ബീഫിന്റെ പേരിലെ വേട്ട തീരുന്നില്ല; ഇറക്കുമതി ചെയ്യുന്ന മാട്ടിറച്ചി വില്‍ക്കാമെന്ന് കോടതി പറഞ്ഞിട്ടും മഹാരാഷ്ട്രയില്‍ വ്യാപാരികള്‍ക്ക് രക്ഷയില്ല

ഈ വര്‍ഷം മേയ് മാസത്തിലാണ് ഗോവധം നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചത്. എന്നാല്‍ ഗോവധനിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് കഴിക്കുന്നതിനു തടസ്സമില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ബീഫിന്റെ പേരിലെ വേട്ട തീരുന്നില്ല; ഇറക്കുമതി ചെയ്യുന്ന മാട്ടിറച്ചി വില്‍ക്കാമെന്ന് കോടതി പറഞ്ഞിട്ടും മഹാരാഷ്ട്രയില്‍ വ്യാപാരികള്‍ക്ക് രക്ഷയില്ല

മുംബൈ: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മാട്ടിറച്ചി കഴിക്കുന്നതിന് തടസ്സമില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിട്ടും മഹാരാഷ്ട്രയില്‍ വ്യാപാരികള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് ബീഫ് കൊണ്ടുവരുന്ന ട്രക്കുകള്‍ പശുസംരക്ഷണത്തിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാരെ ആക്രമിക്കുന്നത് പതിവ് സംഭവമാകുന്നുവെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന ബീഫ് ഉപയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ലാത്തത് തങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നും വ്യാപാരികള്‍ പറയുന്നു.


രണ്ടാഴ്ച മുമ്പ് കര്‍ണ്ണാടകയില്‍ നിന്നും മുംബൈയിലേക്ക് ബീഫ് കൊണ്ടുവരികയായിരുന്ന രണ്ട് ട്രക്കുകള്‍ ഗോസംരക്ഷക് സമിതി പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിയില്‍ തടഞ്ഞുനിര്‍ത്തി. ഇവര്‍ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തുവെന്ന് വ്യാപാരിയായ സാദിഖ് ഖുറേഷി പറയുന്നു. പൂണെയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവരെ കൊണ്ടുപോകുകയായിരുന്നു. ഒരു സ്‌റ്റേഷനില്‍ നിന്ന് വാഹനം പിന്നീട് വിട്ടുനല്‍കിയെന്നും പൊലീസ് നല്ല രീതിയിലാണ് പെരുമാറിയതെന്നും ഖുറേഷി പറയുന്നു. 'എന്നാല്‍ മറ്റൊരു സ്റ്റേഷനിലുള്ള വാഹനം ഇതുവരെ വിട്ടുനല്‍കിയിട്ടില്ല'-ഖുറേഷി പറഞ്ഞു

പൂണെയിലെ മാട്ടിറച്ചി വ്യാപാരിയായ സാദിഖ് ഖുറേഷി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ബീഫ് ഇറക്കുമതി ചെയ്യുന്നത്. മുമ്പ് ഇറച്ചിയ്ക്കായി അറവുശാല നടത്തിയിരുന്നെങ്കിലും കോടതി ഉത്തരവിന് ശേഷം ഇറക്കുമതിയിലേക്ക് തിരിയുകയായിരുന്നുവെന്നും ഖുറേഷി പറയുന്നു. ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച അജ്ഞതയാണ് തുടര്‍ച്ചയായ അക്രമങ്ങള്‍ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

ഈ വര്‍ഷം മേയ് മാസത്തിലാണ് ഗോവധം നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം ഹൈക്കോടി ശരിവച്ചത്. എന്നാല്‍ ഗോവധനിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് കഴിക്കുന്നതിനു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവിന് പിന്നാലെ ബീഫ് വിഭവങ്ങൾ മെനുവിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകാര്‍ പൂര്‍ണ്ണമായും നീക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്ന ബീഫിന്റെ ഗുണമേന്മയിലുളള സംശയമാണ് ഇതിന് കാരണമെന്ന് അവര്‍ പറയുന്നു. നിരവധി ചെറുകിട ഹോട്ടലുകളും ബീഫ് വിളമ്പുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാട്ടിറച്ചി ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് മുംബൈയിലെ ബീഫ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ''പാവപ്പെട്ട ജനങ്ങളായിരുന്നു ബീഫ് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന ബീഫിന് വില കൂടുതലായതും ദിവസങ്ങളോളം സംഭരിച്ച് വെക്കുന്നതും ലാഭകരമല്ല''-അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അലി ഖുറേഷി പറയുന്നു.

ഗോവധ നിരോധനത്തിന് ശേഷം ബീഫ് സൂക്ഷിക്കുന്നതിനുള്ള ശീതീകരിച്ച സ്റ്റോറേജുകള്‍ മിക്കതും മുംബൈയില്‍ അടച്ചു പൂട്ടിയിരുന്നു. നിലവില്‍ മത്സ്യം ഇറക്കുമതി ചെയ്ത് സൂക്ഷിക്കുന്നുണ്ടെങ്കിലും കോടതി ഉത്തരവിലെ അവ്യക്തതയാണ് ബീഫിന്റെ കാര്യത്തില്‍ തടസ്സമെന്ന് മാര്‍വല്‍ കോള്‍ഡ് സ്‌റ്റോറേജ് ഉടമകള്‍ വ്യക്തമാക്കുന്നു.

ഇറക്കുമതി ചെയ്ത ബീഫ് ഉപയോഗിക്കാമെന്ന കോടതി ഉത്തരവ് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചു നല്‍കിയാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കുറച്ചെങ്കിലും ഇല്ലാതാക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇറക്കുമതി ചെയ്ത ബീഫ് ഉപയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 28ന് സുപ്രീം കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

Read More >>