ചില്ലറയില്ലെങ്കില്‍ ടിക്കറ്റുമില്ല, മരുന്നുമില്ല; കേന്ദ്രത്തിന്റെ ഇരുട്ടടിയില്‍ വലഞ്ഞ് പൊതുജനം

പലചരക്കു കട മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള സ്ഥാപനങ്ങളില്‍ എത്തിയ ആയിരങ്ങളാണ് ചില്ലറയില്ലാത്തതിനാല്‍ വലഞ്ഞത്. ബാങ്കുകളും എടിഎമ്മുകളും അവധിയായതാണ് ദുരിതത്തിന്റെ ആക്കം കൂട്ടിയത്. പുതിയ നോട്ടുകളുടെ വിന്യാസം ലക്ഷ്യമിട്ടാണ് ബാങ്കുകള്‍ ഇന്ന് അടച്ചിടത്. എന്നാല്‍ നാളെ തുറന്നുപ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. നാളെയും കൂടി എടിഎമ്മുകള്‍ അവധിയായതിനാല്‍ ബാങ്കുകളിലേക്കുള്ള ജനത്തിന്റെ കുത്തൊഴുക്ക് നിയന്ത്രണാധീതമായിരിക്കും.

ചില്ലറയില്ലെങ്കില്‍ ടിക്കറ്റുമില്ല, മരുന്നുമില്ല; കേന്ദ്രത്തിന്റെ ഇരുട്ടടിയില്‍ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ ഞൊടിയിടയില്‍ പിന്‍വലിച്ചതോടെ ദുരിതത്തിലായി ജനം. പലചരക്കു കട മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള സ്ഥാപനങ്ങളില്‍ എത്തിയ ആയിരങ്ങളാണ് ചില്ലറയില്ലാത്തതിനാല്‍ വലഞ്ഞത്. ബാങ്കുകളും എടിഎമ്മുകളും അവധിയായതാണ് ദുരിതത്തിന്റെ ആക്കം കൂട്ടിയത്. പുതിയ നോട്ടുകളുടെ വിന്യാസം ലക്ഷ്യമിട്ടാണ് ബാങ്കുകള്‍ ഇന്ന് അടച്ചിട്ടത്. എന്നാല്‍ നാളെ തുറന്നുപ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. നാളെയും കൂടി എടിഎമ്മുകള്‍ അവധിയായതിനാല്‍ ബാങ്കുകളിലേക്കുള്ള ജനത്തിന്റെ കുത്തൊഴുക്ക് നിയന്ത്രണാധീതമായിരിക്കും. ഈ സാഹചര്യത്തില്‍ അധിക ജോലി ചെയ്യേണ്ടിവരുമെന്നിരിക്കെ പഴയ സ്റ്റാഫുകളെ തിരിച്ചുവിളിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇനി പരിധിയില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കാനിടയുണ്ട്. ഇങ്ങനെ വന്നാല്‍ പതിവ് അവധി ദിനമായ രണ്ടാം ശനിയാഴ്ച കൂടി തുറന്നുപ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയേക്കുമെന്ന് ചില മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇതുവരെയില്ലാതിരുന്ന ഒരു അവസ്ഥ പുതുതായി സൃഷ്ടിക്കപ്പെടുമ്പോള്‍ നിലവിലെ ജീവനക്കാര്‍ നിസഹകരണം പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഞായറാഴ്ചയാണ് മറ്റൊരു അവധി. തുടര്‍ന്ന് തിങ്കളാഴ്ച ഗുരുനാനാക് ജയന്തി ദിനത്തില്‍ ഉത്തരേന്ത്യയിലെ ബാങ്കുകള്‍ പൊതുഅവധിയാണ്. ഇതാണ് മറ്റൊരു പ്രതിസന്ധി. ഇതൊക്കെയും സാമ്പത്തിക രംഗത്ത് കടുത്ത അനിശ്ചിതത്വത്തിന്‌ വഴിവെക്കുമെന്നാണ് വിദഗ്ധാഭിപ്രായം.


അതേസമയം, ബാങ്ക് ഇടപാടുകളും എടിഎം കാര്‍ഡുമില്ലാത്ത നിരവധി സാധാരണക്കാര്‍ തങ്ങളുടെ നിത്യ ചെലവിനായി കൈയില്‍ കരുതിയ നോട്ടുകള്‍ കൊണ്ട് വീട്ടുസാധനങ്ങള്‍ പോലുംവാങ്ങാനാവാതെ വട്ടംകറങ്ങി. അതിരാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടറിനും ലോക്കല്‍ ടിക്കറ്റ് കൗണ്ടറിനും മുന്നിലെത്തിയ യാത്രക്കാരില്‍ ഭൂരിഭാഗവും 500 ഉം 1000 ഉം രൂപ നല്‍കിയതോടെ എല്ലാവര്‍ക്കും ബാക്കി നല്‍കാനാവാതെ ജീവനക്കാരും കുഴങ്ങി. ഇതോടെ ചില്ലറയില്ലാതെ ടിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കമായി. കെഎസ്ആര്‍ടിസി തമ്പാനൂര്‍ ടെര്‍മിനലിലെ റിസര്‍വേഷന്‍ കൗണ്ടറിലും സ്ഥിതി മറിച്ചായിരുന്നില്ല. ടിക്കറ്റിനായി വലിയ നോട്ടുകള്‍ നല്‍കുന്നവരുടെ എണ്ണം കൂടിയതോടെ ബാക്കി നല്‍കാനാവാതെ അധികൃതര്‍ ബുദ്ധിമുട്ടി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകളിലും ചില്ലറയില്ലാത്തതിന്റെ പേരില്‍ യാത്രികരും കണ്ടക്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. എല്ലാവരും 500ഉം 1000ഉം തന്നാല്‍ തങ്ങള്‍ എവിടെപ്പോയി ചില്ലറയുണ്ടാക്കുമെന്നാണ് കണ്ടക്ടര്‍മാര്‍ ചോദിക്കുന്നത്. 500ഉം 1000ഉം കട ഉടമകള്‍ നിരസിക്കുന്നതോടെ ഇവിടങ്ങളില്‍ സാധനം വാങ്ങാനെത്തിയവരും
വിഷമസന്ധിയിലായി.

പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയില്‍ മാത്രമേ ഈ നോട്ടുകള്‍ സ്വീകരിക്കൂ എന്നാണ് മാര്‍ഗനിര്‍ദേശമെന്നിരിക്കെ ജനങ്ങള്‍ കൂട്ടത്തോടെ ഇവയെ ആശ്രയിച്ചത് പ്രതിസന്ധി വര്‍ധിപ്പിച്ചു. ബാക്കി നല്‍കാന്‍ 100ഉം 50ഉം രൂപയുടെ നോട്ടുകള്‍ തീര്‍ന്നതിനാല്‍ പല പെട്രോള്‍ പമ്പുകളും രാവിലെ തന്നെ പൂട്ടി. ഉത്തരവ് ഇറങ്ങിയ ഇന്നലെ രാത്രിതന്നെ കൈയിലുള്ള 'അസാധു' നോട്ടുകള്‍ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ എല്ലാവരും കൂടി വാഹനവുമായി പെട്രോള്‍ പമ്പുകളിലേക്കെ പായുകയായിരുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായ പമ്പ് അധികൃതര്‍ 500 രൂപ നല്‍കിയവര്‍ക്കെല്ലാം അതിനുള്ള പെട്രോള്‍ അടിച്ചുനല്‍കി തടിയൂരുകയായിരുന്നു. വിവിധ രോഗങ്ങള്‍ക്ക് ചികില്‍സ തേടാനായി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരും വെട്ടിലായി. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുള്ള മരുന്നിനും പരിശോധനാ ഫീസിനും 500 രൂപാ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന മറുപടിയായിരുന്നു ജീവനക്കാരില്‍ നിന്നുണ്ടായതെന്ന് രോഗികള്‍ പറയുന്നു. ഇതോടെ ബാങ്കുകളും എടിഎമ്മുകളും അവധിയായതിനാല്‍ നോട്ടുകള്‍ മാറാന്‍ കഴിയാതെ പലരും മരുന്നുവാങ്ങാതെ തിരിച്ചുപോവേണ്ട സ്ഥിതിയുണ്ടായി. ഇതിനിടെ പണമിടപാടുകള്‍ മുടങ്ങിയതോടെ പല പോസ്റ്റ് ഓഫീസുകളും നേരത്തെതന്നെ അടച്ചു. കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നടപടി ചെറുകിട വിപണിയേയും സാരമായി ബാധിച്ചു. കടകളിലേക്ക് സാധനമെടുക്കാന്‍ ചെല്ലുമ്പോള്‍ മൊത്തക്കച്ചവടക്കാര്‍ വലിയ നോട്ടുകള്‍ വാങ്ങാന്‍ കൂട്ടാക്കാത്തതാണ് ഇത്തരക്കാരെ ബുദ്ധിമുട്ടിലാക്കിയത്. നാളെമുതല്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ അളവ് കുറച്ചതാണ് മറ്റൊരു പ്രശ്‌നം. ഒറ്റത്തവണ പിന്‍വലിക്കാവുന്ന തുക എടിഎമ്മില്‍ നിന്ന് 10,000 ഉം ബാങ്കില്‍ നിന്ന് 20,000 രൂപയുമായാണ് കുറച്ചത്.

Read More >>