അജിതയുടെ ശരീരത്തിൽ 19 മുറിവുകൾ; കുപ്പു ദേവരാജിന്റെ ശരീരത്തിൽ 15 വെടിയേറ്റ പാടുകൾ; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

പ്രത്യാക്രമണമില്ലാതെ ഇവരെ പോലീസ് വെടിവെച്ചുകൊന്നുവെന്നതാണ് ഇവരുടെ ശരീരത്തിലെ മുറിവുകൾ നൽകുന്ന സൂചന.

അജിതയുടെ ശരീരത്തിൽ 19 മുറിവുകൾ; കുപ്പു ദേവരാജിന്റെ ശരീരത്തിൽ 15 വെടിയേറ്റ പാടുകൾ; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

വ്യഴാഴ്ച നിലമ്പൂർ കരുളായിയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യജമാണെന്ന് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനയുള്ളത്. പ്രത്യാക്രമണമില്ലാതെ ഇവരെ പോലീസ് വെടിവെച്ചുകൊന്നുവെന്നതാണ് ഇവരുടെ ശരീരത്തിലെ മുറിവുകൾ നൽകുന്ന സൂചന. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ ശരീരത്തിൽ 19 മുറിവുകളാണുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും നെഞ്ചിലാണ്.

കുപ്പു ദേവരാജിന്റെ ശരീരത്തിൽ 14 വെടിയുണ്ടകൾ തറച്ചതിന്റെ പാടുകളുണ്ട്. വൃക്ഷണം വെടിയേറ്റ് തകർന്ന നിലയിലാണ്. എന്നാൽ ഇവരുടെ ശരീരത്തിൽ ചെറുത്തുനിൽപ്പിന്റെ സൂചനകളൊന്നുമില്ല. നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ.


ഇവരുടെ ശരീരത്തിൽ ഏറ്റുമുട്ടലിനേക്കാളധികമായി ഏകപക്ഷീയമായ അക്രമത്തിന്റെ സൂചനകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇരു മൃതദേഹവും സിടിസ്കാൻ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുപ്പു ദേവരാജിന്റെ ശരീരത്തിൽനിന്നും പതിനൊന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തത്. അജിതയുടെ ശരീരത്തിൽനിന്നും അഞ്ചെണ്ണം കണ്ടെടുത്തു. അജിതയുടെ ശരീരത്തിൽ 19 വെടിയുണ്ടയേറ്റപാടുകളാണുള്ളത്.

തുർച്ചയായി വെടിയുതിർക്കാൻ കഴിയുന്ന തോക്കുകളുപയോഗിച്ചാണ് മാവോയിസ്റ്റുകളെ അക്രമിച്ചതെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ സർജന്മാരുടെ നിഗമനം.

അജിതയുടെ ആന്തരാവയവങ്ങൾ തകർന്ന നിലയിലാണ്. കൂടാതെ നട്ടെല്ലിന് പരിക്കുമുണ്ട്.  പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാഴാഴ്ച നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുള്ള വാദമാണ് ശക്തമാകുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകാനും ഇടയുണ്ട്.  മാവോയിസ്റ്റ് പ്രവർത്തകരെ പോലീസ് വെടിവെച്ചുകൊന്നതിനെത്തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടർന്ന് ഡിജിപി ലോക് നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

Read More >>