യത്തില്‍ വായ്പ വാങ്ങിയും മറ്റും പലയിടത്തുനിന്നും സാധനസാമഗ്രികള്‍ സംഘടിപ്പിച്ച് ആദ്യഘട്ടം പൂര്‍ത്തീകരിച്ചാലും ബാക്കി പണിക്കുള്ള പണം കണ്ടെത്താന്‍ കഴിയാതെ വലയുന്ന അവസ്ഥയാണുള്ളത്. ബന്ധപ്പെട്ട വകുപ്പില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ടില്ലെന്ന ഉത്തരമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീടുകളുടെ പണി പാതിവഴിയില്‍ നിലക്കുന്നത്. വീട് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ നിലവിലുള്ള ചെറിയ വീട് പൊളിച്ചുമാറ്റി പകരം ഷെഡുകളിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. മഴ കനത്തതോടെ ഇവരുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്.

ആദിവാസി സങ്കേതങ്ങളില്‍ കൂടുതലും ഉള്‍വനങ്ങളിലും ദുര്‍ഘട മേഖലകളിലും ആയതിനാലും നിര്‍മാണസാമഗ്രികളുടെ വില ഉയര്‍ന്നിരിക്കുന്നതിനാലും നിലവില്‍ ഒരു കക്കൂസ് പണിയാന്‍ പോലും ഒന്നരലക്ഷത്തിനു മുകളില്‍ ചെലവുവരുന്ന സ്ഥിതിയാണുള്ളത്. അപ്പോഴാണ് കേവലം ഒരു ലക്ഷം രൂപ മാത്രം ഒരു വീടു പണിയാന്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ പെരുവഴിയിലാവാതിരിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് വര്‍ധിപ്പിക്കണമെന്നും അത് മുന്‍കൂറായി നല്‍കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം. കോണ്‍ട്രാക്ടര്‍മാരുടെ കൈയില്‍ ലഭിക്കുന്ന പണം മുഴുവനായി ആദിവാസികളുടെ പക്കലെത്തുന്നില്ലെന്നതാണ് മറ്റൊരു ആക്ഷേപം. ഇതിനുപിന്നില്‍ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള ഒത്തുകളിയുണ്ടെന്നാണ് ആരോപണം. അതിനാല്‍ ഒടുവില്‍ ചെറിയൊരു ഭാഗം മാത്രമാണ് ആദിവാസികളുടെ കൈകളിലെത്തുന്നത്.

അതേസമയം, മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ചവയില്‍ നിയമപ്രകാരം എഗ്രിമെന്റ് വച്ച വീടുകള്‍ക്ക് മറ്റു തടസ്സമൊന്നുമില്ലാതെ നിര്‍മാണം ആരംഭിക്കാനുള്ള തുക ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ വാദം. ഇതോടൊപ്പം വിവിധ പദ്ധതികള്‍ പ്രകാരം മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ച വീടുകളില്‍ നിര്‍മാണം പൂര്‍ത്തിയാവാത്തവയുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും അവ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി എകെ ബാലന്‍ കഴിഞ്ഞമാസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ വീടുകള്‍ ഉള്‍വനങ്ങളിലായതിനാല്‍ സാധനങ്ങളെത്തിക്കാനുള്ള ബുദ്ധിമുട്ടുകളും മറ്റും കണക്കിലെടുത്ത് ചുമട്ടുകൂലി അടക്കം വീടുനിര്‍മാണ ഗ്രാന്റ് മൂന്നരലക്ഷമായി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Representational Image

Read More >>